ഐ.സി.സി ടി – 20 ലോകകപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബി.സി.ബി). ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റിനായി 15 അംഗ സ്‌ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലിട്ടണ്‍ ദാസാണ് ബംഗ്ലാ കടുവകളുടെ നായകന്‍. ഡെപ്യൂട്ടിയായി സൈഫ് ഹസനുമുണ്ട്.
പരിചയസമ്പന്നരായ താരങ്ങളെയും യുവതാരങ്ങളെയും സമന്വയിപ്പിച്ചാണ് ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം കാരണം ഐ.പി.എല്ലില്‍ നിന്ന് പുറത്തേക്ക് പോവേണ്ടി വന്ന മുസ്തഫിസുര്‍ റഹ്‌മാന്‍ ബംഗ്ലാദേശ് ടീമിലുണ്ട്. താരമായിരിക്കും ടീമിന്റെ ഫാസ്റ്റ് ബൗളിങ്ങിന് ചുക്കാന്‍ പിടിക്കുക.
മുസ്തഫിസുര്‍ റഹ്‌മാന്‍. Photo: Johns/x.com
താരത്തിനൊപ്പം പേസ് അറ്റാക്കില്‍ ടാസ്‌കിന്‍ അഹമ്മദാണുള്ളത്. കൂടാതെ 2024 ടി – 20 ലോകകപ്പില്‍ ബംഗ്ലാദേശിനായി മികച്ച പ്രകടനം നടത്തിയ തന്‍സിം ഹസന്‍ സാക്കിബും ടീമില്‍ ഇടം നേടി. സ്പിന്നര്‍മായി മഹ്ദി ഹസനും റിഷാദ് ഹൊസൈനുമാണുള്ളത്.
ടീമിന്റെ ബാറ്റിങ് നിരയെ നയിക്കുക ക്യാപ്റ്റന്‍ ലിട്ടണ്‍ ദാസായിരിക്കും. ഒപ്പം തന്‍സീദ് ഹസനും പര്‍വേഷ് ഹൊസൈനുമുണ്ട്.
ഫെബ്രുവരി ഏഴ് മുതല്‍ മാര്‍ച്ച് എട്ട് വരെയാണ് ലോകകപ്പ് നടക്കുക. ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് സിയിലാണ് ബംഗ്ലാദേശ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, നേപ്പാള്‍, ഇറ്റലി എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
അതേസമയം, ഐ.പി.എല്ലില്‍ നിന്ന് മുസ്താഫിസുറിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശ് ലോകകപ്പില്‍ തങ്ങളുടെ മത്സരങ്ങളുടെ വേദി മാറ്റാന്‍ ഐ.സി.സിക്ക് കത്തെഴുതാന്‍ ഒരുങ്ങുകയാണെന്നാണ് പുറത്തവരുന്ന റിപ്പോര്‍ട്ട്. താരങ്ങളുടെ സുരക്ഷയെകുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തി മത്സരങ്ങളുടെ വേദി ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്നാണ് ബി.സി.ബിയുടെ ആവശ്യം.
ലിട്ടണ്‍ കുമാര്‍ ദാസ് (ക്യാപ്റ്റന്‍), സൈഫ് ഹസന്‍ (വൈസ് ക്യാപ്റ്റന്‍), തന്‍സീദ് ഹസന്‍ തമീം, പര്‍വേഷ് ഹൊസൈന്‍ എമോണ്‍, തൗഹിദ് ഹൃദോയ്, ഷമീം ഹൊസൈന്‍, നൂറുല്‍ ഹസന്‍ സോഹന്‍, ശക് മഹ്ദി ഹസന്‍, റിഷാദ് ഹൊസൈന്‍, നാസും അഹ്‌മദ്, മുസ്താഫിസുര്‍ റഹ്‌മാന്‍, തന്‍സീം ഹസന്‍ ഷാകിബ്, ടാസ്‌കിന്‍ അഹ്‌മദ്, മുഹമ്മദ് സൈഫുദ്ധീന്‍, ഷോരിഫുള്‍ ഇസ്‌ലാം.
Content Highlight: Bangladesh announce squad for T20 World Cup; Mustafizur Rahman included