| Thursday, 4th December 2025, 1:33 pm

ലോകസിനിമയില്‍ 50 വര്‍ഷമായി നായകവേഷം മാത്രം ചെയ്ത് നില്‍ക്കുന്ന നടന്‍ ഞാന്‍ മാത്രമായിരിക്കും: നന്ദമൂരി ബാലകൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെലുങ്കിലെ സീനിയര്‍ താരങ്ങളിലൊരാളാണ് നന്ദമൂരി ബാലകൃഷ്ണ. സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്ന് വന്ന ബാലകൃഷ്ണ തെലുങ്കില്‍ ഏറ്റവുമധികം ആരാധകരുള്ള നടന്മാരില്‍ ഒരാളാണ്. ബാലയ്യ എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ബാലകൃഷ്ണയെ ട്രോള്‍ വീഡിയോകളിലൂടെയാണ് മലയാളികള്‍ക്ക് പരിചയം.

എന്നാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ബാലകൃഷ്ണയുടെ സിനിമകള്‍ക്ക് മലയാളികള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഡാക്കു മഹാരാജിന് ഒ.ടി.ടിയില്‍ ഗംഭീര പ്രതികരണമായിരുന്നു ലഭിച്ചത്. തന്റെ ഏറ്റവും പുതിയ ചിത്രമായ അഖണ്ഡ 2വിന്റെ പ്രൊമോഷന്റെ ഭാഗമായി താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

‘കഴിഞ്ഞ 50 വര്‍ഷമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. അതെല്ലാം മുകളിലുള്ള ദൈവത്തിന്റെയും എന്നെ സൃഷ്ടിച്ച മാതാപിതാക്കളുടെയും ആശീര്‍വാദം കൊണ്ട് മാത്രമാണ് സാധിച്ചത്. എനിക്ക് തോന്നുന്നില്ല, ലോകസിനിമയില്‍ ഞാനല്ലാതെ 50 വര്‍ഷമായി നായകവേഷം മാത്രം ചെയ്യുന്ന മറ്റൊരു നടന്‍ ഉണ്ടാകുമെന്ന്. അതൊന്നും എന്റെ ഭാഗ്യമല്ല.

അവസാനം ചെയ്ത നാല് സിനിമകളും വിജയമായിട്ടുണ്ട്. അഖണ്ഡ, വീര സിംഹ റെഡ്ഡി, ഭഗവന്ത് കേസരി, ഡാക്കു മഹാരാജ് എന്നീ സിനിമകള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇതുപോലെ നല്ല നല്ല സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം. ഇപ്പോള്‍ വരുന്ന അഖണ്ഡ താണ്ഡവം പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് ഉറപ്പാണ്,’ ബാലകൃഷ്ണ പറയുന്നു.

ഓരോ സിനിമയും പ്രേക്ഷകരിലേക്ക് എന്തെങ്കിലും മെസേജ് നല്‍കുന്നതാകണം എന്നാണ് താന്‍ ചിന്തിക്കുന്നതെന്നും ബാലകൃഷ്ണ പറഞ്ഞു. താന്‍ ചെയ്ത സിനിമകളെല്ലാം നോക്കിയാല്‍ ഇത് കാണാനാകുമെന്നും സിനിമ എന്നത് സമൂഹത്തെ സ്വാധീനിക്കാന്‍ കഴിയുന്ന ആര്‍ട്ട് ഫോമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെന്നൈയില്‍ നടന്ന പ്രൊമോഷനില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഇപ്പോള്‍ ചെയ്ത അഖണ്ഡ 2വും പ്രേക്ഷകരിലേക്ക് നല്ലൊരു മെസേജ് എത്തിക്കണമെന്ന ഉദ്ദേശത്തോടുകൂടിയാണ് ചെയ്തിരിക്കുന്നത്. ട്രെയ്‌ലറും ടീസറും കണ്ടപ്പോള്‍ നിങ്ങള്‍ക്ക് മനസിലായിക്കാണും, ഇതൊരു വലിയ സിനിമയാണെന്ന്. ഡിസംബര്‍ അഞ്ചിന് സിനിമ തിയേറ്ററുകളിലെത്തും. എല്ലാവരും കണ്ട് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സാധാരണ ജനങ്ങളാണ് യഥാര്‍ത്ഥ പ്രൊമോട്ടര്‍മാര്‍,’ ബാലകൃഷ്ണ പറഞ്ഞു.

2021ല്‍ പുറത്തിറങ്ങിയ അഖണ്ഡയുടെ സീക്വലാണ് അഖണ്ഡ 2. ബാലകൃഷ്ണ ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ മലയാളി താരം സംയുക്ത മേനോനാണ് നായിക. ഹര്‍ഷാലി മല്‍ഹോത്ര, ആദി പിനിഷെട്ടി എന്നിവരാണ് മറ്റ് താരങ്ങള്‍. വലിയൊരു ഇടവേളക്ക് ശേഷ ബാലകൃഷ്ണയുടെ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണ് അഖണ്ഡ 2.

Content Highlight: Balakrishna claims that he acted more than 50 years only in hero role

Latest Stories

We use cookies to give you the best possible experience. Learn more