ശ്രീലങ്കയ്‌ക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളിലെ രണ്ടാം ടി-20യില്‍ ബംഗ്ലാദേശ് തകര്‍പ്പന്‍ വിജയമാണ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. രാങ്കിരി ദാംബുള്ള ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യ ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് സ്വന്തമാക്കിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു.
ബംഗ്ലാദേശിന്റെ ബൗളിങ് അറ്റാക്കില്‍ 15.2 ഓവറില്‍ വെറും 94 റണ്‍സിന് ഓള്‍ ഔട്ട് ഓവുകയായിരുന്നു ലങ്ക. ഇതോടെ 83 റണ്‍സിന്റെ മിന്നും വിജയവും ബംഗ്ലാദേശ് സ്വന്തമാക്കി. ഇതിനെല്ലാം പുറമെ ഒരു റെക്കോഡ് നേടാനും ബംഗ്ലാദേശിന് സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബംഗ്ലാദേശ് രേഖപ്പെടുത്തുന്ന ഏറ്റവും വലിയ രണ്ടാമത്തെ ടി-20 വിജയമാണിത്. ഇതിന് മുമ്പ് 2021ല്‍ പാപുവ ന്യു ഗ്വിനിയക്കെതിരെ 84 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു.
84 – പാപുവ ന്യു ഗ്വിനിയ – 2021
83 – ശ്രീലങ്ക – 2025*
80 – വെസ്റ്റ് ഇന്‍ഡീസ് – 2024
77 – അയര്‍ലാന്‍ഡ് – 2023
71 – അയര്‍ലാന്‍ഡ് – 2012
മത്സരത്തില്‍ ബംഗ്ലാദേശിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തത് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ലിട്ടണ്‍ ദാസാണ്. വണ്‍ ഡൗണായി ഇറങ്ങി 50 പന്തില്‍ അഞ്ച് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 76 റണ്‍സാണ് താരം നേടിയത്. 152 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. മഹീഷ് തീക്ഷണയാണ് താരത്തെ പുറത്താക്കിയത്.
താരത്തിന് പുറമെ ഷമീം ഹൊസൈന്‍ 27 പന്തില്‍ രണ്ട് സിക്‌സും അഞ്ച് ഫോറും അടക്കം 48 റണ്‍സ് നേടി. തൗഹിദ് ഹൃദ്യോയ് 31 റണ്‍സും നേടിയിരുന്നു. ലങ്കയ്ക്ക് വേണ്ടി ബിനുര ഫെര്‍ണാണ്ടോ മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ തീക്ഷണയ്ക്ക് പുറമെ നുവാന്‍ തുഷാരയും ഒരു വിക്കറ്റ് നേടി. മറ്റുള്ളവര്‍ റണ്‍ ഔട്ടിലും കുരുങ്ങി.
ലങ്കയ്ക്ക് വേണ്ടി ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയത് ഓപ്പണര്‍ പാത്തും നിസങ്കയാണ്. 29 പന്തില്‍ 32 റണ്‍സാണ് താരം നേടിയത്. ദാസുന്‍ ശനക 20 റണ്‍സും നേടി. മറ്റുള്ളവര്‍ക്കൊന്നും തന്നെ രണ്ടക്കം കാണാന്‍ സാധിച്ചിരുന്നില്ല. ബംഗ്ലാദേശിന് വേണ്ടി റാഷിദ് ഹൗസൈന്‍ മൂന്ന് വിക്കറ്റും ഷൊരീഫുള്‍ ഇസ്‌ലാം മൊഹമ്മദ് സൈഫുദ്ദീന്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി. ശേഷിച്ച വിക്കറ്റുകള്‍ മെഹ്ദി ഹസനും മുസ്തഫിസൂറും സ്വന്തമാക്കി.
Content Highlight: Bangladesh Register Their Second Highest Win In International T-20