| Wednesday, 4th June 2025, 6:54 am

സംഭലിലെ പൊതുസ്ഥലങ്ങളില്‍ ബക്രീദ് ബലി നല്‍കല്‍ നിരോധിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ബക്രീദ് ദിനത്തില്‍ സംഭലിലെ പൊതുസ്ഥലങ്ങളില്‍ ബലി നടത്തുന്നത് നിരോധിച്ചു. പൊതുസമാധാനം തകര്‍ക്കപ്പെടുമെന്ന് കാണിച്ചാണ് ജില്ല മജിസ്‌ട്രേറ്റ് കശാപ് നിരോധിച്ചത്.

ജൂണ്‍ ഏഴിനും ഒമ്പതിനും ഇടയില്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ബലി ചടങ്ങുകള്‍ പൂര്‍ത്തിയാക്കാനും മതനേതാക്കളോട് നിര്‍ദേശിച്ചിട്ടുണ്ട്. മൃഗങ്ങളെ ബലി നടത്തുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്യുന്നതിനെതിരെയും വിലക്കുണ്ട്.

ബക്രീദ് ദിനത്തില്‍ പൊതുസ്ഥലങ്ങളില്‍ ബലി നടത്തരുതെന്നും അനുവദിക്കില്ലെന്നും പൊതുസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദര്‍ പെന്‍സിയ പറഞ്ഞു.

ബക്രീദ് ദിനത്തിലെ ക്രമീകരണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഈദ് പ്രാര്‍ത്ഥനകള്‍ നടക്കുന്ന പ്രദേശങ്ങളിലെ പ്രതിനിധികള്‍ സമാധാന സമിതി യോഗം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.

ഇതിന് പിന്നാലെയാണ് നിരോധിക്കാനുള്ള തീരുമാനം. എല്ലാ പ്രതിനിധികളുമായും കൂടിയാലോചന നടത്തിയതായും മുന്‍കൂട്ടി നിശ്ചയിച്ച 19 സ്ഥലങ്ങളില്‍ മാത്രമേ ബലിയര്‍പ്പിക്കാന്‍ അനുവദിക്കൂവെന്നും നിര്‍ദേശത്തില്‍ പറയുന്നു.

മൃഗബലിക്കായി പൊതുസ്ഥലങ്ങളോ തുറസായ സ്ഥലങ്ങളോ ഉപയോഗിക്കില്ലെന്നും നിരോധിത മൃഗങ്ങളെ കൊല്ലുന്നത് വര്‍ഷങ്ങളായി നിരോധിച്ചിട്ടുള്ളതായും ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈദ് പ്രാര്‍ത്ഥനകള്‍ സമാധാനപരമായി നടക്കുമെന്ന് കരുതുമെന്നും വെള്ളം, വൈദ്യുതി, ശുചിത്വം എന്നിവക്കുള്ള ശരിയായ ക്രമീകരണങ്ങള്‍ ഭരണകൂടം ഉറപ്പാക്കുമെന്നും മജിസ്‌ട്രേറ്റ് പറഞ്ഞു.

Content Highlight: Bakrid sacrifice banned in public places in Sambhal

We use cookies to give you the best possible experience. Learn more