| Friday, 5th June 2026, 7:55 pm

ഇപ്രാവശ്യവും സീന്‍ മാറ്റാന്‍ ചാന്‍സുണ്ട്, ഡ്രാമ പ്രതീക്ഷിച്ചവര്‍ക്ക് ത്രില്ലറുമായി ബാലന്‍, മിന്നായം പോലെ ടൊവിനോയും

അമര്‍നാഥ് എം.

വെറും രണ്ട് സിനിമകള്‍ കൊണ്ട് മോളിവുഡില്‍ സ്വന്തമായൊരു സ്ഥാനം നേടിയെടുത്ത സംവിധായകനാണ് ചിദംബരം. ആദ്യചിത്രമായ ജാന്‍ ഏ മന്‍ സൂപ്പര്‍ഹിറ്റായപ്പോള്‍ രണ്ടാമത്തെ ചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സ് ചരിത്രവിജയമായി മാറി. ഇന്‍ഡസ്ട്രിയുടെ സീന്‍ മാറ്റുമെന്നുള്ള പ്രീ റിലീസ് വാദത്തിനോട് നൂറ് ശതമാനം നീതി പുലര്‍ത്താന്‍ മഞ്ഞുമ്മല്‍ ബോയ്‌സിന് സാധിച്ചു.

മഞ്ഞുമ്മല്‍ ബോയ്‌സിന്റെ വന്‍ വിജയത്തിന് ശേഷം ചിദംബരം അണിയിച്ചൊരുക്കുന്ന ചിത്രമാണ് ബാലന്‍. അനൗണ്‍സ്‌മെന്റ് മുതല്‍ സിനിമാപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ബാലന് സാധിച്ചു. കഥയെക്കുറിച്ച് യാതൊരു സൂചനയും അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നില്ല. കാന്‍ ചലച്ചിത്രോത്സവത്തില്‍ ബാലന്‍ പ്രദര്‍ശിപ്പിച്ചതും വലിയ വാര്‍ത്തയായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നിരിക്കുകയാണ്. കഥയെക്കുറിച്ച് ഒരു സൂചനയും നല്‍കാത്ത മിസ്റ്ററിയാണ് ട്രെയ്‌ലറിന്റെ ഏറ്റവും വലിയ പ്രത്യേകത. പല നാടുകളില്‍ പല പേരുകളില്‍ കഴിയുന്ന ഒരു അമ്മയുടെയും മകന്റെയും കഥയാണെന്ന് മാത്രമേ ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നുള്ളൂ. ചിത്രത്തിലെ ചില സര്‍പ്രൈസ് കാസ്റ്റുകളും ഞെട്ടിച്ചിട്ടുണ്ട്.

പ്രേമലു, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റുകളൊരുക്കിയ ഗിരീഷ് എ.ഡിയുടെ സാന്നിധ്യമാണ് ഇതില്‍ എടുത്തുപറയേണ്ടത്. ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്ന ഗിരീഷ് എ.ഡി പൊലീസ് വേഷത്തിലാണ് ബാലനില്‍ പ്രത്യക്ഷപ്പെടുന്നത്. മറ്റൊരു സംവിധായകനും ബാലനില്‍ ക്യാമറക്ക് മുന്നിലെത്തുന്നുണ്ട്.

ജീന്‍ പോള്‍ ലാലാണ് ചിത്രത്തില്‍ അഭിനയിക്കുന്ന മറ്റൊരു സംവിധായകന്‍. മഞ്ഞുമ്മല്‍ ബോയ്‌സിലെ പോലെ വ്യത്യസ്തമായ ഗെറ്റപ്പില്‍ തന്നെയാണ് ജീന്‍ പോള്‍ ബാലനിലും പ്രത്യക്ഷപ്പെടുന്നത്. യുവതാരങ്ങളില്‍ ശ്രദ്ധ നേടിയ ടൊവിനോയും ഈ ചിത്രത്തില്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്. ട്രെയ്‌ലറില്‍ ഒരു മിന്നായം പോലെയാണ് ടൊവിനോയെ കാണിക്കുന്നത്.

ക്യാമറക്ക് പിന്നിലും മികച്ച ക്രൂവാണ് ബാലനില്‍. ആവേശത്തിന് ശേഷം ജിത്തു മാധവന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിന്‍ ശ്യാമാണ്. മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഗുണാ കേവ് പുനസൃഷ്ടിച്ച അജയന്‍ ചാലിശ്ശേരിയാണ് ഈ ചിത്രത്തിന്റെയും പ്രൊഡക്ഷന്‍ ഡിസൈന്‍. കുമ്പളങ്ങി നൈറ്റ്‌സ്, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ഷൈജു ഖാലിദും കൂടി ചേരുമ്പോള്‍ ബാലന്റെ സ്‌ക്വാഡ് ട്രിപ്പിള്‍ സ്‌ട്രോങ്ങാണ്. ജൂണ്‍ 19ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Balan Movie trailer out now

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more