| Monday, 24th February 2025, 8:22 am

അതിഥി തൊഴിലാളികള്‍ക്ക് സ്വാഗതം; ടി.എം.സി സമ്മേളനത്തിന് വന്നവരെ പരിഹസിച്ച് ബാനര്‍; തൊഴിലാളികള്‍ തന്നെയാണ് ശക്തിയെന്ന് പി.വി.അന്‍വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഞ്ചേരി: തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രതിനിധ സമ്മേളത്തിന് എത്തിയവരെ പരിഹസിച്ച് സമ്മേളനം നടന്ന ഓഡിറ്റോറിയത്തിലേക്കുള്ള വഴിയില്‍ ബാനറുകള്‍. നമ്പര്‍ വണ്‍ കേരളത്തിലേക്ക് അതിഥി തൊഴിലാളികള്‍ക്ക് സ്വാഗതം എന്ന് ഹിന്ദിയിലും മലയാളിത്തിലും എഴുതിയ ബാനറുകളാണ് സമ്മേളനം നടന്ന പി.വി.ആര്‍. മെട്രോ വില്ലേജിലേക്കുള്ള വഴിയില്‍ പ്രത്യക്ഷപ്പെട്ടത്. പിണറായി വിജയന്റെ ചിത്രങ്ങളും ബാനറുകളിലുണ്ടായിരുന്നു.

ബാനറുകള്‍ക്ക് പിന്നില്‍ സി.പി.ഐ.എമ്മാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കേരള കണ്‍വീനര്‍ പി.വി. അന്‍വര്‍ പറഞ്ഞു. തൊഴിലാളികളോടുള്ള സി.പി.ഐ.എമ്മിന്റെ സമീപനമാണ് ഈ ബാനറിലൂടെ വ്യക്തമായതെന്നും പി.വി. അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. തൊഴിലാളി പാര്‍ട്ടിയാണെന്ന് അവകാശപ്പെടുകയും അവരെ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്ന സി.പി.ഐ.എമ്മിന്റെ സമീപനം തൊഴിലാളികളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊച്ചിയില്‍ മുതലാളിമാരെ ഉള്‍പ്പടെുത്തി ഇന്‍വെസ്റ്റ് കേരള സമ്മിറ്റ് നടത്തുന്നവര്‍ ഇവിടെ തൊഴിലാളികളെ അധിക്ഷേപിക്കുകയാണെന്നും പി.വി. അന്‍വര്‍ പറഞ്ഞു. ഇത് ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും ഈ തൊഴിലാളികള്‍ തന്നെയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തിയെന്നും അന്‍വര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മഞ്ചേരിയിലെ പി.വി.ആര്‍. വില്ലേജില്‍ വെച്ച് തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രതിനിധി സമ്മേളനം നടന്നത്. ടി.എം.സിയുടെ ദേശീയ നേതാക്കളായ മഹുവ മൊയ്ത്ര, ഡെറിബ് ഒബ്രയാന്‍ തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

സമ്മേളന നഗരിയിലേക്കുള്ള വഴിയായ മാലാംകുളത്താണ് ഈ ബാനറുകള്‍ പ്രത്യക്ഷപ്പെട്ടത്. ബാനറുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടി.എം.സി. പ്രവര്‍ത്തകര്‍ പ്രാദേശിക സി.പി.ഐ.എം നേതൃത്വത്തെ സമീപിച്ചിരുന്നെങ്കിലും ബാനറിന് പിന്നില്‍ തങ്ങളല്ല എന്നാണ് സി.പി.ഐ.എം മറുപടി നല്‍കിയത്.

content highlights: Guest workers are welcome; Banner mocking those who came to TMC meeting; PV Anwar said that the workers are the strength

We use cookies to give you the best possible experience. Learn more