ന്യൂദൽഹി: ഹൈദരാബാദിലെ നൽസാർ നിയമ സർവകലാശാലയിലെ 2026 ബാച്ചിലെ വിദ്യാർത്ഥികളെ എൻറോൾ ചെയ്യിപ്പിക്കരുതെന്ന് ഉത്തരവ് പുറപ്പെടുവിച്ച ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബി.സി.ഐ) ചെയർപേഴ്സൺ മനന്‍ കുമാര്‍ മിശ്രക്കെതിരെ പ്രതിഷേധം. കോക്രോച്ച് ജനതാ പാർട്ടിയും (സി.ജെ.പി) തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയിത്ര അടക്കമുള്ള പ്രതിപക്ഷ പാർട്ടി നേതാക്കളും ബി.സി.ഐ ചെയർപേഴ്സണെതിരെ പ്രതിഷേധം രേഖപ്പെടുത്തി. മിശ്രയുടെ രാജിക്കായും സി.ജെ.പി ആവശ്യമുന്നയിച്ചു.
വിദ്യാർത്ഥികളുടെ എൻറോൾമെന്റ് വിലക്കുന്നതിന് പുറമെ സർവകലാശാലയിൽ എൻറോൾമെന്റ് ചടങ്ങിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പങ്കെടുക്കുന്നതിനെ എതിർത്ത വിദ്യാർത്ഥികളുടെ പേര് വിവരങ്ങൾ നൽകാനും ബി.സി.ഐ ഉത്തരവിൽ ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്ച (ഓഗസ്റ്റ് 13) വൈകിട്ടോടെയായിരുന്നു ബി.സി.ഐ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിഷേധത്തെത്തുടർന്ന് ഉത്തരവ് ഭാഗികമായി ബി.സി.ഐ പിൻവലിക്കുകയും ചെയ്തിരുന്നു.
വിദ്യാർത്ഥികളുടെ എൻറോൾമെന്റ് വിലക്കിക്കൊണ്ടുള്ള ഭാഗമാണ് ബി.സി.ഐ ഉത്തരവിൽ നിന്ന് പിൻവലിച്ചത്. എന്നാൽ സൂര്യകാന്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളുടെ വിവരം തേടിയുള്ള ഭാഗം ഉത്തരവിൽ നിന്ന് ബി.സി.ഐ പിൻവലിച്ചിട്ടില്ല.
ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നൽസാർ നിയമ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ഒരു വിദ്യാർത്ഥിയെയും എൻറോൾ ചെയ്യില്ലെന്നായിരുന്നു ബി.സി.ഐ ചെയർപേഴ്‌സൺ മനൻ കുമാർ മിശ്ര ആദ്യം പുറത്ത് വിട്ട ഉത്തരവിൽ പറഞ്ഞത്. ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ ബിരുദദാന ചടങ്ങിന് ക്ഷണിക്കരുതെന്ന് പ്രചാരണം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ മിശ്ര നൽസാറിൽ നിന്ന് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു.
പ്രതിഷേധത്തെത്തുടർന്ന് ഈ ഉത്തരവിൽ നിന്ന് വിദ്യാർത്ഥികളുടെ എൻറോൾമെന്റ് വിലക്കുന്ന ഭാഗം ഒഴിവാക്കി ബി.സി.ഐ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ പുതിയ ഉത്തരവിലും ‘ബിരുദദാന ചടങ്ങിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പങ്കെടുക്കുന്നതിനെ എതിർക്കുന്നതിനായി പ്രചാരണം നടത്തുന്നതിൽ പ്രധാന പങ്കുവഹിച്ചവരെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകണം’ എന്ന് ബി.സി.ഐ ആവശ്യപ്പെട്ടു.
