ട്രോള്‍ പേജുകളിലൂടെ മലയാളികള്‍ക്ക് പരിചിതനായ നടനാണ് നന്ദമൂരി ബാലകൃഷ്ണ. ആരാധകര്‍ ബാലയ്യ എന്ന് വിളിക്കുന്ന താരം ഒരു കാലത്ത് ട്രോള്‍ മെറ്റീരിയലായിരുന്നെങ്കിലും ഇന്ന് സ്‌ക്രിപ്റ്റ് സെലക്ഷനിലൂടെ സിനിമാപ്രേമികളെ ഞെട്ടിക്കുന്നുണ്ട്. ബാലകൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രമായ അഖണ്ഡ 2വിന്റെ സോങ് റിലീസുമായി ബന്ധപ്പെട്ട വീഡിയോയാണ് സോഷ്യല്‍ മീഡിയ ഭരിക്കുന്നത്.
പുതിയ ഗാനരംഗത്തില്‍ ബാലകൃഷ്ണയോടൊപ്പം ഭാഗമായ മലയാളി താരം സംയുക്ത മേനോന്‍ സിനിമയെക്കുറിച്ച് സംസാരിക്കുന്ന ചെറിയ ഭാഗം ഇതിനോടകം വൈറലായി. ചിത്രത്തെക്കുറിച്ച് സംയുക്ത സംസാരിക്കുമ്പോള്‍ ബാലകൃഷ്ണ പിന്നില്‍ ആരുടെയോ അടുത്ത് ദേഷ്യത്തില്‍ സംസാരിക്കുകയായിരുന്നു. എന്നാല്‍ സംയുക്ത പെട്ടെന്ന് തിരിഞ്ഞ് നോക്കിയപ്പോള്‍ മുഖത്ത് ചിരി വരുത്തിയ ബാലകൃഷ്ണ തൊട്ടടുത്ത സെക്കന്‍ഡില്‍ വീണ്ടും പഴയ ഭാവത്തിലേക്ക് മാറുകയായിരുന്നു.
വെറും ആറ് സെക്കന്‍ഡ് മാത്രമുള്ള ഈ വീഡിയോ പല ട്രോള്‍ പേജുകളും ഭരിക്കുകയാണ്. അന്യന്‍ എന്ന സിനിമയില്‍ ഞൊടിയിടയില്‍ മുഖഭാവം മാറ്റുന്ന ചിയാന്‍ വിക്രമിനോടൊപ്പമാണ് ബാലകൃഷ്ണയെ താരതമ്യപ്പെടുത്തുന്നത്. അന്യനിലെ ബി.ജി.എമ്മും ബാലകൃഷ്ണയുടെ വീഡിയോയും മിക്‌സ് ചെയ്തുകൊണ്ടുള്ള ക്ലിപ്പുകള്‍ ഇതിനോടകം വൈറലായി മാറി.
മമ്മൂട്ടിയുടെ ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രവുമായും ബാലകൃഷ്ണയുടെ വീഡിയോയെ താരതമ്യം ചെയ്യുന്നുണ്ട്. നീന കുറുപ്പും മമ്മൂട്ടിയും സിനിമ കാണുന്ന സീനില്‍ ബാലകൃഷ്ണയുടെയും സംയുക്തയുടെയും തല ഒട്ടിച്ചുവെച്ച മീമും പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്. ഇനിയങ്ങോട്ട് കുറച്ചു കാലത്തേക്ക് സോഷ്യല്‍ മീഡിയയിലെ മീം പേജുകള്‍ ബാലകൃഷ്ണ ഭരിക്കുമെന്ന് ഉറപ്പാണ്.
ഇത് ആദ്യമായല്ല ബാലകൃഷ്ണ പങ്കെടുക്കുന്ന പൊതു പരിപാടിയില്‍ ഇത്തരം മീം മെറ്റീരിയല്‍ ലഭിക്കുന്നത്. ബിംബിസാര എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ സമയത്ത് ആ ചിത്രത്തിലെ നായകനായ നന്ദമൂരി കല്യാണ്‍ റാം ബാലകൃഷ്ണയെ ‘ബാലകൃഷ്ണ അങ്കിള്‍’ എന്ന് അഭിസംബേധന ചെയ്തിരുന്നു. ആ സമയത്ത് താരത്തിന്റെ മുഖഭാവം ഞൊടിയിടയില്‍ മാറിയതിന്റെ വീഡിയോ ട്രോള്‍ പേജുകള്‍ ഏറ്റെടുത്തു.
ബാലകൃഷ്ണ ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് അഖണ്ഡ 2. ബോയപ്പട്ടി ശ്രീനു സംവിധാനം ചെയ്യുന്ന ചിത്രം 2021ല്‍ പുറത്തിറങ്ങിയ അഖണ്ഡയുടെ സീക്വലാണ്. സെപ്റ്റംബറില്‍ റിലീസാകുമെന്ന് അറിയിച്ച ചിത്രം ഡിസംബറിലേക്ക് മാറ്റുകയായിരുന്നു. പാന്‍ ഇന്ത്യന്‍ റിലീസാണ് അഖണ്ഡ 2 ലക്ഷ്യമിടുന്നത്.
Content Highlight: Balakrishna’s new video viral in troll pages