| Tuesday, 3rd February 2026, 8:03 am

ഷെയ്ഖ് ഹസീനയ്ക്ക് അഴിമതി കേസില്‍ വീണ്ടും തടവ് ശിക്ഷ

യെലന കെ.വി

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അഴിമതിക്കേസില്‍ വീണ്ടും തടവുശിക്ഷ. ധാക്കയിലെ പൂര്‍ബാചല്‍ സര്‍ക്കാര്‍ ഭവന പദ്ധതിയിലെ പ്ലോട്ടുകള്‍ അനധികൃതമായി അനുവദിച്ചതുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് പത്ത് വര്‍ഷം തടവ് വിധിച്ചത്.

ഓരോ കേസിലും അഞ്ച് വര്‍ഷം വീതം ആകെ പത്ത് വര്‍ഷത്തെ കഠിനതടവാണ് 79-കാരിയായ ഹസീനയ്ക്ക് ലഭിച്ചത്. അധികാരമുപയോഗിച്ച് ബന്ധുക്കള്‍ക്കും ഇഷ്ടക്കാര്‍ക്കും പ്ലോട്ടുകള്‍ അനുവദിച്ചു എന്നാണ് കേസ്. ഹസീനയുടെ മകന്‍ രാദ്വാന്‍ മുജീബ് സിദ്ദിഖ്, സഹോദരപുത്രിയും ബ്രിട്ടീഷ് എംപിയുമായ ട്യൂലിപ് സിദ്ദിഖ് എന്നിവര്‍ക്കും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്.

ട്യൂലിപ് സിദ്ദിഖിന് നാല് വര്‍ഷവും മകനും മറ്റ് ബന്ധുക്കള്‍ക്കും ഏഴ് വര്‍ഷം വീതവുമാണ് തടവ് ശിക്ഷ. ഹസീന നിലവില്‍ ഇന്ത്യയിലാണ് അഭയം തേടിയിരിക്കുന്നത്. ഹസീനയുടെ അഭാവത്തിലാണ് ധാക്ക സ്‌പെഷ്യല്‍ ജഡ്ജ് കോടതിയാണ് വിധി പ്രസ്താവിച്ചത്. മറ്റ് പ്രതികളും വിദേശത്തായതിനാല്‍ അവര്‍ക്കെതിരെയും കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

യുവജന പ്രക്ഷോഭത്തെത്തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് ഷെയ്ഖ് ഹസീന അധികാരം ഒഴിഞ്ഞ് രാജ്യം വിട്ടത്. ഇതിന് പിന്നാലെ നിരവധി കേസുകളാണ് അവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്തിയതുമായി ബന്ധപ്പെട്ട കൊലപാതകക്കേസുകളില്‍ നേരത്തെ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. പുതിയ ശിക്ഷ കൂടി വന്നതോടെ അവരുടെ മേലുള്ള നിയമനടപടികള്‍ കൂടുതല്‍ കര്‍ശനമായിരിക്കുകയാണ്. അതേസമയം, രാഷ്ട്രീയ പ്രേരിതമായ കേസുകളാണ് ഇതെന്നും ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗ് ആരോപിക്കുന്നു.

Content Highlight: Bangladesh court sentences ex-PM Hasina, UK lawmaker niece in graft case

യെലന കെ.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.

We use cookies to give you the best possible experience. Learn more