| Thursday, 10th September 2026, 2:33 pm

ബംഗ്ലാദേശിലെ സഫാരി പാര്‍ക്കില്‍ നിന്നും കടത്തിയ ലീമറുകള്‍ അനന്ത് അംബാനിയുടെ വന്താരയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ധാക്ക: ബംഗ്ലാദേശിലെ ഗാസിപൂര്‍ സഫാരി പാര്‍ക്കില്‍ നിന്നും മോഷ്ടിച്ച അപൂര്‍വയിനത്തില്‍ പെട്ട രണ്ട് ലീമറുകള്‍ ഗുജറാത്തിലെ വന്താര വന്യജീവി സംരക്ഷണകേന്ദ്രത്തില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്.

റിലയന്‍സ് ഫൗണ്ടേഷനുകീഴില്‍ അനന്ത് അംബാനിയുടെ ഉടമസ്ഥതയിലുള്ളതാണ് ജാംനഗറിലെ വന്താര വന്യജീവി സംരക്ഷണകേന്ദ്രം.

2025 മാര്‍ച്ചിലാണ് ലീമറുകളെ വന്യജീവി കടത്തുസംഘം മോഷ്ടിച്ചത്. സഫാരി പാര്‍ക്കിലെ സുരക്ഷാജീവനക്കാരന്റ സഹായത്തോടെയായിരുന്നു ഇത്. ബംഗ്ലാദേശി കള്ളകടത്തുസംഘം ഇന്ത്യന്‍ സംഘത്തിന് വിറ്റുവെന്നാണ് ബംഗ്ലാദേശ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് കണ്ടെത്തിയത്.

ബംഗ്ലാദേശിലെ ചുവാഡംഗയിലെ ദര്‍ശന അതിര്‍ത്തി വഴിയാണ് ലീമറുകളെ ജാംനഗറിലെത്തിച്ചതെന്നാണ് വിവരം. സംഭവത്തില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില് ആറു പേര്‍ കുറ്റസമ്മതം നടത്തി. ബംഗ്ലാദേശി പത്രം അജ്കേര്‍ പോത്രിക റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം ഏകദേശം 48 ലക്ഷം രൂപയ്ക്കാണ് വന്താരയുമായ ബന്ധമുള്ള സ്ഥാപനത്തിന് ഇവയെ സംഘം വിറ്റത്.

സോഷ്യല്‍ മീഡിയ വഴി വന്താരയിലെ ലീമറുകളുടെ ചിത്രം പ്രചരിച്ചതോടെയാണ് ബംഗ്ലാദേശ് അന്വേഷണസംഘത്തിന് സംശയം തോന്നി അന്വേഷണം നടത്തിയത്. ഗാസിപൂരില്‍ നിന്നും കാണാതായ മൃഗങ്ങളുടെ ചിത്രങ്ങളുമായി ഒത്തുനോക്കി സമാനതകള്‍ കണ്ടെത്തുകയായിരുന്നു.

എന്നാല്‍ ഇവ ഒന്നുതന്നെയാണെന്ന് തെളിയിക്കുന്നത് അന്വേഷണസംഘത്തിന് പ്രയാസമാണ്. മോഷ്ടിച്ച ലീമറുകളുടെ ഡി.എന്‍.എ. പ്രൊഫൈലോ തിരിച്ചറിയല്‍ നമ്പരുകളോ ഇല്ല. അവയ്ക്ക് മൈക്രോചിപ്പും ഘടിപ്പിച്ചിട്ടില്ല. ബംഗ്ലാദേശില്‍ ശേഷിക്കുന്ന ലീമറിന്റെ ഡി.എന്‍.എ പ്രൊഫൈല്‍ ശേഖരിച്ച് ജനിതകസാമ്യമുണ്ടോ എന്ന് പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണസംഘം.

ഇവയെ തിരിച്ചെത്തിക്കാന്‍ ബംഗ്ലാദേശ് ഇന്‍ര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. 2018ലാണ് അനധികൃതമായി ബംഗ്ലാദേശിലെത്തിച്ച നാല് ലീമറുകളെ ഗാസിപൂര്‍ സഫാരി പാര്‍ക്കിലേക്ക് മാറ്റിയത്. ഐ.യു.സി.എന്‍ പട്ടികയില്‍ വംശനാശഭീഷണി നേരിടുന്ന ജീവികളാണ് ഇവ.

Bangladesh says two stolen lemurs have been taken to billionaire’s private zoo in India

We use cookies to give you the best possible experience. Learn more