| Tuesday, 8th June 2021, 3:46 pm

മെഹുല്‍ ചോക്‌സി സമ്മാനിച്ച ആഭരണങ്ങളെല്ലാം വ്യാജമായിരുന്നു; തന്റ പേര് കേസില്‍ വലിച്ചിഴച്ചതാണെന്നും സുഹൃത്ത് ബാര്‍ബറ ജറാബിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബാങ്ക് തട്ടിപ്പു കേസ് പ്രതിയായ വജ്രവ്യാപാരി മെഹുല്‍ ചോക്സിയെ തട്ടിക്കൊണ്ടു പോയെന്നു പറയപ്പെടുന്ന സംഭവത്തില്‍ തനിക്കു പങ്കില്ലെന്ന് അദ്ദേഹത്തിന്റെ കാമുകിയും സുഹൃത്തുമായിരുന്ന ബാര്‍ബറ ജറാബിക്ക.

മെഹുല്‍ ചോക്‌സിയുടെ അഭിഭാഷകരും കുടുംബാംഗങ്ങളും കൂടിയാണു തന്റെ പേരു കേസില്‍ വലിച്ചിഴച്ചതെന്നും ജറാബിക്ക പറഞ്ഞു. ഇന്ത്യാടുഡേയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികരണം.

മെഹുല്‍ ചോക്‌സി ആന്റിഗ്വയില്‍ വെച്ചാണു തന്നെ കാണാന്‍ വരുന്നത്. രാജ് എന്നാണു സ്വയം പരിചയപ്പെടുത്തിയതെന്നും അവര്‍ പറഞ്ഞു.

‘ചോക്‌സി എന്റെ സുഹൃത്തായിരുന്നു. തുടര്‍ന്നാണു പ്രണയത്തിലാകുന്നത്. അന്ന് അദ്ദേഹം എനിക്ക് വജ്ര മോതിരവും മാലകളും സമ്മാനിച്ചു. പിന്നീടാണ് അതെല്ലാം മുക്കുപണ്ടങ്ങളാണെന്ന് അറിഞ്ഞത്. ഞാനും എന്റെ കുടുംബവും കടുത്ത മാനസിക പ്രയാസത്തിലാണ്,’ ജറാബിക്ക പറഞ്ഞു.

ജറാബിക്കയുടെ വീട്ടില്‍ നിന്നാണു തന്നെ തട്ടിക്കൊണ്ടു പോയതെന്നാണ് ആന്റിഗ്വ പൊലീസിനു മെഹുല്‍ ചോക്‌സി എഴുതിയ കത്തില്‍ ആരോപിക്കുന്നത്. അവിടെ നിന്നും ബോട്ടില്‍ തന്നെ ഡൊമിനിക്കയിലേക്കു കൊണ്ടു പോയെന്നും ചോക്‌സി പറഞ്ഞിരുന്നു.

ബോട്ടില്‍ ഇന്ത്യാക്കാരുമുണ്ടായിരുന്നെന്നു പറയുന്ന ചോക്‌സി തന്നെ ബര്‍ബുഡയിലേക്കു കടത്തിക്കൊണ്ടു പോവുകയായിരുന്നുവെന്നാണു പറഞ്ഞത്.

അതേസമയം, ചോക്സിയെ ഇന്ത്യയിലേക്കു തിരികെ അയക്കാമെന്നു ഡൊമിനിക അറിയിച്ചിട്ടുണ്ട്. എന്നാല്‍ കോടതിയില്‍ ഇപ്പോഴും വാദം തുടര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ ചോക്സിയെ ഇന്ത്യയിലെത്തിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഡൊമിനിക്കന്‍ സര്‍ക്കാര്‍ ഇന്ത്യയുടെ വാദം അംഗീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ചോക്സിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ ദ്രുതഗതിയിലാക്കാനാണ് അന്വേഷണ ഏജന്‍സികളുടെ തീരുമാനം.

