| Wednesday, 29th October 2025, 9:56 pm

അവാമി ലീഗിന് വിലക്ക്: മറ്റൊരു പാര്‍ട്ടിക്കും വോട്ട് ചെയ്യേണ്ട; കൂട്ടമായി വോട്ട് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് ഷെയ്ഖ് ഹസീന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ബംഗ്ലാദേശ് ദേശീയ തെരഞ്ഞെടുപ്പില്‍ അവാമി ലീഗിന് മത്സരിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ പാര്‍ട്ടി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീന.

തെരഞ്ഞെടുപ്പ് അവാമി ലീഗ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബഹിഷ്‌കരിക്കുമെന്ന് ന്യൂദല്‍ഹിയില്‍ വെച്ച് റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

മറ്റ് പാര്‍ട്ടികളെ പിന്തുണയ്ക്കാന്‍ അവാമി ലീഗ് വോട്ടര്‍മാരോട് ആവശ്യപ്പെടില്ല. സാമാന്യബുദ്ധി വിജയിക്കുകയാണെങ്കില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവാമി ലീഗിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. ബംഗ്ലാദേശില്‍ നിന്നും പുറത്താക്കിയതിന് ശേഷം ഷെയ്ഖ് ഹസീന നല്‍കുന്ന ആദ്യത്തെ നീണ്ട അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.

തന്റെ പാര്‍ട്ടിയെ ബഹിഷ്‌കരിച്ച് നടത്തുന്ന തെരഞ്ഞടുപ്പില്‍ ആര് അധികരാത്തില്‍ എത്തിയാലും താന്‍ തിരിച്ച് ബംഗ്ലാദേശിലേക്കില്ലെന്നും ഷെയ്ഖ് ഹസീന വിശദീകരിച്ചു.

അവാമി ലീഗിനെ നിരോധിച്ച നടപടി അന്യായമാണ്. സ്വയം പരാജയപ്പെടുത്തല് കൂടിയാണതെന്നും ഷെയ്ഖ് ഹസീന വിമര്‍ശിച്ചു. അവാമി ലീഗിന് മില്യണ്‍ കണക്കിനാളുകളുടെ പിന്തുണയുണ്ട്. പാര്‍ട്ടിയെ വിലക്കിയതിലൂടെ അവരുടെ വോട്ടവകാശമാണ് നിഷേധിച്ചിരിക്കുന്നത്.

സജീവമായ രാഷ്ട്രീയ സംവിധാനത്തില്‍ നിങ്ങള്‍ക്ക് ദശലക്ഷക്കണക്കിന് ആളുകളുടെ വോട്ട് നിഷേധിക്കാനാകില്ല. വരാനിരിക്കുന്ന സര്‍ക്കാരിന് നിയമസാധുതയുണ്ടായിരിക്കണം എങ്കില്‍ അവാമി ലീഗിന് മത്സരിക്കാന്‍ അനുമതി നല്‍കുകയാണ് വേണ്ടതെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.

എന്നാല്‍, വിലക്ക് നീക്കാനായി ബംഗ്ലാദേശ് അധികൃതരുമായി ചര്‍ച്ച നടത്തിയോ എന്ന ചോദ്യത്തോട് അവര്‍ പ്രതികരിച്ചില്ല.

2024ല്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ന്യൂദല്‍ഹിയില്‍ അഭയം പ്രാപിച്ചിരിക്കുകയാണ് ബംഗ്ലാദേശ് മുന്‍പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ജൂലൈ 15നും ഓഗസ്റ്റ് 5നും ഇടയില്‍ നടന്ന പ്രക്ഷോഭത്തില്‍ 1400ഓളം പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്കുകള്‍.

ഈസംഭവത്തിന് ശേഷം ഷെയ്ഖ് ഹസീന രാജ്യം വിടുകയും ചെയ്തു. പിന്നാലെ സമാധാനത്തിനുള്ള നോബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. 2026 ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്നും യൂനുസ് ഭരണകൂടം അറിയിച്ചിരുന്നു.

ദേശീയ സുരക്ഷാഭീഷണികളും അവാമി നേതാക്കള്‍ക്കെതിരെ ചുമത്തിയ യുദ്ധക്കുറ്റവും ചൂണ്ടിക്കാണിച്ച് യൂനുസ് ഭരണകൂടം അവാമി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ വിലക്കിയിരുന്നു.

പിന്നാലെ, മേയ് മാസത്തില്‍ ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന്റെ രജിസ്‌ട്രേഷന്‍ ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കുകയായിരുന്നു.

അതേസമയം, ഇന്ത്യ സുരക്ഷിതമാണെന്നും അടുത്തകാലത്തൊന്നും ഇന്ത്യ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഷെയ്ഖ് ഹസീന പറഞ്ഞിരുന്നു.

content Highlight: Ban on Awami league: Don’t vote for any other party; Sheikh Hasina calls for mass boycott of votes

We use cookies to give you the best possible experience. Learn more