| Tuesday, 2nd August 2016, 7:00 am

വിവാദ പ്രസംഗം; ആര്‍. ബാലകൃഷ്ണ പിള്ളയ്‌ക്കെതിരെ അന്വേഷണത്തിന് നടപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: പത്തനാപുരത്ത് വെച്ച് വിദ്വേഷ പ്രസംഗം നടത്തിയതിന് കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണ പിള്ളക്കെതിരെ അന്വേഷണം. കൊല്ലം റൂറല്‍ എസ്.പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വഷണത്തിന് നടപടി. പുനലൂര്‍ ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. പത്തനാപുരം കമുകുംചേരിയില്‍ നടത്തിയ പ്രസംഗത്തിലാണ് ന്യൂനപക്ഷ വിഭാഗങ്ങളെ അധിക്ഷേപിച്ച് പിള്ള പ്രസംഗിച്ചത്. പിള്ളയ്‌ക്കെതിരെ പത്തനാപുരത്ത് പ്രതിഷേധ പ്രകടനവും നടന്നു. വിവാദ പ്രസ്താവന പിന്‍വലിച്ച് പിള്ള മാപ്പ് പറയണം എന്ന് കെ.പി.സി.സി ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചു എന്നാണ് ബാലകൃഷ്ണപിള്ള നല്‍കുന്ന വിശദീകരണം.

ഒരു സമുദായത്തെയും അധിക്ഷേപിച്ചിട്ടില്ലെന്നും തന്റെ പേരില്‍ പുറത്തുവന്ന ശബ്ദരേഖ എഡിറ്റ് ചെയ്തതാകാമെന്നുമാണ് ബാലകൃഷ്ണപിള്ള പറയുന്നത്. കോടതികള്‍ അധ്യാത്മിക കാര്യങ്ങളില്‍ ഇടപെടുന്നത് ശരിയല്ലെന്ന് മാത്രമാണ് പറഞ്ഞത്. പത്തനാപുരത്ത് നടത്തിയത് പ്രസംഗമല്ല. എന്‍.എസ്.എസ് കരയോഗത്തിലാണ് സംസാരിച്ചത്. ഇത് എന്തെല്ലാമാണെന്ന് ഓര്‍മയില്ലെന്നും ഒരു സമുദായത്തേയും ആക്ഷേപിച്ചിട്ടില്ല ബാങ്കുവിളിക്കെതിരെ സംസാരിച്ചിട്ടില്ല, എല്ലാ സമുദായത്തോടും ബഹുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് പോയാല്‍ താന്‍ പാര്‍ട്ടി ഓഫിസിലാണ് താമസിക്കുന്നത്. നായയുടെ കുരപോലെ തന്നെയാണ് അവിടെ അഞ്ചുനേരവും. അടുത്തൊരു പള്ളി കൊണ്ടുവെച്ച് ഇങ്ങോട്ട് ബാങ്ക് വിളിക്കുകയാ. ഇത് കേട്ടാല്‍ ഉറങ്ങാന്‍ പറ്റില്ല. ബാങ്ക് വിളിക്കുമ്പോള്‍ സമീപത്തെ മറ്റ് ദേവാലയങ്ങളിലെ മൈക്ക് ഓഫാക്കി കൊടുക്കണം. അതാണ് രീതി. എന്നാല്‍ ഇന്ന് എവിടെ നോക്കിയാലും പള്ളിയേ ഉള്ളുവെന്ന പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് ഇടവരുത്തിയത്.

We use cookies to give you the best possible experience. Learn more