| Monday, 11th May 2026, 8:29 am

'വലിയ വീട്ടിലെ പയ്യൻ കാരണം ജോലിക്കാരി ഗർഭിണിയായി', സിനിമ പുറത്തിറങ്ങിയപ്പോൾ ഒരുപാട് വിമർശനവും വന്നു: ബാലചന്ദ്ര മേനോൻ

നന്ദന എം.സി

മലയാള സിനിമയിലെ ബഹുമുഖ പ്രതിഭകളിലൊരാളായ ബാലചന്ദ്ര മേനോൻ നടൻ, സംവിധായകൻ, എഡിറ്റർ തുടങ്ങി നിരവധി മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ്.

അതുകൊണ്ടുതന്നെ മലയാള സിനിമയുടെ ‘ഓൾറൗണ്ടർ’ എന്ന വിശേഷണവും അദ്ദേഹത്തിന് സ്വന്തമാണ്. ഒരുകാലത്ത് കുടുംബപ്രേക്ഷകരുടെ പ്രിയ സംവിധായകനായിരുന്ന ബാലചന്ദ്ര മേനോൻ, കുടുംബചിത്രങ്ങളുടെ സംവിധായകൻ എന്ന ഇമേജിലൂടെയാണ് കൂടുതലായി ശ്രദ്ധിക്കപ്പെട്ടത്.

ബാലചന്ദ്ര മേനോൻ, Photo: Balachandra menon/ Facebook

ആ പ്രതിഛായ തന്നെയാണ് തന്റെ ഒരു പൈങ്കിളിക്കഥ എന്ന ചിത്രത്തിന് വലിയ വിമർശനങ്ങൾ വരാൻ കാരണമായതെന്നും അദ്ദേഹം തുറന്ന് പറഞ്ഞു.

‘കുട്ടിക്കാലത്ത് റെയിൽവേ സ്‌റ്റേഷൻ മാസ്റ്ററുടെ മകൻ എന്ന പ്രതിഛായയുടെ തടവിലായിരുന്നു. ക്യാംപസിലെത്തിയപ്പോഴത് മാഗസിൻ എഡിറ്റർ എന്ന രീതിയിലായി മാറി. ക്യാംപസിലൂടെ കൗമാരത്തിൻ്റെ എല്ലാ ചാപല്യങ്ങളോടെയും നടക്കണം എന്നുണ്ടായിരുന്നു.

പക്ഷേ, എഴുത്തുകാരൻ, കലാകാരൻ തുടങ്ങിയ പ്രതിഛായകൾ കാരണം ആ പ്രായത്തിലെ പല ആൺകുട്ടികളും ചെയ്യുന്നത് പോലെ പെൺകുട്ടികളോട് അടുത്തിടപഴകാനോ പ്രണയിക്കാനോ ഒന്നും പറ്റിയില്ല,’ ബാലചന്ദ്ര മേനോൻ പറഞ്ഞു.

ഒരു പൈങ്കിളിക്കഥ, Photo: YouTube/ Screengrab

സിനിമയിലെത്തിയ ശേഷവും കുടുംബസിനിമകളുടെ സംവിധായകൻ എന്ന ലേബലാണ് കൂടുതലായി ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ പുറത്തിറങ്ങിയ ഒരു പൈങ്കിളിക്കഥ എന്ന ചിത്രത്തിലെ കഥാപാത്രവും കഥാപശ്ചാത്തലവും വലിയ ചർച്ചകൾക്ക് വഴിവെച്ചുവെന്നും ബാലചന്ദ്ര മേനോൻ വ്യക്തമാക്കി.

‘ചിത്രത്തിൽ ഞാൻ വലിയ വീട്ടിലെ പയ്യനാണ്, രോഹിണി ജോലിക്കാരിയുടെ വേഷത്തിലുമായിരുന്നു. ഇരുവരും തമ്മിൽ അടുപ്പമുണ്ടാകുകയും പിന്നീട് അവൾ ഗർഭിണിയാകുകയും ചെയ്യുന്നു. സിനിമ പുറത്തിറങ്ങിയപ്പോൾ ‘ബാലചന്ദ്ര മേനോനിൽ നിന്ന് ഇങ്ങനെയൊരു കഥ പ്രതീക്ഷിച്ചില്ല’ എന്ന രീതിയിൽ ഒരുപാട് കത്തുകൾ ലഭിച്ചു,’ അദ്ദേഹം പറഞ്ഞു.

ഇന്നും സിനിമകൾ തെരഞ്ഞെടുക്കുമ്പോൾ ആ പ്രതിഛായ സ്വാധീനിക്കാറുണ്ടെന്നും, ക്യാമറയ്ക്ക് മുന്നിൽ മോശം വാക്കുകൾ ഉപയോഗിക്കാത്തത് പോലും അതിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാലചന്ദ്ര മേനോൻ, Photo: Balachandra menon/ Facebook

അതേസമയം, അഭിനയ രംഗത്ത് വീണ്ടും സജീവമാകാനുള്ള ആഗ്രഹവും ബാലചന്ദ്ര മേനോൻ പങ്കുവച്ചു. ബി. ഉണ്ണികൃഷ്ണന്റെ പ്രതിഛായ എന്ന ചിത്രത്തിന്റെ കഥ തന്നെ ഏറെ ആകർഷിച്ചതായും, പുതുതലമുറയ്ക്കായി തിരക്കഥകൾ എഴുതാനുള്ള പദ്ധതികൾ മനസിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight: Balachandra Menon says that the film Oru Paingili Katha received a lot of criticism.

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more