ന്യൂദല്‍ഹി: ഇന്ത്യക്കാര്‍ക്കുള്ള വിസാസേവനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ച് ബംഗ്ലാദേശ്. ന്യൂദല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനാണ് തിങ്കളാഴ്ച സേവനങ്ങള്‍ നിര്‍ത്തിവെച്ചതായി അറിയിച്ചത്.
‘ഒഴിവാക്കാനാവാത്ത സാഹചര്യങ്ങള്‍ കാരണം ന്യൂദല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനില്‍ നിന്നുള്ള എല്ലാ കോണ്‍സുലര്‍, വിസ സേവനങ്ങളും നിര്‍ത്തിവെച്ചിരിക്കുന്നു. അസൗകര്യങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നു,’ ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിപ്പ് പുറത്തിറക്കി.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിലുള്ള ഇന്ത്യന്‍ വിസ അപ്ലിക്കേഷന്‍ സെന്റര്‍ (ഐ.വി.എ.സി) വിസ സേവനങ്ങള്‍ ഞായറാഴ്ച മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
ബംഗ്ലാദേശില്‍ പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയെ അധികാരത്തില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ഷെരീഫ് ഒസ്മാന്‍ ഹാദി കൊല്ലപ്പെട്ടതിന് പിന്നാലെയുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് വിസാ സേവനങ്ങള്‍ താത്ക്കാലികമായി ഇന്ത്യ നിര്‍ത്തിവെച്ചത്.
ഇതിനുള്ള മറുപടിയായാണ് ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന്റെ നടപടിയെന്നാണ് റിപ്പോര്‍ട്ട്.
ബംഗ്ലാദേശിലെ ചട്ടോഗ്രാമില്‍ അസിസ്റ്റന്റ് ഹൈക്കമ്മീഷന്‍ ഓഫ് ഇന്ത്യ(എ.എച്ച.സി.ഐ)യുടെ പുറത്ത് നിരവധിയാളുകള്‍ തടിച്ചുകൂടി പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ ചട്ടോഗ്രാമില്‍ നിന്നുള്ള വിസ സേവനങ്ങള്‍ അവസാനിപ്പിച്ചത്.
Content Highlight: Bangladesh High Commission in Delhi suspends visa services for Indians