വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ബംഗ്ലാദേശിന്റെ ഓസ്‌ട്രേലിയന്‍ പര്യടനം ആരംഭിച്ചിരിക്കുകയാണ്. രണ്ട് മത്സരങ്ങളാണ് കടുവകള്‍ കങ്കാരുക്കളുടെ തട്ടകത്തിലെത്തി കളിക്കുക. മരാറ സ്റ്റേഡിയമാണ് ആദ്യ മത്സരത്തിന് വേദിയാകുന്നത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ക്ക് തുടക്കം പാളിയിരിക്കുകയാണ്. ആദ്യ ദിവസത്തിന്റെ രണ്ടാം സെഷന്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ 183 റണ്‍സിന് എട്ട് വിക്കറ്റുകള്‍ ടീമിന് നഷ്ടപ്പെട്ടു. നാല് വിക്കറ്റ് വീഴ്ത്തിയ ഹസന്‍ മഹ്മൂദാണ് ബംഗ്ലാദേശിന് കരുത്തായത്.
എന്നാല്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് പുറത്താകാതെ ക്രീസില്‍ തുടരുന്നു എന്നത് ആരാധകര്‍ക്ക് ആശ്വാസമേകുന്നുണ്ട്. നിലവില്‍ 96 പന്ത് നേരിട്ട് 67 റണ്‍സുമായാണ് താരം ബാറ്റിങ് തുടരുന്നത്.
കരിയറിലെ മറ്റൊരു റെഡ് ബോള്‍ സെഞ്ച്വറിയിലേക്കാണ് മോഡേണ്‍ ഡേ ലെജന്‍ഡിന്റെ കുതിപ്പ്. അങ്ങനെയെങ്കില്‍ സ്മിത്തിന്റെ കരിയറിലെ മറ്റൊരു നേട്ടത്തിനും മരാറ ഗ്രൗണ്ട് സാക്ഷ്യം വഹിക്കും.
താന്‍ ബാറ്റെടുത്തവരില്‍ ബംഗ്ലാദേശിനെതിരെ മാത്രം സ്മിത് ഇതുവരെ ടെസ്റ്റ് സെഞ്ച്വറി നേടിയിട്ടില്ല. കടുവകള്‍ക്കെതിരെ താരത്തിന്റെ മൂന്നാം ടെസ്റ്റാണിത്.
(എതിരാളികള്‍ – സെഞ്ച്വറി എന്നീ ക്രമത്തില്‍)
ഇംഗ്ലണ്ട് – 13
ഇന്ത്യ – 11
ശ്രീലങ്ക – 4
വെസ്റ്റ് ഇന്‍ഡീസ് – 3
ന്യൂസിലാന്‍ഡ് – 2
പാകിസ്ഥാന്‍ – 2
സൗത്ത് ആഫ്രിക്ക – 2
ബംഗ്ലാദേശ് –
അതേസമയം, നഥാന്‍ ലിയോണാണ് സ്മിത്തിന് കൂട്ടായി നിലവില്‍ ക്രീസിലുള്ളത്. മൂന്ന് പന്ത് നേരിട്ട താരം റണ്‍സൊന്നും നേടിയിട്ടില്ല.
ജേക് വെതറാള്‍ഡ് (37 പന്തില്‍ 23), ട്രാവിസ് ഹെഡ് (39 പന്തില്‍ 22), അലക്‌സ് കാരി (43 പന്തില്‍ 19), കാമറൂണ്‍ ഗ്രീന്‍ (13 പന്തില്‍ 13) ബ്യൂ വെബ്സ്റ്റര്‍ (10 പന്തില്‍ 12), പാറ്റ് കമ്മിന്‍സ് (19 പന്തില്‍ ഒമ്പത്), മിച്ചല്‍ സ്റ്റാര്‍ക് (11 പന്തില്‍ ഒന്ന്), മാര്‍നസ് ലബുഷാന്‍ (20 പന്തില്‍ ഒന്ന്) എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് ഇതുവരെ നഷ്ടപ്പെട്ടത്.
മഹ്മൂദിന് പുറമെ താസ്‌കിന്‍ അഹമ്മദും എദാബോത് ഹൊസൈനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയിട്ടുണ്ട്.
Content Highlight: Bangladesh is the only opponent against whom Steve Smith is yet to score a Test century