| Saturday, 24th January 2026, 11:18 am

മോദിയെ സ്വീകരിക്കാന്‍ നടപ്പാത കൈയേറി ബാനറുകള്‍ സ്ഥാപിച്ചു; 20 ലക്ഷം രൂപ പിഴയിട്ട് കോര്‍പ്പറേഷന്‍

രാഗേന്ദു. പി.ആര്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് നടപ്പാത കൈയേറി ഫ്ളക്സും കൊടികളും സ്ഥാപിച്ചതില്‍ പിഴയിട്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍. ബി.ജെ.പി സിറ്റി ജില്ലാ കമ്മിറ്റിയ്ക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. 20 ലക്ഷം രൂപയാണ് പിഴ.

ഇതുസംബന്ധിച്ച് ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റിന് കോര്‍പ്പറേഷന്‍ നോട്ടീസ് അയച്ചു. പൊതുസ്ഥലം കൈയേറി സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പാലിക്കാത്തതിനെ തുടര്‍ന്നാണ് കോര്‍പ്പറേഷന്റെ നടപടി.

നിലവില്‍ കൈമാറിയിരിക്കുന്ന നോട്ടീസിന് നിശ്ചിത സമയത്തിനുള്ളില്‍ മറുപടി ലഭിച്ചില്ലെങ്കില്‍ ഒരു തവണ കൂടി നോട്ടീസ് അയക്കും. അതിനും മറുപടി ഇല്ലെങ്കില്‍ രണ്ട് തവണയായി ഹിയറിങ് നടത്തും. ഹിയറിങ്ങിന് ഹാജരാകാത്ത പക്ഷം റവന്യൂ വകുപ്പ് ജപ്തി നടപടികളിലേക്ക് ഉള്‍പ്പെടെ കടക്കും.

അതേസമയം ബി.ജെ.പി ഭരണസമിതി അധികാരത്തിലുള്ള കോര്‍പ്പറേഷന്‍ തന്നെയാണ് പാര്‍ട്ടിക്കെതിരെ നടപടി എടുത്തിരിക്കുന്നത്. ഇന്നലെ (വെള്ളി) ആണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയത്.

ഇതിന് മുന്നോടിയായി ബുധന്‍, വ്യാഴം ദിവസങ്ങളിലായി സെക്രട്ടറിയേറ്റിന് സമീപം നടപ്പാത പൂര്‍ണമായും അടച്ചുകൊണ്ട് പ്രധാനമന്ത്രിയെ വരവേറ്റുകൊണ്ടുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയായിരുന്നു. ഇതിനെതിരെ സാമൂഹ്യമാധ്യങ്ങളില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.

പിന്നാലെ അനധികൃതമായി സ്ഥാപിച്ച ഫ്‌ളക്‌സുകള്‍ രണ്ട് മണിക്കൂറിനുള്ളില്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ പ്രസിഡന്റിന് കോര്‍പ്പറേഷന്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍ നടപ്പാതയ്ക്ക് കുറുകെ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ മാത്രമാണ് നീക്കം ചെയ്തത്. മറ്റുള്ളവ അതേ സ്ഥാനത്ത് തുടരുകയും ചെയ്തു.

ഇതേ തുടര്‍ന്നാണ് കോര്‍പ്പറേഷന്റെ നടപടി. തിരുവനന്തപുരം വിമാനത്താവളം മുതല്‍ പുത്തരിക്കണ്ടം മൈതാനം വരെയുള്ള റോഡില്‍ സ്ഥാപിച്ച ബോര്‍ഡുകളുടെ കണക്കെടുത്ത ശേഷം കോര്‍പ്പറേഷന്‍ പിഴ ചുമത്തുകയായിരുന്നു.

Content Highlight: Banners were placed on the sidewalk to welcome Modi, Corporation fined Rs. 20 lakh

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more