ട്രോള്‍ പേജുകളിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ താരമാണ് നന്ദമൂരി ബാലകൃഷ്ണ. ലോജിക്കില്ലാത്ത ആക്ഷന്‍ രംഗങ്ങള്‍ കാരണമാണ് ബാലകൃഷ്ണ ട്രോളന്മാരുടെ ഇരയായത്. എന്നാല്‍ അടുത്ത കാലത്തായി ബാലകൃഷ്ണ ചെയ്ത സിനിമകള്‍ ക്വാളിറ്റിയുള്ളതാണെന്ന് മലയാളത്തിലെ പല സിനിമാപേജുകളും അഭിപ്രായപ്പെട്ടു. ഡാക്കു മഹാരാജിന് ശേഷം കേരളത്തിലും ബാലയ്യക്ക് ആരാധകരുണ്ടായി.
ബാലകൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രമായ അഖണ്ഡ 2വിന്റെ ട്രെയ്‌ലര്‍ ലോഞ്ചാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ട്രെയ്‌ലര്‍ പ്രീമിയര്‍ ചെയ്യുന്ന സമയത്ത് അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം ബാലകൃഷ്ണയും ആകാംക്ഷയോടെ സ്‌ക്രീനിലേക്ക് നോക്കി നില്‍ക്കുന്നത് വീഡിയോയില്‍ കാണാനാകും. ട്രെയ്‌ലറിലെ തന്റെ ഡയലോഗ് കേട്ട് ബാലകൃഷ്ണ നല്കുന്ന റിയാക്ഷന്‍ വൈറലായി.
സ്‌ക്രീനില്‍ ഡയലോഗ് പറയുന്നതിനനുസരിച്ച് വേദിയില്‍ നിന്നുകൊണ്ട് ചുണ്ടനക്കിയ ബാലകൃഷ്ണ ആക്ഷന്‍ രംഗം കണ്ട് അന്തം വിടുന്ന ഭാഗം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. തന്റെ സിനിമയുടെ ട്രെയ്‌ലര്‍ കണ്ട് അന്തം വിടാന്‍ വേറെ ആരുടെയും ആവശ്യമില്ലെന്നും താന്‍ തന്നെ മതിയെന്നും ബാലകൃഷ്ണ തെളിയിച്ചെന്നാണ് പല പോസ്റ്റുകളുടെയും ക്യാപ്ഷന്‍.
പോസ്റ്റിന് താഴെ വരുന്ന കമന്റുകളും രസകരമാണ്. ഏത് സീന്‍ കണ്ടപ്പോഴാണ് ബാലകൃഷ്ണക്ക് രോമാഞ്ചം വന്നതെന്നാണ് പലരും ചോദിക്കുന്നത്. ഡാക്കു മഹാരാജിന് ശേഷം ബാലകൃഷ്ണയുടെ കരിയര്‍ നല്ല ട്രാക്കിലൂടെ പോകുമെന്ന് കരുതിയെന്നും അഖണ്ഡ 2 ട്രെയ്‌ലര്‍ കണ്ടപ്പോള്‍ അദ്ദേഹം വീണ്ടും പഴയ ട്രാക്കിലേക്കെത്തിയെന്നുമാണ് കൂടുതല്‍ കമന്റുകളും.
അഖണ്ഡ 2 ട്രെയ്‌ലറിലെ ഓവര്‍ ദി ടോപ്പ് ആക്ഷന്‍ രംഗങ്ങളും മോശം ഗ്രാഫിക്‌സ് രംഗങ്ങളും ട്രോളിന് വിധേയമായി. അടുത്തിടെ പുറത്തിറങ്ങിയ പ്രൊപ്പഗണ്ട സിനിമകളുടെ പാത പിന്തുടര്‍ന്ന് ഹൈന്ദവ ധര്‍മത്തെ പൊക്കിയടിച്ച് ഹിറ്റാക്കാനുള്ള ശ്രമമാണ് ഈ സിനിമയുടേതെന്നും ചിലര്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്. മഹാകുംഭ മേളയാണ് ചിത്രത്തിന്റെ പ്രധാന കഥാപശ്ചാത്തലം.
2020ല്‍ പുറത്തിറങ്ങിയ അഖണ്ഡയുടെ സ്പിരിച്വല്‍ സീക്വലായാണ് അഖണ്ഡ 2 ഒരുങ്ങുന്നത്. ഇരട്ട വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ബാലകൃഷ്ണയുടെ ലുക്കും ചര്‍ച്ചയായിട്ടുണ്ട്. മലയാളി താരം സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. പാന്‍ ഇന്ത്യന്‍ റിലീസ് ലക്ഷ്യം വെക്കുന്ന ചിത്രം ഡിസംബര്‍ അഞ്ചിന് തിയേറ്ററുകളിലെത്തും.
Content Highlight: Balakrishna’s reaction for Akhanda 2 trailer viral