തിയേറ്ററുകളില്‍ ഗംഭീര മുന്നേറ്റം നടത്തുകയാണ് കളങ്കാവല്‍. നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ 50 കോടിക്കടുത്ത് കളക്ഷന്‍ സ്വന്തമാക്കിക്കഴിഞ്ഞു. മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത പ്രകടനമാണ് കളങ്കാവലിന്റെ ഹൈലൈറ്റ്. എന്നാല്‍ ചിത്രത്തെക്കുറിച്ച് തമിഴ് യൂട്യൂബ് പേജ് ഗലാട്ടാ പ്ലസ് നല്‍കിയ റിവ്യൂവാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
ചിത്രത്തെക്കുറിച്ച് ഭരദ്വാജ് രംഗന്‍ സംസാരിച്ചു തുടങ്ങുന്ന ഭാഗം പല പേജുകളിലും ചര്‍ച്ചാവിഷയമായി മാറി. ചിത്രത്തിന്റെ കാസ്റ്റിങ്ങിനെക്കുറിച്ച് ആദ്യം തന്നെ എടുത്ത് പറയണമെന്ന് പറഞ്ഞുകൊണ്ടാണ് ഭരദ്വാജ് രംഗന്‍ റിവ്യൂ ആരംഭിക്കുന്നത്. വെളുത്ത് തുടുത്ത നല്ല ലുക്കുള്ള മമ്മൂട്ടിയും ഡാര്‍ക്ക് സ്‌കിന്നുള്ള വിനായകനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെന്ന് ഭരദ്വാജ് രംഗന്‍ പറയുന്നു.
ഭരദ്വാജ് രംഗന്‍ Photo: Screen grab/ Galatta plus
‘സ്വാഭാവികമായി ഉണ്ടാകുന്ന ടെംപ്‌റ്റേഷനില്‍ വിനായകനെ വില്ലനായും മമ്മൂട്ടിയെ പൊലീസുകാരനായും കാസ്റ്റ് ചെയ്യാന്‍ ശ്രമിക്കും. എന്നാല്‍ ഇവിടെ അങ്ങനെയല്ല. കളങ്കാവല്‍ ഈയൊരു നടപ്പുരീതിയെ തകര്‍ത്തിരിക്കുകയാണ്’ എന്നാണ് ഭരദ്വാജ് രംഗന്‍ പറഞ്ഞത്. സിനിമയുടെ കാസ്റ്റിങ്ങിനെ അഭിനന്ദിക്കുന്നതിനിടെ റേസിസ്റ്റ് പരാമര്‍ശമാണ് ഭരദ്വാജ് രംഗന്‍ നടത്തിയതെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.
കറുത്തവര്‍ എപ്പോഴും വില്ലനായും ദുഷ്ടനായും മാത്രം അഭിനയിക്കണമെന്ന് ഭരദ്വാജ് രംഗന്‍ പറയാതെ പറഞ്ഞെന്നാണ് പലരും പോസ്റ്റുകള്‍ പങ്കുവെക്കുന്നത്. എന്നാല്‍ മലയാളസിനിമ ഇപ്പോള്‍ പൊളിച്ചെഴുതുന്ന ക്ലീഷേയെ ഭരദ്വാജ് രംഗന്‍ അഭിനന്ദിക്കുകയാണ് ചെയ്യുന്നതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. അദ്ദേഹം ഉപയോഗിച്ച ഭാഷയാണ് പ്രശ്‌നമെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
വെളുത്ത നിറത്തെ ‘ഗുഡ് ലുക്കിങ്’ എന്ന് അഭിസംബോധന ചെയ്യുന്ന ഭരദ്വാജ് രംഗന്റെ ചിന്താഗതിയാണ് ചോദ്യം ചെയ്യപ്പെടേണ്ടതെന്നാണ് ഭൂരിഭാഗം പോസ്റ്റുകളും. സിനിമയും പ്രേക്ഷകരും പൊളിറ്റിക്കലി കറക്ടാകാന്‍ ശ്രമിക്കുന്ന ഇന്നത്തെ കാലത്ത് ഇത്തരം ചിന്താഗതി പങ്കുവെക്കുന്നത് ഒരു റിവ്യൂവര്‍ക്ക് ചേര്‍ന്നതല്ലെന്നും ചിലര്‍ അഭിപ്രായം പങ്കുവെച്ചു.
ഓരോ സിനിമയുടെ പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് സൂക്ഷ്മമായി പരിശോധിച്ച് അഭിപ്രായം പങ്കുവെക്കുന്ന ഭരദ്വാജ് രംഗന്‍ ഇത്തരത്തില്‍ റേസിസ്റ്റ് പരാമര്‍ശം നടത്തിയത് അംഗീകരിക്കാനാകുന്നില്ലെന്നും പോസ്റ്റുകളില്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ് കളങ്കാവലിന്റെ ഈ റിവ്യൂ.
Content Highlight: Baradwaj Rangan’s Kalamkaval review getting criticized