| Thursday, 13th March 2025, 7:06 am

പാകിസ്ഥാനിൽ ബലൂച് ഭീകരർ ട്രെയിൻ റാഞ്ചിയ സംഭവം; 21 യാത്രക്കാർ കൊല്ലപ്പെട്ടതായി പാക് സൈന്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: പാകിസ്ഥാനിൽ ബലൂച് ഭീകരർ റാഞ്ചിയ ട്രെയിനിലുണ്ടായിരുന്ന ബന്ധികളെയെല്ലാം മോചിപ്പിച്ചതായും 21 ബന്ദികൾ കൊല്ലപ്പെട്ടതായും പാക് സൈന്യം. 212 യാത്രക്കാരെ ബന്ദികളാക്കിയ എല്ലാ ബലൂച് ഭീകരരും കൊല്ലപ്പെട്ടതായും പാക് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.

‘ബലൂച് ലിബറേഷൻ ആർമി (ബി‌.എൽ‌.എ) നടത്തിയ ആക്രമണത്തിൽ 21 യാത്രക്കാരും നാല് അർദ്ധസൈനികരും കൊല്ലപ്പെട്ടു. അതേസമയം സുരക്ഷാ സേന സംഭവസ്ഥലത്തുണ്ടായിരുന്ന 33 ഭീകരരെയും വധിച്ചു,’ ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് പറഞ്ഞു.

രക്ഷപ്പെടുത്തിയവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നുവെന്നും അവരെ ഭീകരർ മനുഷ്യകവചമായി ഉപയോഗിച്ചിരുന്നുവെന്നും അധികൃതർ പറഞ്ഞു. സ്ഫോടകവസ്തുക്കൾ നിറച്ച വസ്ത്രങ്ങൾ ധരിച്ച ഭീകരർ സ്ത്രീകളെയും കുട്ടികളെയും ഒരുമിച്ച് നിർത്തി സമീപത്ത് ഇരുത്താൻ നിർബന്ധിച്ചതായും അത് രക്ഷാപ്രവർത്തനം ബുദ്ധിമുട്ടാക്കിയതായും ഉദ്യോഗസ്ഥർ നേരത്തെ പറഞ്ഞിരുന്നു.

‘ വൈകുന്നേരത്തെ അവസാന ക്ലിയറൻസ് ഓപ്പറേഷനിൽ ശേഷിച്ച എല്ലാ ബന്ദികളെയും സുരക്ഷിതരാക്കിയിട്ടുണ്ട്. തീവ്രവാദികൾ യാത്രക്കാരെ മനുഷ്യകവചമായി ഉപയോഗിച്ചതിനാൽ, വളരെ കൃത്യതയോടെയും ജാഗ്രതയോടെയുമാണ് ഓപ്പറേഷൻ നടത്തിയത്,’ ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് പറഞ്ഞു.

രക്ഷപ്പെടുത്തിയ യാത്രക്കാരെ അവരുടെ നാടുകളിലേക്ക് അയച്ചെന്നും പരിക്കേറ്റവർ മാക് ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇക്കഴിഞ്ഞ ദിവസമാണ് ബലൂചിസ്ഥാൻ സായുധ സംഘത്തിന്റെ തട്ടിക്കൊണ്ടുപോകൽ നടന്നത്. ഒമ്പത് കോച്ചുകളിലായി 500 ഓളം യാത്രക്കാരുമായി പോയ ജാഫർ എക്സ്പ്രസ് ആൺ ഭീകരർ ഹൈജാക്ക് ചെയ്തത്. പെഷവാറിലേക്കുള്ള യാത്രാമധ്യേ, ക്വെറ്റയിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ അകലെയുള്ള പർവതപ്രദേശത്ത് വെച്ചായിരുന്നു ഭീകരർ ട്രെയിൻ ഹൈജാക്ക് ചെയ്തത്. സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് ട്രെയിൻ പാളം തെറ്റിക്കുകയും, ഹൈജാക്ക് ചെയ്യുകയുമായിരുന്നു.

അതേ സമയം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ട്രെയ‍ിൻ റാഞ്ചുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ബി.എൽ.എ തന്നെയാണ് ട്രെയിൻ തട്ടിയെടുക്കുന്നതിന്‍റേയും യാത്രികരെ ബന്ദിയാക്കുന്നതിന്‍റേയും വീഡിയോ പുറത്ത് വിട്ടത്. ട്രെയിൻ പോകുമ്പോൾ ട്രാക്കിൽ സ്ഫോടനം നടക്കുന്നതും തുടർന്ന് ഒളിഞ്ഞിരുന്ന ബി.എൽ.എ സായുധസംഘം ജാഫർ എക്പ്രസ് ട്രെയിനിനടുത്തേക്ക് ഇരച്ചെത്തുന്നതും ദൃശ്യങ്ങളിൽ കാണാം. ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി ബലൂച് തടവുകാരെ മോചിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു.

ട്രെയിൻ വളഞ്ഞ് യാത്രക്കാരെ പുറത്തിറക്കി ബന്ദികളാക്കുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്. റോഡോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത മലയിടുക്കാണ് ആക്രമണത്തിനായി ബി.എൽ.എ സംഘം തെരഞ്ഞെടുത്തത്. സൈനികർക്കോ മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർക്കോ പെട്ടെന്ന് എത്തിച്ചേരാൻ പറ്റാത്ത സ്ഥലമാണിത്.

Content Highlight: Baloch insurgents who hijacked train killed, 21 passengers dead: Pak Army

We use cookies to give you the best possible experience. Learn more