ധാക്ക: ഈ മാസം 12 ന് നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിനൊപ്പം ഹിത പരിശോധനയും നടത്താനുള്ള തീരുമാനത്തിൽ ബംഗ്ലാദേശ്.
ഷെയ്ഖ് ഹസീനയെ പുറത്താക്കി 18 മാസങ്ങൾക്കുശേഷം നടക്കുന്ന ഈ തെരഞ്ഞെടുപ്പിൽ ഇടക്കാല സർക്കാരിനെ നയിച്ച നോബൽ ജേതാവ് മുഹമ്മദ് യുനുസ്സാണ് ഹിത പരിശോധനക്കുള്ള നിർദ്ദേശം മുന്നോട്ട് വെയ്ക്കുന്നത്.
യൂനുസ് സർക്കാർ മുന്നോട്ടുവച്ച 84 നിർദേശങ്ങൾ നടപ്പിലാക്കണോ എന്നതിനാണ് ഹിത പരിശോധന. ഹിത പരിശോധനയിൽ അനുകൂല വോട്ടുതേടി വ്യാപക പ്രചരണം നടത്തുകയാണ് യൂനുസ് അനുകൂലികൾ.
ബംഗ്ലാദേശ് ഭരണഘടനയിൽ ഹിത പരിശോധനയ്ക്കുള്ള വ്യവസ്ഥയില്ലാത്തതിനാൽ അതിന്റെ നിയമ സാധുത ചോദ്യം ചെയ്ത് ജഡ്ജിമാർതന്നെ പരസ്യമായി രംഗത്ത് വന്നിരുന്നു.
84 പരിഷ്കരണങ്ങളിൽ പാർലമെന്റിൽ ഉപരിസഭ രൂപീകരിക്കുക, പ്രസിഡന്റിന് കൂടുതൽ അധികാരം നൽകുക, പ്രധാന മന്ത്രിയുടെ കാലാവധി പരിമിതപ്പെടുത്തുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ.
പന്ത്രണ്ടര കോടി ജനങ്ങളുള്ള ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയുടെ ഭരണം, പണപ്പെരുപ്പം, അഴിമതി, ന്യൂനപക്ഷ വിഭാഗങ്ങൾക്കുനേരെയുള്ള ആക്രമണം എന്നിവ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങളാകുമെന്നാണ് റിപ്പോർട്ടുകൾ.
തെരഞ്ഞെടുപ്പടുത്തിരിക്കുന്ന വേളയിലും രാജ്യത്ത് പൂർണ സമാധാനം കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ചയും സുഷൻ ചന്ദ്ര സർക്കാർ എന്ന കച്ചവടക്കാരനെ ആൾകൂട്ടം കൊലചെയ്ത് ചുട്ടെരിച്ചു
ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിക്കപ്പെട്ട തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണൽ പാർട്ടിയും ( ബി.എൻ.പി) ജമാഅത്ത് ഇസ്‌ലാമിയുമാണ് പരസ്പരം കൊമ്പുകോർക്കുന്നത്.
തെരഞ്ഞെടുപ്പടുത്തിരിക്കുന്ന വേളയിലും ഇന്ത്യയിൽ തുടരുന്ന ഹസീന ഇടക്കാല സർക്കാരിന്റെ തലവനായ മുഹമ്മദ് യൂനുസ് ഒരു ഫാസിസ്റ്റാണെന്നും അദ്ദേഹത്തിന്റെ കീഴിൽ നീതിയുക്തമായ തെരഞ്ഞെടുപ്പ് നടക്കില്ലെന്നും മുമ്പ് പറഞ്ഞിരുന്നു.
Content Highlight: Bangladesh planning to conduct opinion poll