സിനിമാലോകത്തെ അന്ധവിശ്വാസങ്ങള്‍ പലപ്പോഴും പ്രേക്ഷകരെ അമ്പരപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യാറുണ്ട്. ഒരു സിനിമ ഹിറ്റാകാനും ഫ്‌ളോപ്പാകാനുമുള്ള കാരണം അതിന്റെ അണിയറപ്രവര്‍ത്തകര്‍ കണ്ടുപിടിക്കുകയും അതിനനുസരിച്ച് മുന്നോട്ട് നീങ്ങുകയും ചെയ്യുന്നത് സ്ഥിരം സംഭവമാണ്. സൈബര്‍ യുഗത്തിലും ചില അന്ധവിശ്വാസങ്ങള്‍ ചര്‍ച്ചയാകാറുണ്ട്.
അത്തരത്തിലുള്ള ഒന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. പ്രശസ്ത സിനിമാ നിരൂപകന്‍ ഭരദ്വാജ് രംഗന്‍ ഓരോ വര്‍ഷവും തനിക്ക് പ്രതീക്ഷയുള്ള ചിത്രങ്ങള്‍ ഏതെന്ന് പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ 2026ലെ പ്രതീക്ഷയുള്ള ചിത്രങ്ങള്‍ ഭരദ്വാജ് പുറത്തുവിട്ടു. കഴിഞ്ഞവര്‍ഷം ഇദ്ദേഹം പ്രതീക്ഷ വെച്ച സിനിമകളും ഈ വര്‍ഷത്തെ സിനിമകളും ചര്‍ച്ചാവിഷയമായിരിക്കുകയാണ്.
ഭരദ്വാജ് രംഗന്‍ Photo: Reddit
കഴിഞ്ഞവര്‍ഷം ഭരദ്വാജ് രംഗന്‍ പ്രതീക്ഷ വെച്ച സിനിമകളൊന്നും ബോക്‌സ് ഓഫീസില്‍ നിലം തൊട്ടിരുന്നില്ല. മമ്മൂട്ടി നായകനായ ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്, സല്‍മാന്‍ ഖാന്റെ സിക്കന്ദര്‍, കമല്‍ ഹാസന്‍ – മണിരത്‌നം കോമ്പോയുടെ തഗ് ലൈഫ്, ലോകേഷ് കനകരാജ്- രജിനി കോമ്പോയുടെ കൂലി, ശിവകാര്‍ത്തികേയന്റെ പരാശക്തി എന്നിവയായിരുന്നു കഴിഞ്ഞ വര്‍ഷം ലിസ്റ്റിലുണ്ടായിരുന്ന സിനിമകള്‍.
ഇതില്‍ ഒരു സിനിമ പോലും വിജയമായില്ലെന്ന് മാത്രമല്ല, പലതും ട്രോള്‍ മെറ്റീരിയലായി മാറി. ഇതോടെ ഭരദ്വാജ് രംഗന് പ്രതീക്ഷയുള്ള സിനിമകളില്‍ പ്രേക്ഷകരുടെ പ്രതീക്ഷ നഷ്ടപ്പെട്ടു. ഈ വര്‍ഷം പത്ത് സിനിമകളാണ് ഭരദ്വാജ് തെരഞ്ഞെടുത്തത്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലെ സിനിമകളാണ് ലിസ്റ്റിലുള്ളത്.
ഭരദ്വാജ് രംഗന്‍ Photo: Reddit
രണ്‍ബീര്‍ കപൂറിന്റെ ലവ് ആന്‍ഡ് വാര്‍, മമ്മൂട്ടി- മഹേഷ് നാരായണന്‍ കോമ്പോയുടെ പാട്രിയറ്റ്, നിതേശ് തിവാരി- രണ്‍ബീര്‍ ടീമിന്റെ ബ്രഹ്‌മാണ്ഡ ചിത്രം രാമായണ പാര്‍ട്ട് വണ്‍, പാ രഞ്ജിത് ഒരുക്കുന്ന വെട്ടുവം, ധനുഷിന്റെ കര, യഷ് നായകനാകുന്ന ടോക്‌സിക്, പ്രഭാസിന്റെ സ്പിരിറ്റ്, വെട്രിമാരന്‍- എസ്.ടി.ആര്‍ കോമ്പോയുടെ അരസന്‍, മലയാളത്തിന്റെ സ്വന്തം ദൃശ്യം 3, ബോളിവുഡ് ചിത്രം ധുരന്ധര്‍ 2 എന്നിവയാണ് ലിസ്റ്റിലെ ചിത്രങ്ങള്‍.
ഈ സിനിമകളുടെ ബോക്‌സ് ഓഫീസ് റിസല്‍ട്ട് ആലോചിച്ച് പേടിക്കണ്ട എന്നാണ് പല കമന്റുകളും. കഴിഞ്ഞവര്‍ഷത്തേത് പോലെ ഈ വര്‍ഷവും ആവര്‍ത്തിച്ചാല്‍ ഇരട്ടി പണിയാകുമെന്നും കമന്റുകളുണ്ട്. ഈ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത സിനിമകളുടെ ആരാധകര്‍ പങ്കുവെച്ച കമന്റുകളും ചിരിയുണര്‍ത്തി. ജന നായകന്‍, ജയിലര്‍ 2 എന്നീ സിനിമകള്‍ രക്ഷപ്പെട്ടെന്നാണ് ചിലരുടെ കമന്റ്.
ഭരദ്വാജ് രംഗന്‍ Photo: Reddit
എന്നാല് കഴിഞ്ഞവര്‍ഷം പ്രതീക്ഷ വെച്ച സിനിമകള്‍ പരാജയമായത് ഭരദ്വാജ് രംഗന്റെ കുഴപ്പമല്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഇഷ്ട നടനും സംവിധായകനും മിസ്റ്റേക്ക് പറ്റിയത് അംഗീകരിക്കാനാകാത്തവരാണ് മറ്റുള്ളവരെ പഴി ചാരുന്നതെന്നും കമന്റുകളുണ്ട്. ഇത്തരം അന്ധവിശ്വാസങ്ങള്‍ ഫലിക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.
Content Highlight: Baradwaj Rangan’s most anticipated movies of 2026 out now