അയര്‍ലന്‍ഡിന്റെ ബംഗ്ലാദേശ് പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ കൂറ്റന്‍ ടോട്ടലുമായി ആതിഥേയര്‍. സില്‍ഹെറ്റ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 587 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ടോട്ടലാണ് നജ്മുല്‍ ഹൊസൈന്‍ ഷാന്റോയും സംഘവും സ്വന്തമാക്കിയത്.
മഹ്‌മുദുല്‍ ഹസന്‍ ജോയ്, ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ എന്നിവരുടെ സെഞ്ച്വറിയും മോമിനുല്‍ ഹഖ്, ഷദ്മന്‍ ഇസ്‌ലാം, ലിട്ടണ്‍ ദാസ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെയും കരുത്തിലാണ് ബംഗ്ലാദേശ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.
മഹ്‌മുദുല്‍ ഹസന്‍ ജോയ് 286 പന്ത് നേരിട്ട് 171 റണ്‍സ് സ്വന്തമാക്കി. നാല് സിക്‌സറും 14 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഷാന്റോ 114 പന്ത് നേരിട്ട് 100 റണ്‍സ് നേടി മടങ്ങി. 145 ഫോറുകളാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
മോമിനുല്‍ ഹഖ് 82 റണ്‍സും ഷദ്മന്‍ ഇസ്‌ലാം 80 റണ്‍സും അടിച്ചെടുത്തപ്പോള്‍ 60 റണ്‍സാണ് ദാസ് ടോട്ടലിലേക്ക് ചേര്‍ത്തുവെച്ചത്.
ഇതോടെ ഒരു നേട്ടവും പിറവിയെടുത്തു. ഹോം ടെസ്റ്റില്‍ ബംഗ്ലാദേശിന്റെ ഏറ്റവുമുയര്‍ന്ന ടോട്ടലിന്റെ റെക്കോഡാണ് സില്‍ഹെറ്റില്‍ പിറന്നത്. 2020ല്‍ മിര്‍പൂരില്‍ സിംബാബ്‌വേയെക്കെതിരെ നേടിയ 560 റണ്‍സിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
(സ്‌കോര്‍ – എതിരാളികള്‍ – വേദി – വര്‍ഷം )
587/8d – അയര്‍ലന്‍ഡ് – സില്‍ഹെറ്റ് – 2025*
560/6d – സിംബാബ്‌വേ – മിര്‍പൂര്‍ – 2020
556 – വെസ്റ്റ് ഇന്‍ഡീസ് – മിര്‍പൂര്‍ – 2012
555/6d – പാകിസ്ഥാന്‍ – ഖുല്‍ന – 2015
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അയര്‍ലാന്‍ഡ് 286ന് പുറത്തായി. അര്‍ധ സെഞ്ച്വറി നേടിയ പോള്‍ സ്‌റ്റെര്‍ലിങ്ങിന്റെയും (76 പന്തില്‍ 60), കെയ്ഡ് കാര്‍മികെലിന്റെയും (129 പന്തില്‍ 59) കരുത്തിലാണ് ഐറിഷ് ആര്‍മി ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ ഉയര്‍ത്തിയത്.
44 റണ്‍സ് നേടിയ കര്‍ട്ടിസ് കാംഫറും 41 റണ്‍സ് നേടിയ ലോര്‍കന്‍ ടക്കറും സ്‌കോര്‍ ബോര്‍ഡിലേക്ക് തങ്ങളുടെ സംഭാവനകള്‍ നല്‍കി.
ബംഗ്ലാദേശിനായി ആദ്യ ഇന്നിങ്‌സില്‍ മെഹ്ദി ഹസന്‍ മിറാസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹസന്‍ മുറാദ്, ഹസന്‍ മഹ്‌മൂദ്, തൈജുല്‍ ഇസ്‌ലാം എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നാഹിദ് റാണ ഒരു വിക്കറ്റും സ്വന്തമാക്കി.
301 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡ് ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാനുള്ള ശ്രമത്തിലാണ്. മൂന്ന് വിക്കറ്റ് കയ്യിലിരിക്കെ 109 റണ്‍സ് നേടാന്‍ സാധിച്ചാല്‍ മാത്രമേ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ സാധിക്കൂ.
Content Highlight: Bangladesh post highest Test total at home soil