ന്യൂദല്‍ഹി: അനില്‍ അംബാനിയുടെയും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെയും പേരിലുള്ള വായ്പ അക്കൗണ്ടുകള്‍ ‘ഫ്രോഡ്’ പട്ടികയില്‍ ഉള്‍പ്പെടുത്തി ബാങ്ക് ഓഫ് ബറോഡയും. കമ്പനിയുടെ പ്രമോട്ടര്‍ ഡയറക്ടറായതിനാലാണ് അനില്‍ അംബാനിയുടെ അക്കൗണ്ടുകള്‍ ഫ്രോഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതെന്ന് ബാങ്ക് ഓഫ് ബറോഡ അറിയിച്ചു.
റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റന്‍ഡിനെ (ആര്‍കോം) ഫ്രോഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ വിവരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെയും മറ്റു അധികൃതരെയും അറിയിക്കുമെന്നും ബാങ്ക് ഓഫ് ബറോഡ പറഞ്ഞു. നേരത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ബാങ്ക് ഓഫ് ഇന്ത്യയും അനില്‍ അംബാനിക്കെതിരെ സമാനമായ നടപടി എടുത്തിരുന്നു.
2020 നവംബര്‍ പത്തിനാണ് എസ്.ബി.ഐ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനെ ഫ്രോഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. 2021 ജനുവരി അഞ്ചിന് സി.ബി.ഐയില്‍ പരാതിയും നല്‍കിയിരുന്നു.എന്നാല്‍ 2021 ജനുവരി ആറിന് ദല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച സ്റ്റാറ്റസ് കോ ഉത്തരവിനെ തുടര്‍ന്ന് ഈ പരാതി തള്ളപ്പെടുകയായിരുന്നു.
പിന്നീട് 2023 സെപ്റ്റംബര്‍ രണ്ടിന് ഫ്രോഡ് പട്ടികയില്‍ നിന്ന് അനില്‍ അംബാനിയുടെ കമ്പനിയെ എസ്.ബി.ഐ മാറ്റിയിരുന്നു. തുടര്‍ന്ന് 2025 ജൂലൈയില്‍ ആര്‍കോമിനെ വീണ്ടും എസ്.ബി.ഐ ഫ്രോഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. 2019 മുതല്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് പാപ്പരത്വ നടപടിയും നേരിടുന്നുണ്ട്.
ഇതിനിടെ അനില്‍ അംബാനിയെ കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു. ഏതെങ്കിലും ഒരു കമ്പനിയെയോ അതിന്റെ പ്രൊമോട്ടറെയോ ഒരു ബാങ്ക് ഫ്രോഡായി തരംതിരിച്ചാല്‍ പിന്നീട് ഈ കമ്പനിക്ക് ബാങ്ക് വായ്പകള്‍ നിഷേധിക്കപ്പെടും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും വായ്പ ലഭിക്കാതെ വരും.
നിലവില്‍ അനില്‍ അംബാനിക്കും കമ്പനിക്കുമെതിരായ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളിലായി അനില്‍ അംബാനിയുടെ വസതിയിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലുമായി ഇ.ഡിയും സി.ബി.ഐയും റെയ്ഡ് നടത്തിയിരുന്നു.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് പുറമെ മൊബൈല്‍ ടവര്‍ സ്ഥാപനമായ റിലയന്‍സ് ഇന്‍ഫ്രാടെല്‍ (ആര്‍.ഐ.ടി.എല്‍), ടെലികോം സേവന കമ്പനിയായ റിലയന്‍സ് ടെലികോം (ആര്‍.ടി.എല്‍), റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ (ആര്‍.സി.ഐ.എല്‍), നെറ്റിസണ്‍, റിലയന്‍സ് വെബ്‌സ്റ്റോര്‍ (ആര്‍.ഡബ്ല്യു.എസ്.എല്‍) എന്നീ കമ്പനികളും അന്വേഷണത്തിന്റെ പരിധിയിലുണ്ട്.
Content Highlight: Bank of Baroda puts Anil Ambani’s accounts on fraud list