| Tuesday, 30th September 2025, 2:16 pm

മതപരിവര്‍ത്തനം തടയാന്‍ ആന്ധ്രയിലെ ദളിത് കോളനികളില്‍ 5000 അമ്പലങ്ങള്‍ സ്ഥാപിക്കുമെന്ന് ബി.ജെ.പി നേതാവ്, പിന്നാലെ പരിഹാസം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമരാവതി: ആന്ധ്രയിലെ ദളിത കോളനികളില്‍ കാലങ്ങളായി നടന്നുവരുന്ന മതപരിവര്‍ത്തനം തടയാന്‍ 5000ത്തിലധികം അമ്പലങ്ങള്‍ പണിയാന്‍ പദ്ധതിയുണ്ടെന്ന് ബി.ജെ.പി നേതാവ് യാമിനി ശര്‍മ. കഴിഞ്ഞദിവസം തിരുപ്പതി ക്ഷേത്രവികസനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ബി.ജെ.പി നേതാവിന്റെ വിവാദ പരാമര്‍ശം.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആന്ധ്രയില്‍ വ്യാപകമായി മതപരിവര്‍ത്തനം നടന്നെന്നും 1000ത്തിലധികം ക്രിസ്ത്യന്‍ പള്ളികള്‍ സംസ്ഥാനത്ത് പണി കഴിപ്പിച്ചെന്നും യാമിനി ആരോപിച്ചു. വലിയ രീതിയില്‍ ഹിന്ദു മതത്തിലുള്ളവര്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് മാറിയെന്നും ഇവര്‍ പറയുന്നു. ഇത് ഹിന്ദു സമൂഹത്തിന് തിരിച്ചടിയായെന്നും യാമിനി അഭിപ്രായപ്പെട്ടു.

‘എന്നാല്‍ കഴിഞ്ഞദിവസം തിരുപ്പതി ക്ഷേത്രത്തില്‍ വെച്ച് മുഖ്യമന്ത്രി പറഞ്ഞ വാക്കുകള്‍ ആശ്വാസം നല്‍കുന്നതാണ്. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ആന്ധ്രയിലെ ദളിത് കോളനികളില്‍ 5000 ബാലാജി ക്ഷേത്രങ്ങള്‍ പണികഴിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. എസ്.സി/ എസ്.ടി വിഭാഗത്തില്‍ ഇപ്പോള്‍ വലിയരീതിയില്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ട്.

കലിയുഗ പ്രത്യക്ഷ ദൈവമായ തിരുമല വെങ്കിടാചലപതി ദളിത് കോളനിയിലെ ഹിന്ദുക്കളെ ഒന്നിപ്പിച്ച് നിര്‍ത്തുമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അതിനാല്‍ ഈ പദ്ധതിയെ ഞങ്ങളുടെ പാര്‍ട്ടി ഇരുകൈയും നീട്ടി സ്വീകരിക്കുന്നു. ഭാരതീയ ജനതാ പാര്‍ട്ടി ഈ നീക്കത്തെ മുമ്പേ തന്നെ സ്വാഗതം ചെയ്തിട്ടുണ്ട്. ആന്ധ്ര സര്‍ക്കാര്‍ മതപരിവര്‍ത്തനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം’ യാമിനി ശര്‍മ പറഞ്ഞു.

എന്നാല്‍ വീഡിയോ വൈറലായതോടെ പലരും യാമിനിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ‘അമ്പലങ്ങള്‍ പണിതാല്‍ അവിടുത്തെ പൂജാരി ദളിതന്‍ തന്നെയായിരിക്കുമോ’, ‘ദളിത് കോളനിയിലെ ആരെങ്കിലും അമ്പലം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ’, ‘ദളിതരെയെല്ലാം ബ്രാഹ്‌മണരായി പരിവര്‍ത്തനം ചെയ്യുക. അപ്പോള്‍ ആരും മറ്റ് മതത്തിലേക്ക് പോകില്ല’, ‘വളരെ നല്ല നീക്കം തന്നെ ചന്ദ്രബാബു നായിഡു. 5000 അമ്പലത്തിലും ദളിതര്‍ പ്രധാന പൂജാരിമാര്‍, ബ്രാഹ്‌മണര്‍ അവരുടെ കാലില്‍ വീഴുക’ എന്നിങ്ങനെയാണ് പരിഹസിച്ചുകൊണ്ടുള്ള കമന്റുകള്‍.

Content Highlight: 5000 Balaji temple will built in Dalit Colonies of Andhra said BJP Leader and get trolls

We use cookies to give you the best possible experience. Learn more