ന്യൂയോര്‍ക്ക്: ഷെരീഫ് ഒസ്മാന്‍ ഹാദിയുടെ കൊലപാതകത്തില്‍ നിഷ്പക്ഷമായിഅന്വേഷണം നടത്തണമെന്ന് യു. എന്‍. മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക്.
ഡിസംബര്‍ 12ന് ധാക്കയിലെ ഒരു പളളിയില്‍ നിന്ന് പോകുമ്പോഴായിരുന്നു ഹാദിക്ക് വെടിയേറ്റത്. സിംഗപൂരിലെ ആശുപത്രിയില്‍ചികിത്സയിലിരിക്കെ വ്യാഴാഴ്ച്ച മരണപ്പെടുകയായിരുന്നു.
‘ഹാദിയുടെ കൊലപാതകത്തെക്കുറിച്ച് നിഷ്പക്ഷവും സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണം ഉത്തരവാദികളായവര്‍ക്കെതിരെ ഉചിതമായ നടപടിയെടുക്കണം,
എല്ലാ വ്യക്തികള്‍ക്കും പൊതുജീവിതത്തില്‍ സുരക്ഷിതമായും സമാധാനപരമായും പങ്കെടുക്കാനും വ്യത്യസ്ത അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുമുള്ള സാഹചര്യം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്’
വോള്‍ക്കര്‍ ടര്‍ക്ക് പ്രസ്താവനയില്‍ പറഞ്ഞു.
ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിലവിലുളള പ്രക്ഷോഭം കൂടുതല്‍ ഭിന്നതകളുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇങ്ക്വിലാബ് മഞ്ചയെന്ന വിദ്യാര്‍ത്ഥി ഗ്രൂപ്പിന്റെ നേതാവായിരുന്നു ഹാദി. ഡിസംബര്‍ 12നായിരുന്നു ഹാദിക്ക് വെടിയേറ്റത്. ധാക്കയിലെ പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങവെയായിരുന്നു വെടിയേറ്റത്. സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച്ചയാണ്് മരിച്ചത്.
ഫൈസല്‍ കരീം മസൂദ് എന്ന വ്യക്തിയാണ് ഹാദിയെ വെടിവെച്ചതെന്ന് അധികൃതര്‍ ആരോപിച്ചിരുന്നു. ആലംഗീര്‍ ഷെയ്ഖ് എന്ന അയാളുടെ കൂട്ടാളിയെയും കണ്ടെത്തിയിട്ടുണ്ട് .
കൊലപാതകത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഹാദിയുടെ അനുയായികള്‍ തെരുവിലറങ്ങിറങ്ങുകയും വന്‍ പ്രക്ഷോഭം അഴിച്ചുവിടുകയും ചെയ്തിരുന്നു.
ബംഗ്ലാദേശിലെ അവാമി ലീഗുമായി ബന്ധപ്പെട്ട പത്ര ഓഫീസുകള്‍ പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു. ഇതെ തുടര്‍ന്ന് ദി ഡെയ്‌ലി സ്റ്റാര്‍, പ്രോതോം അലോ തുടങ്ങിയ പത്രങ്ങളുടെ പ്രിന്റെ് എഡിഷന്‍ വെള്ളിഴാഴ്ച്ച പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല. ഓണ്‍ലൈന്‍ പോര്‍ട്ടലുകളും വെള്ളിഴാഴ്ച്ച ലഭ്യമല്ലായിരുന്നു.
പത്രങ്ങളുടെ ഓഫീസുകളില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും നിരവധി ജീവനക്കാരെ അഗ്നിശമന സേനാംഗങ്ങള്‍ രക്ഷിച്ചതായും ഡച്ച് വെല്ലെ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഈ പ്രക്ഷോഭങ്ങളില്‍ നിന്ന് ഇങ്ക്വിലാബ് മഞ്ചയെന്ന ഗ്രൂപ്പ് വിട്ടുനില്‍ക്കുകയായിരുന്നു.
‘ബംഗ്ലാദേശിനെ പ്രവര്‍ത്തന രഹിതമായ രാഷ്ട്രമാക്കി മാറ്റുകയെന്നതാണ് പ്രക്ഷോപകരുടെ ലക്ഷ്യം. ഈ രാജ്യത്തിന്റെ പരാമാധികാരവും സ്വാതന്ത്ര്യവും അപകടകരമാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു,’ ഇങ്ക്വിലാബ് മഞ്ച അഭിപ്രായപ്പെട്ടു.
അതേസമയം ഫെബ്രുവരി 12ന് ബംഗ്ലാദേശില്‍ ദേശീയ തെരഞ്ഞെടുപ്പ് നടത്തുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഹാദിക്ക് നേരെയുള്ള അക്രമണം നടന്നത്.
16 വര്‍ഷത്തെ ഭരണത്തിനുശേഷം ഷെയ്ഖ് ഹസീന സര്‍ക്കാരിന് 2024 ലായിരുന്നു പതനം സംഭവിച്ചത്. ഹസീനയുടെ ഇന്ത്യയിലേക്കുളള പലായനത്തിന് ശേഷം രാജ്യത്ത് നടക്കുന്ന ആദ്യത്തെ തെരഞ്ഞടുപ്പാണിത്.
Content Highlight: Bangladesh student leader’s murder: UN human rights chief calls for impartial investigation