| Thursday, 1st October 2026, 7:09 am

ബംഗാളില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ യോഗത്തിന് നേരെ ബജ്‌റംഗ്ദള്‍ ആക്രമണം: വസ്തുക്കള്‍ നശിപ്പിക്കുകയും സ്ത്രീകളെ അപമാനിക്കുകയും ചെയ്തു

നിഷാന. വി.വി

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബര്‍ധമാന്‍ ജില്ലയില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ യോഗത്തിന് നേരെ ബജ്‌റംഗ്ദള്‍, ബി.ജെ.പി ആക്രമണം. നെരോദിഗിതി പ്രദേശത്തെ ലോക് ഗോപാല്‍ ഭവനില്‍ പ്രാര്‍ത്ഥന നടക്കുന്നതിനിടെ സംഘാടകര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് ഹിന്ദുത്വ പ്രവര്‍ത്തകര്‍ വേദിയിലേക്ക് അതിക്രമിച്ച് കടന്നത്.

വിശ്വാസികളെ ആക്രമിക്കുകയും ഇലക്ടോണിക് ഉപകരണങ്ങളും മറ്റ് വസ്തുക്കളും കേടുപാടുകള്‍ വരുത്തുകയും മോഷ്ടിച്ച് കൊണ്ട്‌പോവുകയും ചെയ്തതായും ആരോപണമുണ്ട്. ജയ്ശ്രീറാം മുദ്രാവാക്യങ്ങളുമായി വേദിയിലേക്ക് കടന്ന് വന്ന സംഘം നിരവധി പേരെ ആക്രമിക്കുകയും സ്ത്രീകളെ നിര്‍ബന്ധിച്ച് ചെവിയില്‍ പിടിച്ച് സിറ്റ്-അപ്പുകള്‍ നടത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി വിശ്വാസികള്‍ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. വിശ്വാസികള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ ബി.ജെ.പിയും ബജ്‌റംഗ്ദളും ആരോപണങ്ങള്‍ നിഷേധിക്കുകയായിരുന്നു. മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിക്കാനാണ് തങ്ങള്‍ അവിടേക്ക് പോയതെന്നാണ് ഇവരുടെ വാദം.

വിദേശ സ്‌ത്രോതസുകളില്‍ നിന്ന് സംഘാടകര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നും മതപരിവര്‍ത്തനത്തില്‍ പങ്കാളികളാണെന്നും ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ ആരോപിച്ചു. സനാതന ഹിന്ദു മതത്തില്‍ നിന്ന് വ്യക്തികളെ മതം മാറ്റുന്നതിനായി ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകളുടെ മറവില്‍ സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്തുകൊണ്ട് സംഘാടകര്‍ ദരിദ്രരായ താമസക്കാരെ ചൂഷണം ചെയ്യുകയാണെന്ന് ബജ്റംഗ്ദള്‍ അംഗം ഇന്ദ്രനില്‍ സായ് പറഞ്ഞു.

എന്നാല്‍ ഇത്തരം സംഭവങ്ങളെ പിന്തുണക്കുന്നില്ലെന്നായിരുന്നു ബി.ജെ.പി ജില്ലാ വക്താവ് ശാന്തരൂപ് ദേയുടെ പ്രതികരണം. ആര്‍ക്കും നിയമം കൈയിലെടുക്കാന്‍ കഴിയില്ലെന്നും ഒരു മതകേന്ദ്രത്തില്‍ പ്രവേശിച്ച് ഭക്തരെ ആക്രമിക്കുന്നത് അനുവദിക്കില്ലെന്നും ശാന്തരൂപ് പറഞ്ഞു.

Content Highlight: Bajrang Dal attacks Christian prayer meeting in Bengal: Property destroyed and women humiliated.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more