1980 കളിലെ മലയാള സിനിമയിലെ പോസ്റ്റര്‍ ഡിസൈനറും തിരക്കഥാകൃത്തുമാണ് ഗായത്രി അശോകന്‍. സംവിധായകന്‍ പത്മരാജന്റെ കൂടെവിടെ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അദ്ദേഹം ആദ്യമായി പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത്.
തുടര്‍ന്ന് മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, മുത്താരംകുന്ന് പി.ഒ, നിറക്കൂട്ട്, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ഒന്ന് മുതല്‍ പൂജ്യം വരെ, ദേവരാഗം, കാലാപാനി, താഴ്വാരം, വെള്ളാനകളുടെ നാട്, ന്യൂഡല്‍ഹി, മതിലുകള്‍, തനിയാവര്‍ത്തനം, ഇരുപതാം നൂറ്റാണ്ട്, മൃഗയ, വന്ദനം, ചിത്രം, കീരീടം, വരവേല്‍പ്പ്, സര്‍ഗം, തേന്മാവിന്‍ കൊമ്പത്ത്, ആറാം തമ്പുരാന്‍ തുടങ്ങി 700-ലധികം സിനിമകള്‍ക്ക് അദ്ദേഹം പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്.
1989ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ നായകനായ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ദൗത്യത്തിന്റെ തിരക്കഥാകൃത്തുമാണ് അദ്ദേഹം.
ബാലചന്ദ്രമേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഏപ്രില്‍ 18 എന്ന ചിത്രവുമായി ബന്ധപ്പെട്ട ഓര്‍മകള്‍ പങ്കുവെക്കുകയാണ് സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ ഗായത്രി അശോക്.
സിനിമ ഏതാണെന്നും ആരാണ് സംവിധായകന്‍ എന്ന് തീരുമാനിക്കുന്നതിന് മുന്‍പ് തന്നെ ആ സിനിമയ്ക്കായുള്ള അഡ്വാന്‍സ് തനിക്ക് ലഭിച്ചിരുന്നെന്നും നല്ലൊരു തുകയാണ് തന്നതെന്നും അശോക് പറയുന്നു. ഒപ്പം ആ സിനിമയിലൂടെ മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച ശോഭനയെ കുറിച്ചും അശോക് അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.
‘അന്ന് ആരും വാങ്ങിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം എനിക്ക് ലഭിച്ചിരുന്നു. അങ്ങനെയാണ് വര്‍ക്ക് തുടങ്ങുന്നത്. വളരെ നല്ല വര്‍ക്കായിരുന്നു അത്.
ഒരു കലണ്ടര്‍, കേരളസര്‍ക്കാര്‍ കലണ്ടറാണ് പരസ്യത്തിന് ഉപയോഗിച്ചത്. ഏപ്രില്‍ 18 എന്ന അക്ഷരത്തിലേക്ക് ബാലചന്ദ്രമേനോന്‍ വിരല്‍ചൂണ്ടി നില്‍ക്കുന്ന രീതിയിലായിരുന്നു പോസ്റ്റര്‍. അതിനൊപ്പം ശോഭനയുടെ ചിത്രവും.
ശോഭന ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ഏപ്രില്‍ 18. അന്ന് ബാലചന്ദ്രമേനോന്‍ ശോഭനയ്ക്ക് മീര എന്നൊരു പേരാണ് ഇട്ടിരുന്നത്. ആദ്യമായിട്ട് വരുന്നതല്ലേ. പറഞ്ഞാല്‍ കേള്‍ക്കുന്ന ഒരു പ്രായമാണ്. അവര്‍ സമ്മതിക്കുമെന്ന് കരുതി.
പക്ഷേ ശോഭന അന്നേ വഴക്കുണ്ടാക്കി. എന്റെ പേര് മീര എന്നല്ല എന്റെ പേര് ശോഭന എന്നാണെന്ന് പറഞ്ഞു. ആ പേര് മതിയെന്ന് പറഞ്ഞു. പേര് മാറ്റാന്‍ സമ്മതിച്ചില്ല. പക്ഷേ ഞങ്ങള്‍ അഭിനയിപ്പിക്കുന്ന പുതുമുഖം മീര എന്നാണ് ടൈറ്റിലില്‍ വന്നിരിക്കുന്നത്. ആ പടം നന്നായി ഓടി.
100 ദിവസത്തില്‍ കൂടുതല്‍ ഓടിയ സിനിമയാണ് അത്. അടൂര്‍ ഭാസി, ഭരത്‌ഗോപി, ജോസ് പ്രകാശ്, അടൂര്‍ ഭവാനി തുടങ്ങിയ നിരവധി പേര്‍ ആ സിനിമയില്‍ ഭാഗമായി. ആ സിനിമയിലെ അടൂര്‍ ഭവാനിയുടെ ഒരു പോസ്റ്ററൊക്കെ ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ ചിലര്‍ ഷെയര്‍ ചെയ്യുന്നത് കാണാം. നല്ല രസമുള്ള ഒരു സിനിമയായിരുന്നു അത്,’ ഗായത്രി അശോക് പറഞ്ഞു.
Content Highlight: Balachandra Menon named Shobana ‘Meera’ but she reject says Gayathri Ashokan