പാകിസ്ഥാനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര തൂത്തുവാരി ബംഗ്ലാദേശ്. സെയ്‌ഹെറ്റ് സ്റ്റേഡിയത്തില്‍ നടന്ന അവസാന ടെസ്റ്റില്‍ 78 റണ്‍സിനാണ് ബംഗ്ലാദേശ് പാകിസ്ഥാനെ തകര്‍ത്തത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 437 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 358 റണ്‍സിന് പുറത്തായി.
ചരിത്രത്തിലാദ്യമായാണ് ബംഗ്ലാദേശ് സ്വന്തം തട്ടകത്തില്‍ പാകിസ്ഥാനെതിരെ ഒരു ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണവിജയം സ്വന്തമാക്കുന്നത്. ഈ വിജയത്തോടെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് മുന്നേറാനും ബംഗ്ലാദേശിന് സാധിച്ചു. 58.33 ശതമാനവുമായാണ് ബംഗ്ലാദേശിന്റെ കുതിപ്പ്.
മത്സരത്തിന്റെ അഞ്ചാം ദിവസം 437 എന്ന കൂറ്റന്‍ ടോട്ടലിലേക്ക് ബാറ്റെടുത്ത പാക് ടീമിനെ എറിഞ്ഞു വീഴ്ത്തിയത് തൈജുല്‍ ഇസ്ലാമാണ്. ആറ് വിക്കറ്റുകള്‍ നേടിയാണ് താരം തിളങ്ങിയത്. നഹിദ് റാണ രണ്ട് വിക്കറ്റുകളും ഷോരിഫുല്‍ ഇസ്ലാം, മെഹിദി ഹസന്‍ മിറാസ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി ബംഗ്ലാദേശിന്റെ ചരിത്ര വിജയത്തില്‍ നിര്‍ണായകമായി.
പാക് നിരയില്‍ മുഹമ്മദ് റിസ്വാന്‍, സല്‍മാന്‍ അലി ആഘ, ക്യാപ്റ്റന്‍ ഷാന്‍ മസൂദ് എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. റിസ്വാന്‍ 94 റണ്‍സ് നേടിയാണ് തിളങ്ങിയത്. 10 ഫോറുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. സല്‍മാന്‍, ഷാന്‍ മസൂദ് എന്നിവര്‍ 71 റണ്‍സും നേടി പൊരുതി.
ബംഗ്ലാദേശ് രണ്ടാം ഇന്നിങ്‌സില്‍ 390 റണ്‍സിനാണ് പുറത്തായത്. മുഷ്ഫിഖുര്‍ റഹീമിന്റെ സെഞ്ച്വറി കരുത്തിലാണ് ബംഗ്ലാദേശ് മികച്ച സ്‌കോര്‍ നേടിയത്. 12 ഫോറുകളും ഒരു സിക്സും അടക്കം 137 റണ്‍സാണ് മുഷ്ഫിഖുര്‍ നേടിയത്. ലിറ്റണ്‍ ദാസ്(69), മഹമ്മദുല്‍ ഹസന്‍ ജോയ്(52) എന്നിവരും ടീമിന് മികച്ച സംഭാവനകള്‍ നല്‍കി.
പാക് ബൗളിങ്ങില്‍ ഖുറം ഷെഹ്സാദ് നാല് വിക്കറ്റുകളും സാജിദ് ഖാന്‍ മൂന്ന് വിക്കറ്റുകളും നേടി തിളങ്ങി. ഹസന്‍ അലി രണ്ട് വിക്കറ്റുകളും മുഹമ്മദ് അബ്ബാസ് ഒരു വിക്കറ്റും നേടി.
ഒന്നാം ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 278 റണ്‍സാണ് നേടിയത്. ലിറ്റണ്‍ ദാസ് സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 159 പന്തില്‍ 16 ഫോറുകളും രണ്ട് സിക്‌സുകളും അടക്കം 126 റണ്‍സാണ് താരം നേടിയത്.
ഒന്നാം ഇന്നിങ്‌സിലും ഖുറം ഷെഹ്സാദ് പാകിസ്ഥാന്‍ വേണ്ടി നാല് വിക്കറ്റുകള്‍ വീഴ്ത്തി. സാജിദ് ഖാന്‍ മൂന്ന് വിക്കറ്റുകളും ഹസന്‍ അലി രണ്ട് വിക്കറ്റുകളും അബ്ബാസ് ഒരു വിക്കറ്റും സ്വന്തമാക്കി.
അതേസമയം ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത പാക് ടീം 232 റണ്‍സാണ് സ്വന്തമാക്കിയത്. അര്‍ധ സെഞ്ച്വറി നേടി ബാബര്‍ അസമാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍. 68 റണ്‍സാണ് താരം നേടിയത്.
ബംഗ്ലാദേശ് ബൗളിങ്ങില്‍ നഹിദ് റാണ മൂന്ന് വിക്കറ്റുകളും തൈജുല്‍ ഇസ്ലാം മൂന്ന് വീതം വിക്കറ്റുകകളും നേടിയപ്പോള്‍ ടാസ്‌കിന്‍ അഹമ്മദ്, മെഹദി ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റും കൈപ്പിടിയിലാക്കി.
Content Highlight: Bangladesh beat Pakistan and create a new history in test cricket