| Monday, 9th June 2025, 9:33 am

രാജ്യത്ത് വിധവകൾ നേരിടുന്നത് ദുരാചാരങ്ങൾ; സ്ത്രീകൾക്ക് അന്തസ്സോടെ ജീവിക്കാനാവശ്യമായ നിയമം പാസാക്കണം: പ്രമോദ് സിൻജാൻഡെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: രാജ്യത്ത് വിധവകൾ അനുഭവിക്കേണ്ടി വരുന്ന ആചാരങ്ങൾ ഇല്ലാതാക്കി സ്ത്രീകൾക്ക് അന്തസ്സോടെ ജീവിക്കാൻ അനുവദിക്കുന്ന നിയമം പാസാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റും മഹാത്മാ ഫൂലെ സമാജ് സേവാ മണ്ഡലിന്റെ തലവനുമായ പ്രമോദ് സിൻജാൻഡെ. തന്റെ ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രമോദ് സിൻജാഡെ എം.പിമാർക്കും വിവിധ സർക്കാർ സ്ഥാപനങ്ങൾക്കും കത്തെഴുതി.

ഇന്ത്യയിലെ ഗ്രാമപഞ്ചായത്തുകളിലൂടെയും ഗ്രാമസഭകളിലൂടെയും വിധവകളുമായി ബന്ധപ്പെട്ട ആചാരങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും അതിന് സഹായിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി അന്നപൂർണ ദേവി, ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ വിജയ രഹത്കർ, എല്ലാ ലോക്‌സഭാംഗങ്ങൾ എന്നിവർക്കും കത്തുകൾ അയച്ചതായി സിൻജാഡെ മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളിൽ വിധവാ ആചാരങ്ങൾ ഇല്ലാതാക്കുന്നതിനായി കമ്മിറ്റികൾ രൂപീകരിക്കാൻ എല്ലാ സംസ്ഥാന സർക്കാരുകളോടും ആവശ്യപ്പെടാൻ വനിതാ-ശിശു വികസന മന്ത്രാലയത്തിന് നിർദ്ദേശം നൽകണമെന്ന് അദ്ദേഹം ദേശീയ വനിതാ കമ്മീഷനോട് അഭ്യർത്ഥിച്ചു.

‘ഇന്നും ഇന്ത്യയിലെ വിധവകൾക്ക് വിവാഹത്തെ പ്രതിനിധാനം ചെയ്യുന്ന താലി, വളകൾ, കാൽവിരലിലെ മോതിരങ്ങൾ എന്നിവ പൊട്ടിക്കുക, പാദസരങ്ങളും വർണാഭമായ വസ്ത്രങ്ങളും നീക്കം ചെയ്യുക, തല മൊട്ടയടിക്കുക, ചടങ്ങുകളിൽ നിന്നും കുടുംബ ആചാരങ്ങളിൽ നിന്നും അവരെ ഒഴിവാക്കുക തുടങ്ങിയ പിന്തിരിപ്പൻ ആചാരങ്ങൾക്ക് വിധേയരാകുന്നു. നമ്മുടെ സമൂഹത്തിന്റെ പല ഭാഗങ്ങളിലും ഈ മനുഷ്യത്വരഹിതമായ ആചാരങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു,’ അദ്ദേഹം പറഞ്ഞു.

2022 മെയ് 17 ന്, കോലാപ്പൂർ ജില്ലയിലെ ഹെർവാഡ് ഗ്രാമസഭയിൽ വിധവാ വിവാഹവുമായി ബന്ധപ്പെട്ട ആചാരങ്ങൾ നിരോധിക്കുന്നതിനുള്ള പ്രമേയം പാസാക്കിയ ആദ്യ ഗ്രാമമായി മാറിയിരുന്നു. തുടർന്ന് മഹാരാഷ്ട്ര ഭരണകൂടം എല്ലാ പ്രധാന സർക്കാർ ഉദ്യോഗസ്ഥർക്കും ഗ്രാമ പഞ്ചായത്തുകൾക്കും അത്തരം വിവേചനപരമായ ആചാരങ്ങൾ ഇല്ലാതാക്കാനുള്ള നിർദേശം നൽകിയിരുന്നുവെന്ന് സിൻജാഡെ പറഞ്ഞു.

ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, മഹാരാഷ്ട്രയിലുടനീളമുള്ള 7,000ത്തിലധികം ഗ്രാമപഞ്ചായത്തുകൾ വിധവാ സമ്പ്രദായം ഇല്ലാതാക്കുന്നതിനും ഇത്തരത്തിലുള്ള വിവേചനം അവസാനിപ്പിക്കുന്നതിന് പൊതു നിലപാട് സ്വീകരിക്കുന്നതിനുമായി ഗ്രാമസഭകൾ വഴി പ്രത്യേക സമിതികൾ രൂപീകരിച്ചു. തൽഫലമായി, ദേശീയ മനുഷ്യാവകാശ കമ്മീഷനും മറ്റ് കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും ഈ സംരംഭത്തെ അംഗീകരിക്കുകയും ഇന്ത്യയിലുടനീളം ഈ മാതൃക പകർത്താൻ ശുപാർശ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്‌സഭാംഗങ്ങൾക്ക് അയച്ച കത്തുകളിൽ, ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കാനും ഇന്ത്യയിലെ വിധവകൾക്ക് അന്തസോടെയും ബഹുമാനത്തോടെയും ജീവിക്കാൻ അനുവദിക്കുന്ന ഒരു നിയമത്തിനായി വാദിക്കാനും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.

ഇന്ത്യയിൽ വിധവാ സമ്പ്രദായം നിർത്തലാക്കുന്നതിനുള്ള ഒരു നിയമം രൂപീകരിക്കാൻ കേന്ദ്ര സർക്കാരിനോടും എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാരോടും ശുപാർശ ചെയ്തിട്ടുണ്ടെന്നും സിൻജാൻഡെ പറഞ്ഞു.

Content Highlights: Ban regressive practices for widows: Activist writes to MPs, govt bodies

We use cookies to give you the best possible experience. Learn more