| Monday, 8th October 2018, 8:53 am

ബാലഭാസ്‌ക്കറിന്റെ ഭാര്യയെ വെന്റിലേറ്ററില്‍നിന്ന് മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയെ വെന്റിലേറ്ററില്‍നിന്ന് മാറ്റി. ലക്ഷ്മിക്ക് ബോധം തെളിഞ്ഞതായും ദ്രവ ഭക്ഷണം കഴിക്കുന്നതായും ആശുപത്രി മേധാവി ഡോ. മാര്‍ത്താണ്ഡംപിള്ള പറഞ്ഞു.

ഐ.സി.യുവിലേയ്ക്ക് മാറ്റിയ ലക്ഷ്മിയുടെ ആരോഗ്യ സ്ഥിതിയില്‍ കൂടുതല്‍ പുരോഗതി ഉണ്ടായാല്‍ ഈ ആഴ്ച അവസാനം വാര്‍ഡിലേക്ക് മാറ്റും. കഴിഞ്ഞ മാസം 25ാം തിയ്യതിയാണ് ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.


ബാലഭാസ്‌ക്കര്‍ മകള്‍ക്കും ഭാര്യക്കുമൊപ്പം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം എന്നാണ് പ്രാഥമിക നിഗമനം. തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രദര്‍ശനത്തിന് ശേഷം മടങ്ങുകയായിരുന്നു ബാലഭാസ്‌ക്കറും കുടുംബവും.

അപകടത്തില്‍ മകള്‍ തേജസ്വിനി തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്‌ക്കര്‍ രണ്ടാം തിയ്യതി പുലര്‍ച്ചെ ഒരു മണിയോടുകൂടി മരണപ്പെട്ടിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം.

Latest Stories

We use cookies to give you the best possible experience. Learn more