| Tuesday, 17th March 2026, 3:26 pm

വെറും സെല്‍ഫിഷായിട്ടുള്ള ആളാണ് കമല്‍ ഹാസന്‍, അങ്ങനെയുള്ള ആളുടെ കൂടെ സിനിമ ചെയ്യില്ലെന്ന് അന്ന് ഉറപ്പിച്ചു: ബാലചന്ദ്രമേനോന്‍

അമര്‍നാഥ് എം.

സൂപ്പര്‍താരങ്ങളെ ആശ്രയിക്കാതെ സിനിമാലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത വ്യക്തിയാണ് ബാലചന്ദ്രമേനോന്‍. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ച് ആ സിനിമയില്‍ നായകനായി വേഷമിടുക എന്ന റിസ്‌ക് പൂ പറിക്കുന്ന ലാഘവത്തോടെ ചെയ്ത് ബാലചന്ദ്രമേനോന്‍ സിനിമാലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

സിനിമയുടെ മേക്കിങ്ങിലും അവതരണത്തിലും മാറ്റം വന്നതിന് ശേഷം ബാലചന്ദ്രമേനോന്‍ സംവിധാനത്തില്‍ അത്ര സജീവമല്ല. അഭിനയത്തിലും ചെറിയ ഇടവേള നല്‍കിയിരിക്കുകയാണ് അദ്ദേഹം. സിനിമാജീവിതത്തില്‍ പലപ്പോഴായി നേരിട്ട തിരിച്ചടികളെക്കുറിച്ച് സംസാരിക്കുകയാണ് ബാലചന്ദ്രമേനോന്‍. കരിയറിലെ വലിയ ഹിറ്റുകളിലൊന്നായ അമ്മയാണെ സത്യം തമിഴില്‍ റീമേക്ക് ചെയ്യാനിരുന്നതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

ബാലചന്ദ്രമേനോന്‍ Photo: Screen grab/ Can Channel Media

കമല്‍ ഹാസനെ നായകനാക്കി ഒരുക്കാന്‍ ഉദ്ദേശിച്ച ചിത്രം പത്ത് ദിവസത്തെ ഷൂട്ടിന് ശേഷം മുടങ്ങിയെന്ന് ബാലചന്ദ്രമേനോന്‍ പറയുന്നു. വലിയ ഗ്രാന്‍ഡ് പൂജയായിരുന്നു ചിത്രത്തിന് നടത്തിയതെന്നും ആദ്യത്തെ കുറച്ച് ദിവസം വലിയ ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാന്‍ ചാനല്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.

‘എറണാകുളത്തായിരുന്നു ഷൂട്ട്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഷൂട്ടിങ് കാണാന്‍ തമിഴിലെ സ്‌ക്രിപ്റ്റ് റൈറ്ററും കമല്‍ ഹാസന്റെ സുഹൃത്തുമായ ക്രേസി മോഹന്‍ സെറ്റിലെത്തിയിരുന്നു. അവര് നോക്കുമ്പോള്‍ കമല്‍ ഹാസനാണ് നായകനെങ്കിലും ആണ്‍ വേഷം കെട്ടിയ നായികയാണ് സ്‌കോര്‍ ചെയ്യുന്നത്. ഇവര്‍ അത് കണ്ടിട്ട് കമല്‍ ഹാസനുമായി ചര്‍ച്ച നടത്തി. കമലിന് പെണ്‍വേഷം കെട്ടി അഭിനയിച്ചുകൂടെ എന്ന് അവര്‍ ചോദിച്ചു.

അത് അയാള്‍ക്ക് സ്‌ട്രൈക്ക് ചെയ്തു. ഈ സിനിമ പകുതിക്ക് വെച്ച് നിര്‍ത്തിയിട്ട് അയാള്‍ പോയി. പിന്നീടാണ് അവ്വൈ ഷണ്മുഖി ചെയ്തത്. അയാള്‍ക്ക് ഈ പ്രൊജക്ട് പൂര്‍ത്തിയാക്കണമെന്നില്ലായിരുന്നു. പ്രൊഡ്യൂസര്‍ക്ക് കുറച്ച് കാശ് കൊടുത്തതോടെ അയാള്‍ ഹാപ്പിയായി. അയാളെ പറഞ്ഞുവിട്ടു. അതോടെ ആ പ്രൊജക്ട് നിന്നു. അതില്‍ നിന്ന് പഠിച്ച പാഠമായിരുന്നു കമലിനെ പോലുള്ളവരുടെ കൂടെ പടം ചെയ്യരുതെന്ന്,’ ബാലചന്ദ്ര മേനോന്‍ പറയുന്നു.

ആ പ്രൊജക്ട് പകുതിക്ക് വെച്ച് ഉപേക്ഷിച്ചതില്‍ തനിക്ക് കമല്‍ ഹാസനോട് ദേഷ്യമില്ലെന്നും എന്നാല്‍ കമല്‍ ഹാസന് അത്തരമൊരു ദേഷ്യമുണ്ടോ എന്നറിയില്ലെന്നും ബാലചന്ദ്രമേനോന്‍ കൂട്ടിച്ചേര്‍ത്തു. ഇതിനെക്കുറിച്ച് താന്‍ ഒരിക്കലും കമല്‍ ഹാസനോട് സംസാരിച്ചിട്ടില്ലെന്നും അതിന് തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഞാനത് വിട്ടുകളഞ്ഞ കാര്യമാണ്. ആ പ്രൊജക്ട് പകുതിക്ക് വെച്ച് ഉപേക്ഷിച്ചപ്പോള്‍ തന്നെ ഒരു ആര്‍ട്ടിസ്‌റ്റെന്ന നിലയില്‍ കമല്‍ ഹാസന്‍ വളരെ സെല്‍ഫിഷാണെന്ന് മനസിലായി. അല്ലെങ്കില്‍ അങ്ങനെ ചെയ്യില്ലല്ലോ,’ ബാലചന്ദ്രമേനോന്‍ പറഞ്ഞു.

Content Highlight: Balachandra Menon criticizing Kamal Haasan for his selfish attitude

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more