| Tuesday, 26th May 2026, 10:38 pm

ബംഗാളില്‍ സര്‍ക്കാരിന്റെ ഹോള്‍ഡിങ് സെന്ററുകള്‍; കൂട്ടപ്പലായനം, തിരിച്ചുപോകാന്‍ നൂറുകണക്കിന് ബംഗ്ലാദേശികള്‍

ആദര്‍ശ് എം.കെ.

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അനധികൃത കുടിയേറ്റക്കാര്‍ക്കായി സംസ്ഥാനത്തുടനീളം ഹോള്‍ഡിങ് സെന്ററുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ, ബംഗ്ലാദേശിലേക്ക് മടങ്ങാന്‍ അതിര്‍ത്തിയില്‍ വന്‍ തിരക്ക്.

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഹക്കിംപൂര്‍ അതിര്‍ത്തിയിലാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടിയത്

രാജര്‍ഹാട്ട്, ന്യൂ ടൗണ്‍, ഡംഡം, ഹൗറ തുടങ്ങിയ ഇടങ്ങളില്‍ ജോലി ചെയ്തിരുന്ന ബംഗ്ലാദേശികളാണ് തങ്ങളുടെ സാധനസാമഗ്രികളുമായി അതിര്‍ത്തി കടക്കാന്‍ ഹക്കിംപൂര്‍ ബി.എസ്.എഫ് ചെക്ക് പോസ്റ്റില്‍ എത്തിയിരിക്കുന്നത്.

നൂറ്റമ്പതോളം പേര്‍ അതിര്‍ത്തി കടക്കാന്‍ അനുമതിക്കായി കാത്തുനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ‘ഡിറ്റക്ട്, ഡിലീറ്റ്, ഡീപോര്‍ട്ട്’ (detect, delete and deport) എന്ന പുതിയ നയത്തിന്റെ ഭാഗമായാണ് ഹോള്‍ഡിങ് സെന്ററുകള്‍ സ്ഥാപിക്കുന്നത്. മെയ് 23-നാണ് ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങിയത്.

സി.എ.എ പരിധിയില്‍ വരാത്ത അനധികൃത കുടിയേറ്റക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് ബി.എസ്.എഫിന് കൈമാറുമെന്നും തുടര്‍ന്ന് അവരെ നാടുകടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

അനധികൃതമായി താമസിക്കുന്നവരെയും കാലാവധി കഴിഞ്ഞ വിദേശ തടവുകാരെയും നാടുകടത്തുന്നത് വരെ പാര്‍പ്പിക്കാനാണ് ഈ കേന്ദ്രങ്ങള്‍ ഉപയോഗിക്കുക.

മാള്‍ഡ ജില്ലയിലെ ഇംഗ്ലീഷ് ബസാര്‍ ടൗണിലാണ് ആദ്യ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. ഇവിടെ നിലവില്‍ മൂന്ന് സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്ത ആറ് കുട്ടികളും ഉള്‍പ്പെടെ ഒമ്പത് ബംഗ്ലാദേശികളെ പാര്‍പ്പിച്ചിട്ടുണ്ട്.

മുര്‍ഷിദാബാദ് ജില്ലയിലെ ലാല്‍ഗോളയിലും സമാനമായ കേന്ദ്രം ഒരുക്കിയിട്ടുണ്ട്

അനധികൃത കുടിയേറ്റക്കാരെന്ന് സംശയിക്കപ്പെടുന്നവരെ 30 ദിവസം വരെ ഇത്തരം കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കാം. ഈ സമയത്തിനുള്ളില്‍ ജില്ലാ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില്‍ ഇവരുടെ രേഖകള്‍ പരിശോധിക്കുകയും ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ച് കേന്ദ്ര ഡാറ്റാബേസില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണ സമയത്തും (എസ്.ഐ.ആര്‍) സമാനമായ രീതിയില്‍ ഹക്കിംപൂര്‍ അതിര്‍ത്തിയില്‍ ബംഗ്ലാദേശികളുടെ വന്‍ തിരക്ക് അനുഭവപ്പെട്ടിരുന്നു.

രേഖകള്‍ പരിശോധിക്കപ്പെടുമെന്ന ഭയമാണ് ഈ ‘തിരിച്ചുപോക്കിന്’ കാരണമെന്ന് ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.

നിലവില്‍ അതിര്‍ത്തിയില്‍ എത്തിയവര്‍ സ്വമേധയാ മടങ്ങിപ്പോകാന്‍ താത്പര്യം പ്രകടിപ്പിക്കുന്നവരാണെന്നും ഇവര്‍ക്കായി ബി.എസ്.എഫ് ബംഗ്ലാദേശ് അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു

Content Highlight: Bangladeshis are returning home after the Bengal government set up holding centers.

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more