| Monday, 19th January 2015, 5:22 pm

ബംഗ്ലാദേശില്‍ ഖാലിദ സിയയുടെ വീട്ടുതടങ്കല്‍ അവസാനിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്


ധാക്ക: ബംഗ്ലാദേശ് പ്രതിപക്ഷ നേതാവും ബി.എന്‍.പി (ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി) അദ്ധ്യക്ഷയുമായ ഖാലിദ സിയയുടെ വീട്ടുതടങ്കല്‍ ഷെയ്ഖ് ഹസീന ഭരണകൂടം അവസാനിപ്പിച്ചു. പതിനേഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് സിയ മോചിതയാവുന്നത്.

ഇക്കഴിഞ്ഞ ജനുവരി അഞ്ചിന് ബി.എന്‍.പി യുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് കണ്ടതിനാലായിരുന്നു സിയയെ സര്‍ക്കാര്‍ തടങ്കലില്‍ വെച്ചിരുന്നത്.

ജനുവരി 5നായിരുന്നു ” ഡെമോക്രസി കില്ലിംഗ് ഡെ” എന്ന പേരില്‍ പ്രതിപക്ഷ കക്ഷികള്‍ ബഹുജന പ്രക്ഷോഭത്തിന് ഒരുങ്ങിയിരുന്നത്. ഇതിന് മുമ്പായിട്ടായിരുന്നു ജനുവരി മൂന്നിന് സിയ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നത്. ഖാലിദ സിയയുടെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളില്‍ ഇരുപത്തിയേഴ് പേരായിരുന്നു കൊല്ലപ്പെട്ടിരുന്നത്.

ബി.എന്‍.പി സ്ഥാപകനും ഖാലിദ സിയയുടെ ഭര്‍ത്താവുമായ സിയാവു റഹ്മാന്റെ 79ാം ജന്മദിനാഘോഷത്തിന് മുന്നോടിയായിട്ടാണ് സിയയെ മോചിപ്പിച്ചിരിക്കുന്നത്. ബംഗ്ലാദേശിലെ ഗുല്‍ഷന്‍ ജില്ലയിലെ ഇരു നില വസതിയിലായിരുന്നു ഖാലിദ സിയയെ തടങ്കലില്‍ വച്ചിരുന്നത്.

തടങ്കലില്‍ ഇരിക്കെ രാജ്യ വ്യാപകമായി ഗതാഗത സ്തംഭനമടക്കമുള്ള പ്രക്ഷോഭങ്ങള്‍ക്ക് ഖാലിദ സിയ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി നിരവധി വാഹനങ്ങളെ ബി.എന്‍.പി പ്രവര്‍ത്തകര്‍ അഗ്നിക്കിരയാക്കിയിരുന്നു.

2014 ജനുവരി അഞ്ചിന് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി പ്രതിപക്ഷം ആരോപിച്ചിരുന്നു ഇതിനെ തുടര്‍ന്ന് പുതിയ തെരഞ്ഞെടുപ്പ് നടത്താനും ഖാലിദ സിയ ഷെയ്ഖ് ഹസീനയോട് ആവശ്യപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more