ഏഷ്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ടീം, ബംഗ്ലാദേശ് ആരാധകര്‍ തങ്ങളുടെ ടീമിനെ വിശേഷിപ്പിക്കുന്നതാണിത്. ഐ.സി.സി കിരീടമടക്കം ഒറ്റ മേജര്‍ ട്രോഫി പോലുമില്ലാത്ത ബംഗ്ലാദേശിനെ ഇന്ത്യയും പാകിസ്ഥാനും ശ്രീലങ്കയും ഉള്‍പ്പെടുന്ന ഏഷ്യയിലെ ഏറ്റവും മികച്ച ടീം എന്ന് വിശേഷിപ്പിക്കുന്ന ആരാധകരുടെ ‘വിവരക്കേട്’ എന്നും പരിഹാസത്തിന് പാത്രമായിട്ടുണ്ട്.
എന്നാല്‍ ഒരു നേട്ടത്തില്‍ ബംഗ്ലാദേശ് ഏഷ്യന്‍ ടൈറ്റന്‍സിനെ ഒന്നടങ്കം മറികടന്നിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരെ, എതിരാളികളുടെ തട്ടകത്തില്‍ നേടിയ ആദ്യ വിജയമാണ് ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുന്നത്.
വിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ വിജയത്തിന്റെ നേട്ടമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. മരാറ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നേടിയ ഒമ്പത് വിക്കറ്റ് വിജയത്തിന് പിന്നാലെയായിരുന്നു ഈ നേട്ടം.
2020ല്‍ ഇന്ത്യ നേടിയ എട്ട് വിക്കറ്റിന്റെ വിജയത്തിന്റെ റെക്കോഡ് പഴങ്കഥയാക്കിയാണ് ബംഗ്ലാദേശ് പുതുചരിത്രമെഴുതിയിരിക്കുന്നത്.
(ടീം – വിജയം – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
ബംഗ്ലാദേശ് – ഒമ്പത് വിക്കറ്റ് – ഡാര്‍വിന്‍ – 2026*
പാകിസ്ഥാന്‍ – എട്ട് വിക്കറ്റ് – സിഡ്‌നി – 1977
ഇന്ത്യ – എട്ട് വിക്കറ്റ് – മെല്‍ബണ്‍ – 2020
ഓസ്‌ട്രേലിയക്കെതിരെ ബംഗ്ലാദേശിന്റെ രണ്ടാം ടെസ്റ്റ് വിജയവും ഓസ്‌ട്രേലിയന്‍ മണ്ണിലെ ആദ്യ വിജയവുമാണ്.
സ്‌കോര്‍
ഓസ്‌ട്രേലിയ: 198 & 284
ബംഗ്ലാദേശ്: 426 & 57/1 (T:57)
ഈ വിജയത്തിന് പിന്നാലെ രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് 1-0ന് മുമ്പിലെത്തി.
ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റും വീഴ്ത്തിയ ഹസന്‍ഡ മഹ്മൂദാണ് ബംഗ്ലാദേശിന്റെ വിജയശില്‍പി.
ഓഗസ്റ്റ് 22നാണ് പരമ്പരയിലെ രണ്ടാം മത്സരം. ഗ്രേറ്റ് ബാരിയര്‍ റീഫാണ് വേദി.
ഓസ്‌ട്രേലിയക്കെതിരെ ഇതുവരെ ഒരു ടെസ്റ്റ് പരമ്പര വിജയിക്കാന്‍ ബംഗ്ലദേശിന് സാധിച്ചിട്ടില്ല. അതിനുള്ള സുവര്‍ണാവസരമാണ് കടുവകള്‍ക്ക് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. രണ്ടാം മത്സരത്തില്‍ ഓസീസിനെ സമനിലയില്‍ തളച്ചാല്‍ പോലും ബംഗ്ലദേശിന് പരമ്പര സ്വന്തമാക്കാം.
Content highlight: Bangladesh set the record for the biggest victory by an Asian team in Australia. (by wickets)