| Wednesday, 13th April 2022, 10:57 am

രാജ്യത്തെ ബാങ്കുകള്‍ 2021ല്‍ എഴുതിത്തള്ളിയത് 2,02,781 കോടി രൂപയുടെ കിട്ടാക്കടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: 2020-’21 സാമ്പത്തികവര്‍ഷം രാജ്യത്തെ ബാങ്കുകള്‍ എഴുതിത്തള്ളിയത് 2,02,781 കോടി രൂപയുടെ കിട്ടാക്കടം.

കൂടുതല്‍ വായ്പ എഴുതിത്തള്ളിയത് പൊതുമേഖലാ ബാങ്കുകളാണ്. 1.32 ലക്ഷം കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകള്‍ തള്ളിയത്. കേന്ദ്ര ധനസഹമന്ത്രി ഡോ. ഭഗ്വത് കരാഡാണ് രാജ്യസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

2020-’21 സാമ്പത്തികവര്‍ഷം ഏറ്റവും കൂടുതല്‍ വായ്പകള്‍ എഴുതിത്തള്ളിയത് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ ആണ്. 34,402 കോടിരൂപയുടെ വായ്പകളാണ് തള്ളിയത്. യൂണിയന്‍ ബാങ്ക് 16,983 കോടി, പി.എന്‍.ബി. 15,877 കോടി എന്നിങ്ങനെ എഴുതിത്തള്ളി. സ്വകാര്യമേഖലയില്‍ 12,018 കോടി രൂപയുമായി ആക്സിസ് ബാങ്കാണ് മുന്നില്‍. ഐ.സി.ഐ.സി.ഐ. ബാങ്കിനിത് 9,507 കോടിയും എച്ച്.ഡി.എഫ്.സി. ബാങ്കിന് 9,289 കോടി രൂപയുമാണ്.

2021 ഡിസംബര്‍ 31-ലെ കണക്കുപ്രകാരം 5.60 ലക്ഷം കോടി രൂപയാണ് വാണിജ്യബാങ്കുകളിലെ മൊത്തം നിഷ്‌ക്രിയ ആസ്തി. 2018 മാര്‍ച്ച് 31-നിത് 8.96 ലക്ഷംകോടി രൂപയായിരുന്നു.

റിസര്‍വ് ബാങ്കിന്റെ കണക്കുപ്രകാരം പൊതുമേഖലാബാങ്കുകള്‍ 2019 സാമ്പത്തികവര്‍ഷം മുതല്‍ 2021 സാമ്പത്തികവര്‍ഷം വരെ കാലയളവില്‍ 3,12,987 കോടി രൂപയുടെ കിട്ടാക്കട വായ്പകള്‍ തിരിച്ചുപിടിച്ചിട്ടുണ്ട്. ഈ മൂന്നു സാമ്പത്തികവര്‍ഷങ്ങളിലായി കൂടുതല്‍ വായ്പാത്തുക എഴുതിത്തള്ളിയത് എസ്.ബി.ഐ. ആണ്. ആകെ 1.46 ലക്ഷം കോടി രൂപ. പി.എന്‍.ബി. 58,397 കോടി രൂപയും ബാങ്ക് ഓഫ് ബറോഡ 49,986 കോടി രൂപയും യൂണിയന്‍ ബാങ്ക് 49,449 കോടിയും എഴുതിത്തള്ളിയത്.

Content Highlights: Banks write off Rs 2.02 lakh crore in FY21; Rs 10.7 lakh crore crore in last 7 years

We use cookies to give you the best possible experience. Learn more