ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര, കാന്താര, കുറുപ്പ് തുടങ്ങി ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ ഇന്‍ഡസ്ട്രിയില്‍ ശ്രദ്ധിക്കപ്പെട്ട കലാസംവിധായകനാണ് വിനേഷ് ബംഗ്ലാന്‍. തന്റെ സിനിമാ മോഹത്തെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ അദ്ദേഹം.
ആദ്യമേ സിനിമ തന്നെയായിരുന്നു ലക്ഷ്യമെന്നും അതിനായി കഠിനാധ്വാനം ചെയ്തുവെന്നും ബംഗ്ലാന്‍ പറയുന്നു. പിന്നീട് ഓരോ സിനിമയും ഓരോ അനുഭവങ്ങളായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇപ്പോള്‍ തെലുങ്കു തമിഴ് ചിത്രങ്ങളുടെ വര്‍ക്കുകളാണ് നടന്ന് കൊണ്ടിരിക്കുന്നത്. ആക്ഷന്‍ കൊറിയോഗ്രാഫേഴ്സ് ആയ അന്‍പ് അറിവ് മാസ്റ്റേഴ്‌സ് സംവിധാനം ചെയ്യുന്ന ആദ്യ സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈനറായി കരാറില്‍ ഒപ്പിട്ടു. കമലഹാസന്‍ സാറാണ് നായകന്‍.
വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന സൂര്യ 46, വെങ്കടേഷ് നായകനാകുന്ന തെലുങ്കു ചിത്രം, പിന്നെ റിഷബ് ഷെട്ടി നായകനാകുന്ന ചിത്രം, ജൂനിയര്‍ എന്‍.ടി.ആറിനൊപ്പമുള്ള പിരിയോഡിക്കല്‍ ചിത്രം എന്നിവയൊക്കെ അണിയറയില്‍ ഒരുങ്ങുന്നുണ്ട്,’ ബംഗ്ലാന്‍ പറഞ്ഞു.
സിനിമാപശ്ചാത്തലമുള്ള കുടുംബമല്ല തന്റേതെന്നും സിനിമ കരിയറാക്കുന്നതിനോട് കുടുംബത്തിന് താത്പര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂളിനടുത്തുള്ള മതിലുകളില്‍ പതിക്കുന്ന സിനിമാ പോസ്റ്ററുകള്‍ കണ്ടാണ് സിനിമയോട് തനിക്ക് ഇഷ്ടം തോന്നി തുടങ്ങിയതെന്നും ഒരിക്കല്‍ ‘ദി ലോര്‍ഡ് ഓഫ് ദ റിങ്‌സ് സിനിമയുടെ പോസ്റ്റര്‍ കണ്ടപ്പോള്‍ ഒരു കൗതുകം തോന്നിയിരുന്നുവെന്നും ബംഗ്ലാന്‍ കൂട്ടിച്ചേര്‍ത്തു.
ആ സിനിമ കാണാനായി കോഴിക്കോട് ക്രൗണ്‍ തിയേറ്ററില്‍ പോയെന്നും ഒരു അത്ഭുതലോകത്ത് എത്തിച്ചേര്‍ന്നത് പോലെയായിരുന്നു ആ അനുഭവമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Banglalan says he has a film coming up with Kamal Haasan and rishab shetty