| Wednesday, 30th July 2025, 12:07 pm

കന്യാസ്ത്രീകളുടെ ജാമ്യം തടയും; കോടതിക്ക് മുമ്പില്‍ ജയ് ശ്രീറാം വിളികളുമായി ബജ്‌റംഗ്ദള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്പൂര്‍: മതംമാറ്റം നടത്തുന്നുവെന്നാരോപിച്ച് ഛത്തീസ്ഗഢില്‍ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ബജ്‌റംഗ്ദള്‍. കോടതിക്ക് പുറത്ത് ജയ് ശ്രീറാം വിളികളുമായെത്തിയാണ് ഹിന്ദുത്വവാദികള്‍ പ്രതിഷേധിക്കുന്നത്. ഛത്തീസ്ഗഢിലെ ദുര്‍ഗ് കോടതിക്ക് മുമ്പിലാണ് ഇവര്‍ സംഘടിച്ച് പ്രതിഷേധം നടത്തുന്നത്.

കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ ഇതിനെതിരെ അപ്പീല്‍ പോകുമെന്നും ബജ്‌റംഗ്ദള്‍ നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ബി.ജെ.പി നേതാക്കള്‍ ഇവിടെ വന്നിട്ടുണ്ടെന്നും ഇനിയും വരുമെന്നും പറഞ്ഞ ബജ്‌റംഗ്ദള്‍ നേതാവ് ജ്യോതി ശര്‍മ, തങ്ങളുടെ മുതിര്‍ന്ന നേതാക്കളുമായി ബി.ജെ.പി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കീഴ്‌ക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് കന്യാസ്ത്രീകള്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്.

മതപരിവര്‍ത്തനം നടത്തിയെന്നതിന് തങ്ങളുടെ പക്കല്‍ വ്യക്തമായ തെളിവുകളുണ്ടെന്നാണ് ബജ്‌റംഗ്ദളിന്റെ വാദം. കുട്ടികള്‍ കരഞ്ഞുപറയുന്ന വീഡിയോ ഉണ്ടെന്നും ഏത് കോടതിയിലും അവ ഹാജരാക്കുമെന്നും ഇവര്‍ പറഞ്ഞു.

ബജ്‌റംഗ് ദളിന്റെ ഇടപെടലിന് പിന്നാലെയാണ് മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലാകുന്നത്. കേരളത്തില്‍ നിന്നടക്കം ഇവരുടെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നതിനാല്‍ തന്നെ പ്രതിഷേധങ്ങള്‍ ശക്തമാക്കാനാണ് ബജ്‌റംഗ്ദള്‍ ഒരുങ്ങുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനെത്തിയ രണ്ട് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഢിലെ ദുര്‍ഗില്‍ വെച്ച് അറസ്റ്റ് ചെയ്തത്. സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന എന്നിവരാണ് അറസ്റ്റിലായത്.

മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവ ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ ഇവരെ തടയുകയായിരുന്നു. പിന്നാലെ പൊലീസെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മനുഷ്യക്കടത്തടക്കം പത്ത് വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇവരെ ഒന്ന്, രണ്ട് പ്രതികളാക്കിയും പെണ്‍കുട്ടികളുടെ ബന്ധു സുഖ്മന്‍ മണ്ഡാവിയെന്ന ആളെ മൂന്നാം പ്രതിയുമായി ചേര്‍ത്താണ് എഫ്.ഐ.ആര്‍ തയ്യാറാക്കിയിരിക്കുന്നത്. ഛത്തീസ്ഗഢ് മതസ്വാതന്ത്ര്യ നിയമത്തിലെ നാല്, ഭാരതീയ ന്യായ സംഹിത 143 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

Content Highlight: Bajrang Dal opposes bail plea of Malayali nuns arrested in Chhattisgarh on charges of proselytizing.

We use cookies to give you the best possible experience. Learn more