| Thursday, 7th August 2025, 5:30 pm

ബാലണ്‍ ഡി ഓര്‍ വേദിയില്‍ ഹാട്രിക്കിന് എമിലിയാനോ, കടുത്ത മത്സരവുമായി കരുത്തരും

ആദര്‍ശ് എം.കെ.

2025 ബാലണ്‍ ഡി ഓര്‍ വേദിയിലെ യാഷിന്‍ ട്രോഫിക്കുള്ള സാധ്യതാ പട്ടിക പുറത്തുവിട്ടു. ഒരു യൂറോപ്യന്‍ സീസണിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്ക് സമ്മാനിക്കുന്ന പുരസ്‌കാരമാണ് യാഷിന്‍ ട്രോഫി. ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍ കീപ്പര്‍മാരില്‍ പ്രധാനിയായ സോവിയറ്റ് യൂണിയന്‍ ഇതിഹാസം ലെവ് യാഷിന്റെ പേരില്‍ നല്‍കപ്പെടുന്ന പുരസ്‌കാരമാണിത്.

ലെവ് യാഷിന്‍

കഴിഞ്ഞ രണ്ട് തവണയും പുരസ്‌കാരത്തില്‍ മുത്തമിട്ട എമിലിയാനോ മാര്‍ട്ടീനസ് ഇത്തവണയും പുരസ്‌കാരത്തിനുള്ള സാധ്യതാ പട്ടികയില്‍ മുന്നിലുണ്ട്. ഇത്തവണയും ബാലണ്‍ ഡി ഓര്‍ വേദിയില്‍ കരുത്ത് കാട്ടാന്‍ തന്നെയാണ് എമി കച്ചമുറുക്കുന്നത്.

2024 യാഷിന്‍ ട്രോഫിയുമായി എമിലിയാനോ മാര്‍ട്ടീനസ്

ലിവര്‍പൂളിന്റെ ബ്രസീലിയന്‍ സൂപ്പര്‍ താരം അലിസണ്‍ ബെക്കറാണ് എമിലിയാനോക്ക് ഏറ്റവും വലിയ മത്സരം സമ്മാനിക്കാനൊരുങ്ങുന്നത്. ലിവര്‍പൂളിന്റെ പ്രീമിയര്‍ ലീഗ് വിജയത്തിലടക്കം നിര്‍ണായക പങ്കാണ് ബെക്കര്‍ വഹിച്ചത്. കരിയറിലെ രണ്ടാം യാഷിന്‍ ട്രോഫിയാണ് ബെക്കര്‍ ലക്ഷ്യം വെക്കുന്നത്. ഈ പുരസ്‌കാരം നല്‍കാന്‍ ആരംഭിച്ച 2019ല്‍ അലിസണ്‍ ബെക്കറാണ് പുരസ്‌കാരത്തില്‍ മുത്തമിട്ടത്.

പ്രഥമ യാഷിന്‍ ട്രോഫി ജേതാവ് – അലിസണ്‍ ബെക്കര്‍

ഇരുവര്‍ക്കും ചെക്ക് വെക്കാന്‍ പി.എസ്.ജിയുടെ ജിയാന്‍ലൂജി ഡൊണാറൂമ്മയുമുണ്ട്. പി.എസ്.ജിക്കൊപ്പം ട്രബിള്‍ സ്വന്തമാക്കിയ ഇറ്റാലിയന്‍ കരുത്തനും തന്റെ കരിയറിലെ രണ്ടാം യാഷിന്‍ ട്രോഫിയാണ് ലക്ഷ്യമിടുന്നത്. 2021ലാണ് താരം ആദ്യമായി യാഷിന്‍ ട്രോഫി നേടിയത്.

ഡൊണാറൂമ്മ പുരസ്‌കാരവുമായി

ഇതിന് പുറമെ മൊറോക്കന്‍ സെന്‍സേഷന്‍ യാസിന്‍ ബോണോ, റയല്‍ ഗോള്‍കീപ്പര്‍ തിബൗട്ട് കോര്‍ട്വാ എന്നിവരും പട്ടികയുടെ ഭാഗമാണ്.

യാഷിന്‍ ട്രോഫി 2025 – നോമിനേഷന്‍ പട്ടിക

അലിസണ്‍ ബെക്കര്‍ (ലിവര്‍പൂള്‍, ബ്രസീല്‍)

യാസിന്‍ ബോണൗ (അല്‍ ഹിലാല്‍, മൊറോക്കോ)

ലൂക്കാസ് ഷെവലിയര്‍ (ലില്ലെ, ഫ്രാന്‍സ്)

തിബൗട്ട് കോര്‍ട്വാ (റയല്‍ മാഡ്രിഡ്, ബെല്‍ജിയം)

ജിയാന്‍ലൂജി ഡോണറുമ്മ (പി.എസ്.ജി, ഇറ്റലി)

എമിലിയാനോ മാര്‍ട്ടിനെസ് (ആസ്റ്റണ്‍ വില്ല, അര്‍ജന്റീന)

ജീന്‍ ഒബ്ലാക്ക് (അറ്റിലിക്കോ മാഡ്രിഡ്, സ്ലൊവേനിയ)

ഡേവിഡ് റയ (ആഴ്‌സണല്‍, സ്‌പെയ്ന്‍)

മാറ്റ്‌സ് സെല്‍സ് (നോട്ടിങ്ഹാം ഫോറസ്റ്റ്, ബെല്‍ജിയം)

യാന്‍ സോമര്‍ (ഇന്റര്‍ മിലാന്‍)

ഇതിനൊപ്പം പ്രഥമ വനിതാ യാഷിന്‍ ട്രോഫിക്കുള്ള സാധ്യതാ പട്ടികയും പുറത്തുവിട്ടിട്ടുണ്ട്. അഞ്ച് താരങ്ങളാണ് പട്ടികയിലുള്ളത്.

വുമണ്‍സ് യാഷിന്‍ ട്രോഫി 2025 – നോമിനേഷന്‍ പട്ടിക

ആന്‍-കാതറിന്‍ ബെര്‍ജെര്‍ (ഗോഥം എഫ്.സി, ജര്‍മനി)

കാറ്റ കോള്‍ (ബാഴ്‌സലോണ, സ്‌പെയ്ന്‍)

ഹന്ന ഹാംടണ്‍ (ചെല്‍സി, ഇംഗ്ലണ്ട്)

ചിയാംക എന്‍നാദോസി (ബ്രൈറ്റണ്‍, നൈജീരിയ)

ഡാഫെന്‍ വാന്‍ ഡോംസെലാര്‍ (ആഴ്‌സണല്‍, നെതര്‍ഡലന്‍ഡ്‌സ്)

സെപ്റ്റംബര്‍ 22നാണ് ബാലണ്‍ ഡി ഓര്‍ വേദിയില്‍ ഈ രണ്ട് പുരസ്‌കാരങ്ങളും സമ്മാനിക്കുക.

Content highlight: Ballon d’Or 2025: Nominees for Yashin Trophy, Emiliano Martinez, Allison Becker included

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more