| Thursday, 1st October 2026, 10:57 am

ബുര്‍ഖ ധരിച്ച് ലേബര്‍ റൂമിലെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് വിലക്ക്; ജമ്മു കാശ്മീരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

അഞ്ജു ചന്ദ്രന്‍

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ദോഡ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ബുര്‍ഖ ധരിച്ചെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനികളെ ലേബര്‍ റൂമില്‍ പ്രവേശിപ്പിക്കാത്ത നടപടിയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. സംഭവത്തില്‍ അന്വേഷണം നടത്താന്‍ കോളേജ് അധികൃതര്‍ സമിതിയെ നിയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഇന്നലെയാണ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ദോഡയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കൂടുതലും ഇന്റേണ്‍ വിദ്യാര്‍ത്ഥികളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.

ബുര്‍ഖ ധരിച്ചെത്തിയ ചില വിദ്യാര്‍ത്ഥിനികളോട് ലേബര്‍ റൂമില്‍നിന്ന് പുറത്തുപോകാന്‍ വനിതാ പ്രൊഫസര്‍ ആവശ്യപ്പെട്ടെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി.

തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ബുര്‍ഖ ധരിക്കുന്നതിനെതിരെ പ്രൊഫസര്‍ നിലപാട് സ്വീകരിച്ചെന്നും ഇത് തങ്ങളെ മാത്രം ലക്ഷ്യമിട്ടുള്ള നടപടിയാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

ലേബര്‍ റൂമില്‍ ബുര്‍ഖ അനുവദനീയമല്ലെങ്കില്‍ നീണ്ട നഖങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് കാര്യങ്ങളിലും സമാനമായ നിയന്ത്രണം വേണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച വാദം.

സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കോളേജ് അധികൃതര്‍ അന്വേഷണ സമിതി രൂപീകരിച്ചത്.

ആരോപണങ്ങളുടെ യാഥാര്‍ഥ്യം പരിശോധിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളുമായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ചര്‍ച്ച നത്തിയിട്ടുണ്ട്.

സംഭവത്തില്‍ ദോഡ എം.എല്‍.എ മെഹ്റാജ് മാലിക് ആരോഗ്യ മന്ത്രി സക്കീന ഇത്തുവുമായി സംസാരിച്ചതായും റിപ്പോര്‍ട്ടുണ്ട്. വിഷയം വേഗത്തില്‍ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദേശമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: Ban on female students entering the labour room wearing a burqa; medical students protest in Jammu and Kashmir.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more