| Monday, 9th November 2026, 9:39 pm

ഷെയ്ഖ് ഹസീനയ്ക്ക് പാസ്പോര്‍ട്ട് നല്‍കില്ല; അവര്‍ ഭീകരവാദിയെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍

റെന്വര്‍ പി

ധാക്ക: മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് പുതിയ പാസ്പോര്‍ട്ടും ദേശീയ തിരിച്ചറിയല്‍ കാര്‍ഡും നല്‍കില്ലെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍. ഷെയ്ഖ് ഹസീനയെ ഒരു ‘ഒളിവിലുള്ള ഭീകരവാദി’ എന്നും ‘ഏകാധിപതി’ എന്നും ബംഗ്ലാദേശ് സര്‍ക്കാര്‍ വിശേഷിപ്പിച്ചു. മുന്‍ പ്രധാനമന്ത്രിക്ക് യാത്രാ രേഖകള്‍ നല്‍കാനുള്ള സാധ്യത ബംഗ്ലാദേശ് സര്‍ക്കാര്‍ പൂര്‍ണ്ണമായും നിഷേധിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയില്‍ പ്രവാസജീവിതം നയിക്കുന്ന ഷെയ്ഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങാനുള്ള നീക്കങ്ങള്‍ സജീവമാക്കിയതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി പുതിയ പാസ്പോര്‍ട്ടിനും ദേശീയ തിരിച്ചറിയല്‍ കാര്‍ഡിനും അവര്‍ ഔദ്യോഗികമായി അപേക്ഷ സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഈ വിഷയത്തില്‍ ബംഗ്ലാദേശിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം.

മാതൃരാജ്യത്ത് തിരിച്ചെത്തിയാല്‍ നേരിട്ട് കോടതിയില്‍ കീഴടങ്ങാന്‍ ഹസീന തയ്യാറാണെന്നും വ്യക്തമായിട്ടുണ്ട്. ന്യൂദല്‍ഹിയിലെ ബംഗ്ലാദേശ് എംബസി ആക്ടിംഗ് ഹൈക്കമ്മീഷണര്‍ പ്രീതി റഹ്‌മാന് ലണ്ടനിലെ ലീഗല്‍ ടീം വഴിയാണ് പാസ്പോര്‍ട്ടിനും ദേശീയ തിരിച്ചറിയല്‍ കാര്‍ഡിനുമായി ഹസീന അപേക്ഷ നല്‍കിയതെന്നും റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഹസീനയ്ക്ക് പാസ്പോര്‍ട്ട് നല്‍കില്ലെന്ന് ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂണ്‍ കബീര്‍ വ്യക്തമാക്കി. മുന്‍ പ്രധാനമന്ത്രിയെ ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് കൈമാറണമെന്ന ആവശ്യം ഹുമയൂണ്‍ കബീര്‍ ആവര്‍ത്തിച്ചു.

‘ഭീകരവാദികള്‍ക്ക് ബംഗ്ലാദേശ് പാസ്പോര്‍ട്ട് നല്‍കില്ല. അവരെ ഞങ്ങള്‍ക്ക് കൈമാറണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ നിയമനടപടികളില്‍ നിന്ന് ഒളിച്ചോടിയ ഒരു കുറ്റവാളിയാണ്. ഇന്ത്യയുമായി ഞങ്ങള്‍ക്ക് നിലവില്‍ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറുണ്ട്. അവരെ ഞങ്ങള്‍ക്ക് കൈമാറണം,’ വിദേശകാര്യ മന്ത്രാലയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ കബീര്‍ പറഞ്ഞു.

അതേസമയം, ഷെയ്ഖ് ഹസീന പാസ്പോര്‍ട്ടിനായി അപേക്ഷിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ ബംഗ്ലാദേശ് ചീഫ് പ്രോസിക്യൂട്ടര്‍ എം.ഡി. അമിനുല്‍ ഇസ്ലാം തള്ളി. ബംഗ്ലാദേശിലേക്ക് മടങ്ങാന്‍ ആവശ്യമായ നിയമപരമായ നടപടികളൊന്നും അവര്‍ സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡിസംബറില്‍ രാജ്യത്തേക്ക് മടങ്ങാനുള്ള ഹസീനയുടെ ഉദ്ദേശ്യത്തെയും അമിനുല്‍ ഇസ്ലാം തള്ളിക്കളഞ്ഞു. അവരുടെ സമീപകാല നീക്കങ്ങള്‍ ‘വെറും രാഷ്ട്രീയ നാടകം’മാത്രമാണെന്നും പ്രോസിക്യൂട്ടര്‍ അഭിപ്രായപ്പെട്ടു.

Content Highlight: Bangladesh rejects reported passport request of Sheikh Hasina- Calls ‘fugitive terrorist’

 

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more