| Sunday, 6th September 2026, 8:07 am

ക്ഷേത്രത്തിന് സമീപം മുട്ട വില്‍ക്കുന്ന കടപോലും പാടില്ല; മുസ്‌ലിം വയോധികനെ ഭീഷണിപ്പെടുത്തി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍

നിഷാന. വി.വി

ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്റോറില്‍ ഗണേഷം പന്തലിന് സമീപത്തുള്ള മുസ് ലിം ഉടമസ്ഥതയിലുള്ള മാംസകടയ്‌ക്കെതിര ഭീഷണിയുമായി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍. മൂന്ന് ദിവസത്തിനകം കടയടച്ചില്ലെങ്കില്‍ തങ്ങള്‍ നേരിട്ട് അടപ്പിക്കുമന്നാണ് ഭീഷണി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്.

പ്രായമായ കടയുടമ, ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒഴിയുന്നത് തനിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ അത് കേള്‍ക്കാന്‍ തയ്യാറായില്ല. ക്ഷേത്രത്തിന്റെയും ഗണേശ പന്തലിന്റെയും 50 മീറ്റര്‍ ചുറ്റളവിലാണ് മാംസക്കട പ്രവര്‍ത്തിക്കുന്നതെന്നും ഇത്തരം സ്ഥാപനങ്ങള്‍ ഇവിടെ അനുവദിക്കില്ലെന്നുമാണ് ഇവരുടെ വാദം.

‘നിങ്ങള്‍ക്ക് മൂന്ന് ദിവസത്തെ സമയം തരും മുട്ട പോലും വില്‍ക്കാന്‍ അനുവദിക്കില്ല. നിങ്ങള്‍ ഒഴിഞ്ഞ് പോയില്ലെങ്കില്‍ ഞങ്ങള്‍ തന്നെ നടപടി സ്വീകരിക്കും,’ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പറയുന്നതായി വീഡിയോയില്‍ കാണാം. ഭരണകൂടം ഇടപെട്ട് നടപടിയെടുത്തില്ലെങ്കില്‍ കട തങ്ങള്‍ സ്വയം ഒഴിപ്പിക്കുമെന്നും ഇതിനെക്കുറിച്ച് പ്രാദേശിക ഭരണകൂടത്തിന് വിവരം നല്‍കിയിട്ടുണ്ടെന്നും ബജ്‌റംഗ് ദള്‍ ഭാരവാഹികള്‍ പറഞ്ഞു.

ക്ഷേത്രത്തിന് സമീപം മുട്ട വില്‍ക്കുന്ന കടപോലും ഉണ്ടാവാന്‍ പാടില്ല. പിന്നെയാണോ ചിക്കനും മട്ടനും എന്ന് ഹിന്ദുപ്രവര്‍ത്തകര്‍ ചോദിക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം.

എന്നാല്‍ സംഭവത്തില്‍ പൊലീസ് ഇത് വരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഉത്സവ സീസണില്‍ ഇത്തരത്തിലുള്ള ഭീഷണികള്‍ ഉയരുന്നത് പ്രദേശത്ത് വലിയ ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്. ഇത്തരം ഭീഷണികള്‍ സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുമെന്ന ആശങ്കയും ശക്തമാണ്.

Content Highlight: Bajrang Dal activists threatened an elderly Muslim man, insisting that not even a shop selling eggs should exist near the temple.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more