ബംഗ്ലാദേശും അയര്‍ലാന്‍ഡും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ഷേര്‍ ഇ ബംഗ്ലായില്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ബംഗ്ലാദേശ് അഞ്ചിന് 387 റണ്‍സെടുത്തിട്ടുണ്ട്. ലിട്ടണ്‍ ദാസ് ( 162 പന്തില്‍ 103), മെഹിദി ഹസന്‍ മിറാസ് (78 പന്തില്‍ 30) എന്നിവരാണ് ക്രീസിലുള്ളത്.
ഈ മത്സരത്തില്‍ മുന്‍ നായകന്‍ മുഷ്ഫിഖുര്‍ റഹീമും സെഞ്ച്വറി നേടിയിരുന്നു. താരം 214 പന്തില്‍ 106 റണ്‍സാണ് എടുത്തത്. അഞ്ച് ഫോര്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഈ സെഞ്ച്വറി ബംഗ്ലാദേശിന്റെ മുന്‍ നായകന് ഏറെ സ്‌പെഷ്യലാണ്. കാരണം ടീമിനായി തന്റെ 100ാം ടെസ്റ്റിന് ഇറങ്ങിയാണ് താരം മൂന്നക്കം കടന്നത്.
രണ്ടാം ദിവസം കളിക്കാനെത്തുമ്പോള്‍ 13ാം ടെസ്റ്റ് സെഞ്ച്വറിക്കായി റഹീം ഒരു റണ്‍സ് അകലെയായിരുന്നു. കഴിഞ്ഞ ദിവസം കളി അവസാനിക്കുമ്പോള്‍ താരത്തിന് 187 പന്തില്‍ 99 റണ്‍സാണുണ്ടായിരുന്നത്. ഇന്ന് നേരിട്ട എട്ടാം പന്തിലായിരുന്നു താരത്തിന്റെ ചരിത്ര നേട്ടം.
100ാം ടെസ്റ്റില്‍ നൂറ് റണ്‍സ് നേടിയതോടെ മുസ്ഹഫിഖുര്‍ റഹീം ഒരു എലീറ്റ് ലിസ്റ്റിലും ഇടം നേടി. കരിയറിലെ നൂറാം ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന താരങ്ങള്‍ക്കൊപ്പമാണ് താരം തന്റെ പേര് ചേര്‍ത്തുവെച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ പത്ത് പേരായിരുന്നു ഇതുവരെ തങ്ങളുടെ നൂറാം മത്സരത്തില്‍ മൂന്നക്കം കടന്നത്.
ഇപ്പോള്‍ മുഷ്ഫിഖുര്‍ ഈ ലിസ്റ്റിലെ 11ാം താരമായിരിക്കുകയാണ്. അതും ഇത്രയും ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ബംഗ്ലാദേശ് താരമെന്ന നേട്ടത്തിനൊപ്പമാണ് എന്നതാണ് ഏറെ ശ്രദ്ധേയം.
(താരം – ടീം – എതിരാളി വര്‍ഷം എന്നീ ക്രമത്തില്‍)
കോളിന് കൗഡ്രേ -ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ – 1968
ജാവേദ് മിയാന്‍ദാദ് – പാകിസ്ഥാന്‍ – ഇന്ത്യ – 1989
ഗോര്‍ഡന്‍ ഗ്രീനിഡ്ജ് – വെസ്റ്റ് ഇന്‍ഡീസ് – ഇംഗ്ലണ്ട് – 1990
അലക് സ്റ്റുവര്‍ട്ട് – ഇംഗ്ലണ്ട് – വെസ്റ്റ് ഇന്‍ഡീസ് – 2000
ഇന്‍സമാം ഉള്‍ ഹഖ് – പാകിസ്ഥാന്‍ – ഇന്ത്യ – 2005
റിക്കി പോണ്ടിങ് – ഓസ്ട്രേലിയ – സൗത്ത് ആഫ്രിക്ക – 2006
ഗ്രെയം സ്മിത് – സൗത്ത് ആഫ്രിക്ക – ഇംഗ്ലണ്ട് – 2012
ഹാഷിം അംല – സൗത്ത് ആഫ്രിക്ക – ശ്രീലങ്ക – 2017
ജോ റൂട്ട് – ഇംഗ്ലണ്ട് – ഇന്ത്യ – 2021
ഡേവിഡ് വാര്‍ണര്‍ -ഓസ്ട്രേലിയ – സൗത്ത് ആഫ്രിക്ക – 2022
മുഷ്ഫിഖുര്‍ റഹീം – ബംഗ്ലാദേശ് – അയര്‍ലാന്‍ഡ് – 2025
Content Highlight: Bangladesh vs Ireland: Mushfiqur Rahim scored century in his 100th Test match