സർവകലാശാലയിലെ 2026 ബാച്ചിലെ വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും നിരപരാധികളാണെന്നും ചില അധ്യാപകരും പുറത്ത് നിന്നുള്ളവരും വിദ്യാർത്ഥികളെ സ്വാധീനിച്ചെന്നും ഉത്തരവ് ഭാഗികമായി പിൻവലിച്ചുകൊണ്ടുള്ള പ്രസ്താവനയിൽ ബാർ കൗൺസിൽ അവകാശപ്പെടുന്നുണ്ട്. തുടർനടപടികൾ സ്വീകരിക്കുന്നതിന് മുമ്പ് നൽസാർ വൈസ് ചാൻസലറുടെ അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ബി.സി.ഐ അറിയിച്ചു. ‘ഒരു തെറ്റും ചെയ്യാത്ത ഒരു വിദ്യാർത്ഥിയെയും ബുദ്ധിമുട്ടിക്കരുത്,’ എന്നും പ്രസ്താവനയിൽ പറയുന്നു.
വിലക്ക് പിൻവലിച്ചത് പോലെ പ്രതിഷേധിച്ച കുട്ടികളുടെ വിശദാംശങ്ങൾ തേടിയ നടപടിയും പിൻവലിക്കണമെന്ന് സി.ജെ.പി ആവശ്യപ്പെട്ടു. സമാധാനപരമായി വിയോജിപ്പ് പ്രകടിപ്പിച്ച വിദ്യാർത്ഥികൾ വിയോജിപ്പ് പ്രകടിപ്പിച്ചതിന് അവർക്കെതിരെ അന്വേഷണം നടത്തണമെന്ന് ഇപ്പോഴത്തെ ഉത്തരവിലും ഉണ്ട്. അത് അടക്കം മൊത്തമായി ഉത്തരവ് പിൻവലിക്കണമെന്ന് സി.ജെ.പി വ്യക്തമാക്കി.
ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനെതിരായ ജനാധിപത്യ വിയോജിപ്പിന്റെ പേരിൽ നൽസാറിലെ ഒരു വിദ്യാർത്ഥിയും അന്വേഷണമോ വേട്ടയാടലോ നേരിടരുത്. വിദ്യാർത്ഥികളെ “അന്വേഷണം” നടത്തി ഭീഷണിപ്പെടുത്തുന്നത് നിർത്തുക. കത്ത് പൂർണ്ണമായും പിൻവലിക്കുകയും നൽസാർ വിദ്യാർത്ഥികൾക്കെതിരെ ഒരു നടപടിയും എടുക്കില്ലെന്ന് ഉറപ്പ് നൽകുകയും ചെയ്യണമെന്നും സി.ജെ.പി വക്താവ് സൗരവ് ദാസ് എക്സിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു. മനന്‍ കുമാര്‍ മിശ്ര 2012 മുതൽ കൗൺസിൽ തലപ്പത്തിരിക്കുയാണെന്നും ഇത് 2030 വരെ തുടരുമെന്നും മറ്റൊരു എക്സ് പോസ്റ്റിൽ സി.ജെ.പി വക്താവ് സൗരവ് ദാസ് ചൂണ്ടിക്കാട്ടി.
ബി.ജെ.പി രാജ്യ സഭാ അംഗമാണ് ബി.സി.ഐയിൽ തെരഞ്ഞെടുക്കപ്പെടാത്ത പ്രസിഡന്‍റായി തുടരുന്ന മിശ്രയെന്ന തൃണമൂൽ നേതാവ് മഹുവ മൊയിത്ര എക്സ് പോസ്റ്റിൽ പറഞ്ഞു. വിദ്യാർത്ഥികളുടെ നിരപരാധിത്വം നിശ്ചയിക്കാനുള്ള അവകാശം ബാർകൗൺസിലിന് ആരും നൽകിയിട്ടില്ലെന്നും മഹുവ പറഞ്ഞു. ബാർകൗൺസിലിലെ അംഗങ്ങളെല്ലാം പുരുഷൻമാരാണെന്നും ജനസംഖ്യയിൽ 49 ശതമാനവും സ്ത്രീകളായിരിക്കുമ്പോഴാണ് ബാർ കൗൺസിലിൽ ഇങ്ങനെ ഒരു അവസ്ഥ എന്നും മഹുവ ചൂണ്ടിക്കാട്ടി.
