| Wednesday, 24th September 2025, 4:05 pm

എല്ലാ ടീമിനും ഇന്ത്യയെ പരാജയപ്പെടുത്താം; പ്രസ്താവനയുമായി ബംഗ്ലാദേശ് പരിശീലകന്‍ ഫില്‍ സിമ്മണ്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള വമ്പന്‍ പോരട്ടത്തിനാണ് ഇന്ന് കളമൊരുങ്ങുന്നത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ മികച്ച വിജയം സ്വന്തമാക്കിയ ഇന്ത്യ, ബംഗ്ലാദേശിനെതിരെയും മികച്ച വിജയം സ്വന്തമാക്കി ഫൈനലുറപ്പിക്കാനാണ് ഒരുങ്ങുന്നത്.

മത്സരത്തിന് മുന്നോടിയായി ബംഗ്ലാദേശിന്റെ മുഖ്യ പരിശീലകന്‍ ഫില്‍ സിമ്മണ്‍സ് സംസാരിച്ചിരുന്നു. എല്ലാ ടീമിനും ഇന്ത്യയെ പരാജയപ്പെടുത്താനുള്ള കഴിവുണ്ടെന്നും മത്സരത്തിലെ മൂന്നര മണിക്കൂറിനുള്ളില്‍ എന്ത് സംഭവിക്കുന്നു എന്നതാണ് പ്രധാനമെന്നും മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം പറഞ്ഞു. ഇന്ത്യയുടെ ബലഹീനതകള്‍ അനുസരിച്ച് തന്ത്രങ്ങള്‍ മെനഞ്ഞ് വിജയിക്കാനാണ് തങ്ങളുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എല്ലാ ടീമുകള്‍ക്കും ഇന്ത്യയെ പരാജയപ്പെടുത്താനുള്ള കഴിവുണ്ട്. മത്സരത്തിലെ ആ മൂന്നര മണിക്കൂറിനുള്ളില്‍ എന്ത് സംഭവിക്കുന്നു എന്നതാണ് പ്രധാനം. ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാനും ഇന്ത്യയുടെ കളിയില്‍ എന്തെങ്കിലും ബലഹീനതകള്‍ ഉണ്ടെങ്കില്‍ അതനുസരിച്ച് തന്ത്രങ്ങള്‍ മെനയാനും ഞങ്ങള്‍ ലക്ഷ്യമിടുന്നു. അങ്ങനെയാണ് ഞങ്ങള്‍ വിജയിക്കാന്‍ പദ്ധതിയിടുന്നത്.

ഇന്ത്യ ഉള്‍പ്പെടുന്ന എല്ലാ മത്സരങ്ങളിലും ആവേശമുണ്ടാകും. കാരണം അവര്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ടി-20 ടീമാണ്. ആവേശം അനിവാര്യമാണ്. ഞങ്ങള്‍ അത് സ്വീകരിക്കുകയും ആ നിമിഷം ആസ്വദിക്കുകയും കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും,’ സിമ്മണ്‍സ് പറഞ്ഞു.

അതേസമയം സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ലങ്കയെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് ഇന്ത്യക്കെതിരെ കളത്തിലെത്തുന്നത്. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 169 റണ്‍സിന്റെ വിജയലക്ഷ്യം മറികടന്നാണ് ബംഗ്ലാ കടുവകള്‍ വിജയം നേടിയത്. കരുത്തരായ ഇന്ത്യയെ നേരിടുമ്പോള്‍ വമ്പന്‍ പോരാട്ടമായിരിക്കും ബംഗ്ലാദേശും കാഴ്ചവെക്കുന്നത്.

Content Highlight: Bangladesh Head Coach Phil Simmons Talking About Indian Cricket Team

We use cookies to give you the best possible experience. Learn more