ആയിരക്കണക്കിനു കോടികളുടെ തട്ടിപ്പു നടത്തിയ ശേഷം രാജ്യത്തു നിന്നും കടന്നുകളഞ്ഞ മെഹുല്‍ ചോക്സി ഇന്ത്യ അന്വേഷിക്കുന്ന പ്രധാന കുറ്റവാളികളിലൊരാളാണ്. കരീബിയന്‍ ദ്വീപായ ആന്റിഗ്വ ആന്റ് ബാര്‍ബുഡയിലായിരുന്നു 2018 മുതല്‍ ചോക്സി കഴിഞ്ഞിരുന്നത്.

മേയ് അവസാന വാരത്തിലാണു ചോക്സി ഡൊമിനികയില്‍ വെച്ചു പിടിയിലായത്. ക്യൂബയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണു ചോക്സി പിടിയിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ചോക്സി നടത്തിയ 14,000 കോടിയുടെ തട്ടിപ്പിന്റെ അന്വേഷണം അടുത്തിടെ കൂടുതല്‍ ശക്തിപ്പെടുത്തിയിരുന്നു.
കേസ് അന്വേഷിക്കുന്ന സി.ബി.ഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചോക്സിയെ രാജ്യത്തു തിരികെയെത്തിക്കാനുള്ള നിയമനടപടികള്‍ വേഗത്തിലാക്കിയിരുന്നു. തുടര്‍ന്നു ദ്വീപില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു ചോക്സി. മേയ് പകുതിയോടെ ഇയാളെ ആന്റിഗ്വയില്‍ നിന്നും കാണാതായി.

ബോട്ടില്‍ മറ്റൊരു കരീബിയന്‍ ദ്വീപായ ഡൊമിനിക്കയില്‍ എത്തിയ ഇയാള്‍ അവിടെ നിന്നും ക്യൂബയിലേക്കു കടക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ചോക്സിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതിനാല്‍ ഡൊമിനിക പൊലീസിന്റെ പിടിയിലാവുകയായിരുന്നു.

ഒളിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചതു ചോക്സിക്കു തിരിച്ചടിയാകുമെന്നും ആന്റിഗ്വയില്‍ നിന്നും ചോക്സിയെ വിട്ടുകിട്ടാനായി ഇന്ത്യ നല്‍കിയ ഹരജിയെ സഹായിക്കുമെന്നുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികരണം.

എന്നാല്‍ മെഹുല്‍ ചോക്സിക്കു ആന്റിഗ്വയിലെ പൗരത്വമാണുള്ളത് എന്നതുകൊണ്ട് ഇന്ത്യയിലേക്കു തിരികെ അയക്കാന്‍ സാധിക്കില്ലെന്നായിരുന്നു ഡൊമിനികയുടെ നിലപാട്. പൗരനെന്ന നിലയിലുള്ള സംരക്ഷണം ആന്റിഗ്വയില്‍ ലഭിക്കുമെന്നും അതിനാല്‍ ഡൊമിനികയില്‍ നിന്നും നേരിട്ട് ചോക്‌സിയെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളെ അറിയിച്ചിരുന്നുവെന്നായിരുന്നു ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ പറഞ്ഞത്.

ഈ നിയമകുരുക്കുകള്‍ മെഹുല്‍ ചോക്സിയുടെ മടക്കം നീണ്ടുപോകുന്നതിനു കാരണമാകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഡൊമിനിക നിലപാടില്‍ മാറ്റം വരുത്തിയത് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്കു പ്രതീക്ഷയാകുന്നുണ്ട്. എന്നാല്‍ ആന്റിഗ്വയില്‍ നിന്നും തട്ടിക്കൊണ്ടുവന്നതാണെന്ന ചോക്സിയുടെ വാദം കോടതി അംഗീകരിച്ചാല്‍ ഇന്ത്യ വീണ്ടും കുരുക്കിലാവും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Barbara Jarabica says she has no relation in the abduction of Mehul Choksi

Latest Stories

We use cookies to give you the best possible experience. Learn more