വെസ്റ്റ് ഇന്‍ഡീസിന്റെ ബംഗ്ലാദേശ് പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ വിജയിച്ച് കരീബിയന്‍സ് പരമ്പരയില്‍ ഒപ്പമെത്തിയിരിക്കുകയാണ്. ടൈയില്‍ കലാശിച്ച മത്സരം സൂപ്പര്‍ ഓവറിലാണ് വിന്‍ഡീസ് വിജയിച്ചത്. സൂപ്പര്‍ ഓവറില്‍ വിന്‍ഡീസ് ഉയര്‍ത്തിയ 11 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് ഒമ്പത് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ ഒരു റണ്ണിന് ടീം പരാജയപ്പെടുകയും ചെയ്തു.
അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് ബംഗ്ലാദേശ് ഒരു മത്സരത്തില്‍ ടൈയിലെത്തുന്നത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 214 റണ്‍സിന്റെ വിജലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസും 213നാണ് പോരാട്ടം അവസാനിപ്പിച്ചത്.
ഓരോ ടീമുകളും ടൈയിലെത്തിയ മത്സരം (ഫുള്‍ മെമ്പര്‍ നേഷന്‍)
(ടീം – മത്സരം എന്നീ ക്രമത്തില്‍)
ഇന്ത്യ – 18
ന്യൂസിലാന്‍ഡ് – 17
വെസ്റ്റ് ഇന്‍ഡീസ് – 16*
ഓസ്‌ട്രേലിയ – 14
പാകിസ്ഥാന്‍ – 13
ശ്രീലങ്ക – 12
ഇംഗ്ലണ്ട് – 11
സിംബാബ്‌വേ – 10
സൗത്ത് ആഫ്രിക്ക – 7
അയര്‍ലന്‍ഡ് – 5
അഫ്ഗാനിസ്ഥാന്‍ – 3
ബംഗ്ലാദേശ് – 1*
ഷേര്‍ ഇ ബംഗ്ലയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ആതിഥേയര്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സൗമ്യ സര്‍ക്കാര്‍, ക്യാപ്റ്റന്‍ മെഹ്ദി ഹസന്‍ മിറാസ് എന്നിവരുടെ കരുത്തിലാണ് ബംഗ്ലാദേശ് പൊരുതാവുന്ന സ്‌കോറിലെത്തിയത്. സര്‍ക്കാര്‍ 89 പന്തില്‍ 45 റണ്‍സും മിറാസ് 58 പന്തില്‍ 32 റണ്‍സും നേടി. 23 റണ്‍സടിച്ച വിക്കറ്റ് കീപ്പര്‍ നൂറുല്‍ ഹസനാണ് മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് 213ലെത്തി.
വിന്‍ഡീസിനായി 50 ഓവറും ഏറിഞ്ഞുതീര്‍ത്തത് സ്പിന്നര്‍മാരാണ്. ഗുഡാകേഷ് മോട്ടി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അലിക് അത്തനാസും അകീല്‍ ഹൊസൈനും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് ബ്രാന്‍ഡന്‍ കിങ്ങിനെ ഗോള്‍ഡന്‍ ഡക്കായി നഷ്ടപ്പെട്ടെങ്കിലും പിന്നാലെയെത്തിയവര്‍ സ്‌കോര്‍ ഉയര്‍ത്തി. ക്യാപ്റ്റന്‍ ഷായ് ഹോപ്പാണ് ടീമിന്റെ ടോപ് സ്‌കോറര്‍. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഹോപ്പ് 67 പന്തില്‍ 53.
കെയ്‌സി കാര്‍ട്ടി (59 പന്തില്‍ 35), അലിക് അത്തനാസ് (42 പന്തില്‍ 28), ജസ്റ്റിന്‍ ഗ്രീവ്‌സ് (39 പന്തില്‍ 26) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസും 213ല്‍ പോരാട്ടം അവസാനിപ്പിച്ചു.
ബംഗ്ലാദേശിനായി റിഷാദ് ഹൊസൈന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. നാസും അഹമ്മദ്, തന്‍വീര്‍ ഇസ്‌ലാം എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തപ്പോള്‍ സൈഫ് ഹസന്‍ ഒരു വിക്കറ്റും നേടി.
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന് രണ്ടാം പന്തില്‍ തന്നെ ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ് പുറത്തായെങ്കിലും ഷായ് ഹോപ്പും ബ്രാന്‍ഡന്‍ കിങ്ങും ചേര്‍ന്ന് പത്ത് റണ്‍സ് നേടി.
11 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ബംഗ്ലാദേശിന് ആറ് റണ്‍സില്‍ നില്‍ക്കവെ നാലാം പന്തില്‍ മൂന്ന് റണ്‍സ് നേടിയ സൗമ്യ സര്‍ക്കാരിനെ നഷ്ടപ്പെട്ടു. ഒരു നോബോള്‍ അടക്കം നാല് റണ്‍സ് എക്‌സ്ട്രാസ് ഇനത്തില്‍ ലഭിച്ചിട്ടും ബംഗ്ലാദേശിന് വിജയിക്കാന്‍ സാധിച്ചില്ല.
ഒക്‌ടോബര്‍ 27നാണ് പരമ്പരയിലെ സീരീസ് ഡിസൈഡര്‍ മത്സരം. ചാറ്റോഗ്രാമാണ് വേദി.
Content Highlight: Bangladesh tied their 1st international match