| Monday, 7th July 2025, 12:23 pm

ബെംഗളൂരു ചിട്ടി കമ്പനി തട്ടിപ്പ്; 40 കോടിയിലേറെ രൂപയുമായി മുങ്ങി മലയാളി ദമ്പതികള്‍; പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളികളായ ചിട്ടി കമ്പനി ഉടമക്കും പങ്കാളിക്കുമെതിരെ കേസെടുത്ത് പൊലീസ്. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിയെന്ന പരാതിയിലാണ് കേസ്.

രാമമൂര്‍ത്തിനഗറില്‍ എ & എ ചിറ്റ് ഫണ്ട് ആന്‍ഡ് ഫിനാന്‍സ് എന്ന പേരില്‍ ചിട്ടി കമ്പനി നടത്തിയ ടോമി എ. വര്‍ഗീസിനും പങ്കാളി ഷൈനി ടോമിക്കും എതിരെയാണ് പൊലീസ് കേസെടുത്തത്. രാമമൂര്‍ത്തി നഗര്‍ പൊലീസാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

ദമ്പതികളെ ബുധനാഴ്ച മുതല്‍ കാണാതാകുകയായിരുന്നു. ഇവരെ കാണാതായതിന് പിന്നാലെ ആശങ്കാകുലരായ നിക്ഷേപകര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. 70 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്ന് കാണിച്ച് പി.ടി. സാവിയോ എന്നയാള്‍ ആയിരുന്നു ഇരുവര്‍ക്കും എതിരെ ആദ്യമായി പരാതി നല്‍കിയത്.

പിന്നാലെ ഞായറാഴ്ച വൈകുന്നേരത്തോടെ തട്ടിപ്പിന് ഇരയായ 265 പേരില്‍ നിന്നുള്ള പരാതികളാണ് പൊലീസിന് ലഭിച്ചത്. ഇതില്‍ നിന്നും 40 കോടിയിലധികം രൂപ നിക്ഷേപകര്‍ക്ക് നഷ്ടമായിട്ടുണ്ടെന്നാണ് പൊലീസ് കണക്കാക്കുന്നത്. ഇനിയും കൂടുതല്‍ ആളുകള്‍ പരാതിയുമായി മുന്നോട്ട് വരാനുള്ള സാധ്യതയുമുണ്ട്.

തട്ടിപ്പിന് ഇരയായവരില്‍ ഭൂരിഭാഗവും മലയാളികളാണ്. 25 വര്‍ഷത്തിലേറെയായി ഈ ചിട്ടി ഫണ്ട് സ്ഥാപനം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ടോമിയും കുടുംബവും 25 വര്‍ഷമായി രാമമൂര്‍ത്തിനഗറില്‍ തന്നെയാണ് താമസം.

ആദ്യഘട്ടത്തില്‍ ഇവര്‍ അഞ്ച് ലക്ഷം വരെയുള്ള ചിട്ടിയായിരുന്നു നടത്തിയിരുന്നത്. പിന്നീട് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുകയായിരുന്നു. ബുധനാഴ്ച ഇരുവരും ബന്ധുവിന് സുഖമില്ലാത്തതിനാല്‍ ആലപ്പുഴയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഇവിടെ നിന്നും കടന്നു കളയുന്നത്.

വീടും വാഹനവും വിറ്റ ശേഷമാണ് ഇരുവരും കടന്നതെന്നാണ് പൊലീസിന്റെ നിഗമനം. അവരുടെ ഫോണുകള്‍ സ്വിച്ച് ഓഫാണ്. ഫോണില്‍ കിട്ടാതെ വന്നോടെയാണ് ഇടപാടുകാര്‍ പൊലീസിനെ സമീപിച്ചത്. ഒന്നര കോടി രൂപ വരെ നിക്ഷേപിച്ചവരും തട്ടിപ്പിനിരയായവരുടെ കൂട്ടത്തിലുണ്ട്.

Content Highlight:Bangalore chit fund company scam; Malayali couple absconded with over Rs 40 crore, complaint

We use cookies to give you the best possible experience. Learn more