| Friday, 13th February 2026, 10:44 am

ബംഗ്ലാദേശ് തെരഞ്ഞെടുപ്പ്; ബി.എന്‍.പിക്കും താരിഖ് റഹ്‌മാനും അഭിനന്ദങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രി

രാഗേന്ദു. പി.ആര്‍

ന്യൂദല്‍ഹി: ബംഗ്ലാദേശ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വിജയത്തില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിക്കും ബി.എന്‍.പി നേതാവ് താരിഖ് റഹ്‌മാനും അഭിനന്ദങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

20 വര്‍ഷത്തിന് ശേഷമാണ് ബി.എന്‍.പി വീണ്ടും ഭരണത്തിലേറുന്നത്. 299 സീറ്റുകളിലേക്കാണ് ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ് നടന്നത്.

ഇതില്‍ 181 സീറ്റിലും ബി.എന്‍.പി വിജയിച്ചപ്പോള്‍ രാജ്യത്തെ പ്രധാനകക്ഷിയായ ജമാഅത്തെ ഇസ്‌ലാമി 61 സീറ്റിലൊതുങ്ങി. അന്തിമഫലം ഇപ്പോഴും പുറത്തുവന്നിട്ടില്ല. വോട്ടെണ്ണല്‍ തുടരുകയാണ്.

ബി.എന്‍.പിയുടെ നേതൃത്വത്തില്‍ ബംഗ്ലാദേശിലെ ജനങ്ങള്‍ വെച്ചിരിക്കുന്ന വിശ്വാസ്യതയാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ കാണുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ജനാധിപത്യപരവും പുരോഗമനപരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ബംഗ്ലാദേശ് സര്‍ക്കാരിനെ ഇന്ത്യ പിന്തുണക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി പിന്തുണ അറിയിച്ചത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും വികസന ലക്ഷ്യങ്ങള്‍ സാധ്യമാക്കുന്നതിനുമുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.

ബംഗ്ലാദേശിലെ പുതിയ നേതൃത്വവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും അറിയിച്ചു. വിജയകരമായി തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയ ബംഗ്ലാദേശിലെ ജനങ്ങള്‍ക്ക് അദ്ദേഹം അഭിനന്ദങ്ങള്‍ അറിയിക്കുകയും ചെയ്തു.

സമാധാനപരമായി തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയതില്‍ ബംഗ്ലാദേശിലെ ജനങ്ങള്‍ക്ക് പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലിയും അഭിനന്ദനമറിയിച്ചു.

തെരഞ്ഞെടുക്കപ്പെട്ട ബംഗ്ലാദേശിലെ പുതിയ സര്‍ക്കാരിന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അഭിനന്ദങ്ങള്‍ അറിയിച്ചു. ഇന്ത്യക്കാര്‍ എപ്പോഴും ബംഗ്ലാദേശിനെ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയും ബംഗ്ലാദേശും ചരിത്രം, ഭാഷ, സംസ്‌കാരം എന്നിവയാല്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഖാര്‍ഗെ എക്സില്‍ എഴുതി.

തെരഞ്ഞെടുപ്പ് വിജയത്തില്‍ താരിഖ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള ബി.എന്‍.പിയെ ധാക്കയിലെ യു.എസ് എംബസിയും അഭിനന്ദിച്ചു. ഇരുരാജ്യങ്ങളുടെയും പൊതുവായ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ ബംഗ്ലാദേശിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും യു.എസ് എംബസി പ്രതികരിച്ചു.

Content Highlight: Bangladesh elections; PM Modi congratulates BNP and Tarique Rahman

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more