| Wednesday, 12th March 2025, 9:42 pm

ഇതാ ഇവിടെ ഒരു യുഗം അവസാനിക്കുന്നു; അന്താരാഷ്ട്ര കരിയറിനോട് വിടചൊല്ലി ബംഗ്ലാ ലെജന്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ഇതിഹാസ താരം മഹ്‌മദുള്ള. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ച പോസ്റ്റിലൂടെ മഹ്‌മദുള്ള ഏകദിന കരിയര്‍ അവസാനിപ്പിക്കുന്നതായി അറിയിക്കുകയായിരുന്നു.

നേരത്തെ 2021ല്‍ ടെസ്റ്റില്‍ നിന്നും വിരമിച്ച അദ്ദേഹം 2024 ലോകകപ്പിന് പിന്നാലെ ടി-20യില്‍ നിന്നും വിരമിച്ചിരുന്നു. ബംഗ്ലാദേശിന്റെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രധാന താരങ്ങളിലൊരാളാണ് ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങുന്നത്.

‘സര്‍വശക്തനായ അല്ലാഹുവിന് സ്തുതി. ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങുകയാണ്. എന്റെ എല്ലാ ടീമംഗങ്ങള്‍ക്കും പരിശീലകര്‍ക്കും പ്രത്യേകിച്ച് എന്നെ എല്ലാപ്പോഴും പിന്തുണച്ച എന്റെ ആരാധകര്‍ക്കും ഞാന്‍ നന്ദി പറയുന്നു.

എന്റെ മാതാപിതാക്കള്‍ക്കും ഒപ്പം എന്റെ ഭാര്യാപിതാവിനും എല്ലാത്തിലുമുപരിയായി കുട്ടിക്കാലം മുതല്‍ എന്റെ പരിശീലകനും ഉപദേഷ്ടാവുമായി എപ്പോഴും കൂടെയുണ്ടായിരുന്ന എന്റെ സഹോദരന്‍ എംദാദ് ഉള്ളയ്ക്കും ഞാന്‍ നന്ദി അറിയിക്കുന്നു.

എന്റെ ഉയര്‍ച്ച താഴ്ചകളിലെല്ലാം എന്നോടൊപ്പം നിന്ന, എനിക്ക് പിന്തുണ നല്‍കിയ എന്റെ ഭാര്യയ്ക്കും കുട്ടികള്‍ക്കും നന്ദി. ചുവപ്പും പച്ചയും കര്‍ന്ന ജേഴ്സിയില്‍ റയീദ് എന്നെ മിസ് ചെയ്യുമെന്ന് എനിക്കറിയാം.

എല്ലാം പൂര്‍ണമായ രീതിയില്‍ അവസാനിക്കുന്നില്ല, പക്ഷേ നിങ്ങള്‍ അതിനെ മറികടന്ന് മുമ്പോട്ട് പോവുക തന്നെ വേണം. അല്‍ഹംദുലില്ലാഹ്.

എന്റെ ടീമിനും ബംഗ്ലാദേശ് ക്രിക്കറ്റിലും എല്ലാ ആശംസകളും,’ വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് മഹ്‌മദുള്ള കുറിച്ചു.

മുഷ്ഫിഖുര്‍ റഹിം, ഷാക്കിബ് അല്‍ ഹസന്‍, തമീം ഇഖ്ബാല്‍ എന്നിവര്‍ക്ക് ശേഷം ഏകദിന ഫോര്‍മാറ്റില്‍ ബംഗ്ലാദേശിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ നാലാമത് താരമാണ് മഹ്‌മുദുള്ള. നാല് സെഞ്ച്വറികളും 32 അര്‍ധ സെഞ്ച്വറികളും അടക്കം 36.46 ശരാശരിയില്‍ 5,689 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ഏറെ കാലമായി തന്നോടൊപ്പം ബംഗ്ലാദേശ് ടീമിന്റെ ഭാഗവും ഭാര്യാസഹോദരനുമായ മുഷ്ഫിഖുര്‍ ഏകദിനങ്ങളില്‍ നിന്ന് വിരമിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് മഹ്‌മുദുള്ള വിരമിക്കുന്നത്.

2025 ഫെബ്രുവരിക്ക് ശേഷം സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ തന്നെ പരിഗണിക്കരുതെന്ന് മഹ്‌മുദുള്ള അഭ്യര്‍ത്ഥിച്ചതായി നേരത്തെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു. ഇത് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തിന്റെ മുന്നോടിയായാണ് ആരാധകര്‍ നോക്കിക്കണ്ടത്.

തന്റെ പേരില്‍ കുറിക്കപ്പെട്ട എല്ലാ ഏകദിന സെഞ്ച്വറികളും ഐ.സി.സി ടൂര്‍ണമെന്റുകളിലാണ് മഹ്‌മദുള്ള അടിച്ചെടുത്തത്. 2015 ലോകകപ്പില്‍ രണ്ട് സെഞ്ച്വറികള്‍ നേടിയ ശേഷം, 2017 ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരെ പുറത്താകാതെ 102 റണ്‍സ് നേടി. ഇന്ത്യ ആതിഥേയരായ 2023 ലോകകപ്പിലാണ് മഹ്‌മദുള്ള ഒടുവില്‍ ഏകദിന സെഞ്ച്വറി നേടിയത്. മുംബൈയില്‍ നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയാണ് താരം സെഞ്ച്വറി നേടിയത്.

2025 ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശ് നേരത്തെ പുറത്തായതിന് ശേഷമാണ് മഹ്‌മുദുള്ളയും മുഷ്ഫിഖറും വിരമിക്കുന്നത്. റാവല്‍പിണ്ടിയില്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ മാത്രമാണ് അദ്ദേഹം കളിച്ചത്. 14 പന്തില്‍ നിന്നും നാല് റണ്‍സാണ് താരം സ്വന്തമാക്കിയത്.

ചാമ്പ്യന്‍സ് ട്രോഫിയില്‍ തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും ടൂര്‍ണമെന്റിന് മുമ്പ് അദ്ദേഹം മികച്ച ഫോമിലായിരുന്നു. എവേ കണ്ടീഷനില്‍ അഫ്ഗാനിസ്ഥാനെതിരെയും വെസ്റ്റ് ഇന്‍ഡീസിനെതിരെയും നടന്ന മത്സരങ്ങളില്‍ തുടര്‍ച്ചയായി നാല് അര്‍ധസെഞ്ച്വറികള്‍ അദ്ദേഹം നേടിയിരുന്നു.

Content Highlight: Bangladesh superstar Mahmudullah announces retirement from international cricket

We use cookies to give you the best possible experience. Learn more