| Wednesday, 16th July 2025, 10:58 pm

ലങ്കയെ ചാരമാക്കി ബംഗ്ലാദേശ് തൂക്കിയത് ചരിത്ര നേട്ടം!

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്കക്കെതിരെയുള്ള ടി-20 പരമ്പരയില്‍ വിജയം സ്വന്തമാക്കി ബംഗ്ലാദേശ്. ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന അവസാന മത്സരത്തില്‍ എട്ട് വിക്കറ്റിന് വിജയം നേടിയാണ് മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ ബംഗ്ലാദേശ് 2-1ന് വിജയം സ്വന്തമാക്കിയത്.

ഈ വിജയത്തിന് പുറമേ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ബംഗ്ലാദേശിന് സാധിച്ചിരിക്കുകയാണ്. ടി-20 ചരിത്രത്തില്‍ ആദ്യമായാണ് ബംഗ്ലാദേശ് ശ്രീലങ്കക്കെതിരെ ഒരു പരമ്പര സ്വന്തമാക്കുന്നത്. ഇതുവരെ ശ്രീലങ്കക്കെതിരെ ഒരു ടി-20 പരമ്പര സ്വന്തമാക്കാന്‍ പോലും ബംഗ്ലാദേശിന് സാധിച്ചില്ലായിരുന്നു.

അതേസമയം മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സാണ് ടീമിന് നേടാന്‍ സാധിച്ചത്. മറുപടിക്ക് ഇറങ്ങിയ ബംഗ്ലാദേശ് 16.3 ഓവറില്‍ 133 റണ്‍സ് നേടി അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു.

വമ്പന്‍ തിരിച്ചടി നേരിട്ടായിരുന്നു ബംഗ്ലാദേശ് തുടങ്ങിയത്. ഓപ്പണര്‍ പാര്‍വസ് ഹൊസൈന്‍ ഇമോന്‍ ആദ്യത്തെ പന്തില്‍ തന്നെ പൂജ്യം റണ്‍സിന് പുറത്തായി.

ശേഷം ബംഗ്ലാദേശിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ തന്‍സീദ് ഹസനായിരുന്നു. 47 പന്തില്‍ നിന്ന് ആറ് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 73 റണ്‍സ് ആണ് താരം അടിച്ചുകൂട്ടിയത്. 155.32 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിന് ഉണ്ടായിരുന്നു. തൗഹീദ് ഹൃദ്യോയ് 27 റണ്‍സ് നേടി താരത്തിനൊപ്പം നിന്ന് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി. ബംഗ്ലാദേശ് ക്യാപ്റ്റന്‍ ദാസ് 32 റണ്‍സ് നേടിയാണ് പുറത്തായത്.

ശ്രീലങ്കയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത് ഓപ്പണര്‍ പാത്തും നിസംഗയാണ്. 39 പന്തില്‍ നിന്ന് 46 റണ്‍സ് ആണ് താരം നേടിയത്. ടീമിന്റെ ടോപ്പ് ഓര്‍ഡര്‍ തകര്‍ച്ചയ്ക്ക് ശേഷം കാമിന്ദു മെന്‍ഡിസ് 21 റണ്‍സും ദാസുന്‍ ഷനഗ 35 റണ്‍സും നേടിയിരുന്നു.

മറ്റാര്‍ക്കും തന്നെ മികച്ച പ്രകടനം നടത്താനോ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താനോ സാധിച്ചില്ല. മെഹദി ഹസന്റെ മിന്നും ബൗളിങ്ങിലാണ് ബംഗ്ലാദേശ് വിക്കറ്റ് വേട്ട നടത്തിയത്. നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

നാല് ഓവറില്‍ നിന്ന് ഒരു മെയ്ഡന്‍ അടക്കം 2.75 എന്ന് എക്കോണമിയിലായിരുന്നു താരത്തിന്റെ ബൗളിങ്. താരത്തിന്റെ മികച്ച ബൗളിങ് പ്രകടനം കൂടിയാണിത്. താരത്തിന് പുറമേ ഷോരീഫുള്‍ ഇസ്ലാം, മുസ്തഫിസൂര്‍ റഹ്‌മാന്‍, ഷമീം ഹുസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: Bangladesh Team has secured their first-ever T20I series win on Sri Lanka

We use cookies to give you the best possible experience. Learn more