ബാർകൗൺസിൽ തലപ്പത്ത് നിന്ന് മിശ്രയുടെ രാജിക്കായി സി.ജെ.പി ആവശ്യപ്പെട്ടിട്ടുണ്ട്. വിവാദ ഉത്തരവും 2012 മുതൽ മിശ്ര സ്ഥാനത്ത് തുടരുന്നതും മിശ്രക്കെതിരായ ചില ആരോപണങ്ങളും ചൂണ്ടിക്കാട്ടിയാണ് സി.ജെ.പി ഈ കാര്യം ആവശ്യപ്പെടുന്നത്.
ബിസിഐ സ്ഥാപിച്ച ഒരു ട്രസ്റ്റ് വഴി മിശ്ര ഗോവയിൽ ഒരു നിയമ സർവകലാശാല നടത്തുന്നുണ്ടെന്നും ആന്ധ്രാപ്രദേശിലെ അമരാവതിയിൽ അത്തരമൊരു സർവകലാശാല ആരംഭിക്കാൻ പോകുന്നുണ്ടെന്നും പറഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്റും സൗരവ് എക്സിൽ പങ്കുവച്ചു. നൽസാറിനെ ദുർബലമാക്കി അമരാവതിയിൽ താൻ സ്ഥാപിക്കാൻ പോകുന്ന സർവകവാശാലയെ വളർത്താനാണ് മിശ്രയുടെ നീക്കമെന്നും ആ പോസ്റ്റിൽ പറയുന്നു.
‘മനന്‍ കുമാര്‍ മിശ്രയെക്കുറിച്ച് പുറത്തുവരുന്ന ഭയാനകമായ വിവരങ്ങള്‍ അയാള്‍ ഉടനടി രാജിവെക്കണമെന്ന് വ്യക്തമാക്കുന്നു. ഒരു ജനാധിപത്യത്തില്‍ അത് അനിവാര്യമാണ്. അത്തരം ഒരു ജനാധിപത്യം സൃഷ്ടിക്കാന്‍ കോക്രോച്ചുകള്‍ ഇവിടെയുണ്ട്. മിസ്റ്റര്‍ മിശ്ര, സമയം എത്തിക്കഴിഞ്ഞു,’ സൗരവ് ദാസ് എക്സ് പോസ്റ്റിൽ കുറിച്ചു.
രാജ്യസഭയിൽ സീറ്റ് നൽകിയതിന് ബി.ജെ.പിക്ക് പ്രത്യുപകാരം ചെയ്യുകയാണ് മിശ്രയെന്ന് സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെ ഒരു എക്സ് പോസ്റ്റിൽ പറഞ്ഞു. മനൻ മിശ്രയുടെ രാജിക്കായുള്ള സമയമായെന്നും ദീപ്കെ പറഞ്ഞു.
ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ ബിരുദദാന ചടങ്ങിലേക്ക് ക്ഷണിക്കുന്നതിനെതിരെ നൽസാറിലെ വിദ്യാർത്ഥികൾ പ്രതിഷേധമറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ബാർകൗൺസിലിന്റെ വിവാദ ഉത്തരവ്.
നീറ്റ് ക്രമക്കേടിനെതിരായ വിദ്യാർത്ഥി സമരത്തിന് നേർക്കുള്ള പൊലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട വീഡിയോ ഒരു അഭിഭാഷകൻ കാണിക്കാൻ ശ്രമിക്കവെ ചീഫ് ജസ്റ്റിസ് നടത്തിയ പരാമർശത്തിനെതിരെയായിരുന്നു നൽസാറിലെ വിദ്യാർത്ഥികളുടെ പ്രതിഷേധം. അഭിഭാഷകൻ വീഡിയോ കാണിക്കാൻ ശ്രമിച്ചപ്പോൾ ‘ദയവായി ഞങ്ങളുടെ സമയം പാഴാക്കരുത്, ഈ വീഡിയോകൾ കാണാൻ ഞങ്ങൾക്ക് സമയമില്ല,’ എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ചീഫ് ജസ്റ്റിസിന്റെ ആ പരാമർശത്തിനെതിരെയായിരുന്നു നൽസാർ വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്.
Content Highlight: Bar Council’s order Against NALSAR Students- CJP Demand Resignation of Manan Kumar Mishra