ഇസ്‌ലാമാബാദ്: ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാനെതിരെ ആക്രമണവുമായി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ബോളാന്‍, കെച്ച് മേഖലകളില്‍ നടത്തിയ ആക്രമണത്തില്‍ 14 സൈനികരെ കൊലപ്പെടുത്തിയതായി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി സ്ഥിരീകരിക്കുകയായിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഏെേറ്റടുത്തിട്ടുണ്ട്. സൈനിക വാഹനത്തിന് നേരെയായിരുന്നു ആക്രമണം. പാകിസ്ഥാന്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് കമാന്റര്‍ താരിഖ് ഇമ്രാന്‍, സുബേദാര്‍ ഉമര്‍ ഫാറൂഖ് എന്നിവരുള്‍പ്പെടെ 12 സൈനികര്‍ ഉണ്ടായിരുന്ന വാഹനത്തിന് നേരെയായിരുന്നു ആക്രമണം.
ആക്രമണത്തില്‍ മുഴുവന്‍ പേരും കൊല്ലപ്പെട്ടു. ബോലാനിലെ മാച്ചിലെ ഷോര്‍ഖണ്ഡില്‍ വെച്ചാണ് വാഹനത്തിന് നേരെ ബി.എല്‍.എയുടെ സ്‌പെഷ്യല്‍ ടാക്റ്റിക്കല്‍ ഓപ്പറേഷന്‍സ് സ്വാഡ് റിമോട്ട് കണ്‍ട്രോള്‍ ആക്രമണം നടത്തിയത്.
കൂടാതെ കെച്ചിലെ കുലാഗ് ട്രിഗാന്‍ പ്രദേശത്ത് പാകിസ്ഥാന്‍ സൈന്യത്തിന്റെ ബോംബ് നിര്‍വീര്യമാക്കുന്ന ഫോഴ്‌സിന് നേരെയാണ് ആക്രമണം നടത്തിയത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു ആക്രമണം. യൂണിറ്റ് ക്ലിയറന്‍സ് ദൗത്യം നടത്തുന്നതിനിടെ റിമോട്ട് കണ്‍ട്രോള്‍ വഴി ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടതെന്ന് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി അറിയിച്ചു.
പിന്നാലെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തവും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തത്. ബി.എല്‍.എയുടെ വക്താവ് ജിയാന്‍ഡ് ബലോച്ചാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരിക്കെയാണ് ബലൂച് ഭീകരര്‍ പാക് സൈന്യത്തെ ആക്രമിക്കുന്നത്.
പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ നേരത്തെ സ്ഫോടനമുണ്ടായതായും ആക്രമണത്തില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആക്രമണത്തിന് പിന്നില്‍ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബി.എല്‍.എ)യാണെന്നാണ് പ്രാഥമിക വിവരം ലഭിച്ചിരുന്നത്.
തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാനിലുണ്ടായ ആക്രമണത്തില്‍ അര്‍ധസൈനികരാണ് കൊല്ലപ്പെട്ടതെന്നും അഞ്ച് സൈനികര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നുമായിരുന്നു വിവരം.
അടുത്തിടെ ക്വറ്റയിലുണ്ടായ സ്ഫോടനത്തില്‍ 10 പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സൈനിക വ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഐ.ഇ.ഡി ആക്രമണത്തിലാണ് പാക് സൈനികര്‍ കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ബി.എല്‍.എ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
പാകിസ്ഥാനെതിരായ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാക്കുമെന്നും ബി.എല്‍.എ വക്താവ് അറിയിച്ചിരുന്നു. സര്‍വശക്തിയും ഉപയോഗിച്ച് തങ്ങളുടെ ശത്രുക്കളുടെ ലക്ഷ്യം വെക്കുന്നത് തുടരുമെന്നാണ് ബി.എല്‍.എ അറിയിച്ചിരുന്നത്. പിന്നാലെ നിരവധി ആക്രമണങ്ങളും പാകിസ്ഥാന് നേരെ ഉണ്ടായിരുന്നു.
2025 മാര്‍ച്ചില്‍ ബലൂച് ഭീകരര്‍ ഒമ്പത് കോച്ചുകളിലായി 500ഓളം യാത്രക്കാരുമായി പോയ പാകിസ്ഥാന്‍ റെയില്‍വേയുടെ ജാഫര്‍ എക്‌സ്പ്രസ് റാഞ്ചിയെടുത്തിരുന്നു. പെഷവാറിലേക്കുള്ള യാത്രാമധ്യേ, ക്വറ്റയില്‍ നിന്ന് ഏകദേശം 160 കിലോമീറ്റര്‍ അകലെയുള്ള പര്‍വതപ്രദേശത്ത് വെച്ചായിരുന്നു ഭീകരര്‍ ട്രെയിന്‍ ഹൈജാക്ക് ചെയ്തത്. ഇതില്‍ ഏകദേശം 339 ആളുകളെ ബി.എല്‍.എ പ്രവര്‍ത്തകര്‍ ബന്ദികളാക്കുകയും ചെയ്തിരുന്നു.
സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് ട്രെയിന്‍ പാളം തെറ്റിക്കുകയും ഹൈജാക്ക് ചെയ്യുകയുമായിരുന്നു. സംഭവത്തില്‍ 20ലധികം ഭീകരര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
Content Highlight: Balochistan attack on Pakistan army during India-Pakistan conflict; 14 soldiers killed